'വി.എസിനേക്കുറിച്ച് അന്ന് നിങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നോ? നികേഷ് കുമാറും വീണയും വ്യക്തത വരുത്തണം': ഇന്ത്യാവിഷന്റെ പഴയ വാര്‍ത്ത ഉയര്‍ത്തി വി.ടി ബല്‍റാം
'വി.എസ് ഒറ്റുകാരന്‍, സമാന്തര പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചു. കാപിറ്റൽ പണിഷ്‌മെന്റാണ് വേണ്ടതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് പറഞ്ഞു'- എന്നാണ് ഇന്ത്യാവിഷന്‍ വാര്‍ത്ത
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരെ സിപിഎം സമ്മേളനത്തിൽ രൂക്ഷവിമർശനമുണ്ടായതായുള്ള 2012ലെ ഇന്ത്യാവിഷൻ വാർത്ത ഉയർത്തി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.
അന്ന് ആ ചാനലിന്റെ ഭാഗമായിരുന്ന മന്ത്രി വീണാജോർജും എം.വി നികേഷ് കുമാറും വിഷയത്തിൽ വ്യക്തത വരുത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബൽറാം ആവശ്യപ്പെട്ടു.
'വി.എസ് ഒറ്റുകാരനാണെന്നും സമാന്തര പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചെന്ന് പ്രതിനിധികൾ ആരോപിച്ചു. വി.എസിന് കാപിറ്റൽ പണിഷ്‌മെന്റാണ് വേണ്ടതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് പറഞ്ഞു. വി.എസിന് പിന്തുണയുമായി വയനാട്ടിൽ നിന്ന് പി.കൃഷ്ണപ്രസാദ് സംസാരിച്ചു'- എന്നാണ് ഇന്ത്യാവിഷൻ വാർത്തയിൽ കൊടുത്തിരിക്കുന്നത്.
അന്ന് ഇന്ത്യാവിഷൻ വാർത്താ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്ന എം.വി. നികേഷ്കുമാർ, വീണ ജോർജ് എന്നിവർ ഇപ്പോഴെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. സഖാവ് വി.എസിനേക്കുറിച്ച് അന്ന് നിങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നോ?- വി.ടി ബല്‍റാം ചോദിച്ചു.