'ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയിലില്‍ കിടന്നവര്‍ക്കും സീറ്റിന് വേണ്ടി പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരം'; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വി.പി ദുൽഖിഫിൽ
സമരത്തിൽ പങ്കെടുക്കാതെ സംഘടനാപ്രവർത്തനം നടത്താതെ മറ്റു പല താൽപര്യത്തിന്റെയും പേരിൽ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ കെട്ടിവയ്ക്കേണ്ടെന്നും വി.പി ദുൽഖിഫിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുൽഖിഫിൽ. ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയിൽവാസം അനുഷ്ഠിച്ചവർക്കും സീറ്റിന് വേണ്ടി പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണെന്നും വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ചു സ്ഥാനാർഥിത്വം കൊടുക്കാൻ ശ്രമിക്കുന്നെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
'തനി ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോൺഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാർട്ടിയുടെ ശാപം.ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് ഒരു മടിയുമില്ല.തങ്ങളുടെ കൂടെ നിൽക്കുന്നവരാണെങ്കിൽ എന്തു തോന്നിവാസം ചെയ്താലും ഞങ്ങൾ സീറ്റു കൊടുക്കും, മുഖത്തുനോക്കി അഭിപ്രായങ്ങൾ പറഞ്ഞാൽ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും. പ്രവർത്തകന്റെ വികാരത്തിന് അനുസരിച്ച് നിൽക്കുമ്പോൾ അതു പക്വതയില്ലാത്ത പെരുമാറ്റം ആണെന്ന് വിമർശിക്കുന്ന നേതൃത്വം വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാർഥിയാക്കിയപ്പോൾ എന്ത് പക്വതയാണ് കാണിച്ചത്?
സ്കൂൾ തെരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകർ ഇതിനേക്കാൾ ജാഗ്രത കാണിക്കും. അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല ഇതിനെതിരെ പോരാടാൻ തന്നെയാണ് തീരുമാനം. സമരത്തിൽ പങ്കെടുക്കാതെ സംഘടനാപ്രവർത്തനം നടത്താതെ മറ്റു പല താൽപര്യത്തിന്റെയും പേരിൽ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ കെട്ടിവയ്ക്കേണ്ട.അത് അനുവദിക്കാനും വയ്യ'. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയുമെന്നും ദുല്‍ഖിഫില്‍ വ്യക്തമാക്കി.
ദുല്‍ഖിഫിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
തനി ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോൺഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാർട്ടിയുടെ ശാപം.അവർക്ക് ജയിൽവാസം ഒരു വിഡ്ഢിത്തരം ആണ്,ഉപവാസത്തോടു പുച്ഛവും. ഇവർ ഗാന്ധിയുടെയും നെഹ്റുവിന്റെയും പാർട്ടിയിൽ ആണല്ലോ പ്രവർത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ഭയമാണ് തോന്നുന്നത്.വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ചു സ്ഥാനാർത്ഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു. തോൽക്കും എന്ന് ഉറപ്പുള്ള കേസിൽ കോടതിയിൽ പോയി വാദിക്കുന്നു..
ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയിൽവാസം അനുഷ്ഠിച്ചവർക്കും വിജയ സാധ്യത കുറവുള്ള സീറ്റിൽ പോലും അതിനേക്കാൾ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് ഒരു മടിയുമില്ല.തങ്ങളുടെ കൂടെ നിൽക്കുന്നവരാണെങ്കിൽ എന്തു തോന്നിവാസം ചെയ്താലും ഞങ്ങൾ സീറ്റു കൊടുക്കും,മുഖത്തുനോക്കി അഭിപ്രായങ്ങൾ പറഞ്ഞാൽ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും.പ്രവർത്തകന്റെ വികാരത്തിന് അനുസരിച്ച് നിൽക്കുമ്പോൾ അതു പക്വതയില്ലാത്ത പെരുമാറ്റം ആണെന്ന് വിമർശിക്കുന്ന നേതൃത്വം വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാർത്ഥിയാക്കിയപ്പോൾ എന്ത് പക്വതയാണ് കാണിച്ചത്?സ്കൂൾ തെരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകർ ഇതിനേക്കാൾ ജാഗ്രത കാണിക്കും, അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല ഇതിനെതിരെ പോരാടാൻ തന്നെയാണ് തീരുമാനം.അടികൊണ്ട എണ്ണവും ജയിലിൽ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാൽ അഞ്ചു ശതമാനം സീറ്റുപോലും കൊടുക്കാൻ നേതൃത്വം തയ്യാറായില്ല .ആ കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ്, സമരത്തിൽ പങ്കെടുക്കാതെ സംഘടാപ്രവർത്തനം നടത്താതെ മറ്റു പല താൽപര്യത്തിന്റെയും പേരിൽ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ കെട്ടിവയ്ക്കേണ്ട.അത് അനുവദിക്കാനും വയ്യ. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയും......'