Writer - അൻഫസ് കൊണ്ടോട്ടി
anfas123
പാലക്കാട്: മണിക്കൂറുകള്‍ നീണ്ടുനിന്ന ആള്‍ക്കൂട്ട വിചാരണക്ക് പിന്നാലെ മൃഗീയമായ പീഡനങ്ങള്‍ നേരിട്ടാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ കൊല്ലപ്പെട്ടതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. പരിക്കില്ലാത്ത സ്ഥലം ശരീരത്തിലുണ്ടായിരുന്നില്ല. ദേഹമാസകലം രക്തസ്രാവമുണ്ടായിരുന്നു. വാരിയെല്ല് ഒടിഞ്ഞുണ്ടായ രക്തസ്രാവം കാരണമാണ് ഗുരുതരാവസ്ഥയിലായിരുന്ന രാംനാരായണന്റെ മരണം വേഗത്തിലാക്കിയത്.
കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും രാംനാരായണനെതിരെ നടന്നത് കാടത്തമാണെന്നും പൊലീസ് സര്‍ജന്‍ വിലയിരുത്തി. അതിഥി തൊഴിലാളികളോട് ഒരിക്കലും ഇത്തരത്തില്‍ പെരുമാറരുതെന്നും പൊതുസമൂഹത്തിന് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം വേണമെന്നും പൊലീസ് സര്‍ജന്‍ മീഡിയവണിനോട് പ്രതികരിച്ചു. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിലും ഡോക്ടര്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ റിമാന്‍ഡിലാണ്. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരാണ് റിമാന്‍ഡിലായത്. ഇവരില്‍ നാലുപേര്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇതില്‍ മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുമ്പ് ഡിവൈഎഫ്ഐ വിനോദ്, സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫന്‍ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്.
സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികള്‍ നിലവില്‍ ഹൈക്കോടതിയില്‍ നടന്നുവരികയാണ്. അതേസമയം, കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ള മറ്റുള്ളവരുടെ അറസ്റ്റായിരിക്കും ഇന്നുണ്ടാവുക.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബം?ഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
ചെറിയ മാനസിക പ്രശ്നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.