Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ പൊതുദർശനം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ. രാത്രി വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. ഉച്ചക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധൻ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കാരിക്കും.
എകെജി സെൻ്റിൽ പാർട്ടി കൊടി താഴ്ത്തി കരിങ്കൊടി കെട്ടി. എകെജി പഠന ഗവേഷണ കേന്ദ്രത്തിലും ഡൽഹി എകെജി ഭവനിലും കൊടി താഴ്ത്തി കരിങ്കൊടി കെട്ടി. ഇന്ന് 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്. മെഡിക്കൽ ബോർഡാണ് മരണം സ്ഥിരീകരിച്ചത്.
102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.
നായനാര്‍ക്കുശേഷമുള്ള കഴിഞ്ഞ 20 വര്‍ഷത്തോളം കേരളത്തില്‍ ഇടതിന്‍റെ താര പ്രചാരകന്‍ ആരെന്നതിന്‍റെ ഒറ്റയുത്തരമായിരുന്നു വിഎസ്. ഇടതിന്‍റെ ക്രൗഡ് പുള്ളര്‍. വി.എസിന്റെ വാക്കുകള്‍ ജനം സംഗീതംപോലെ ആസ്വദിച്ച ഒരു കാലമാണ് കഴിഞ്ഞു പോയത്. അച്ചടക്ക നടപടിയില്‍ പാര്‍ട്ടി വിട്ടു പോകുന്നവര്‍ ധാരാളമുള്ളിടത്താണ് വി.എസ് എന്ന കമ്യൂണിസ്റ്റ് ഒറ്റയാനായത്. താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത പാര്‍ട്ടിയില്ലാതെ തനിക്ക് എന്തു ജീവിതമെന്നായിരുന്നു അച്ചടക്ക നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് വി.എസിന്‍റെ മറുപടി.