Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി സ്വീകരിച്ചത് വര്‍ഗീയതയാണെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഇത്തരം അഭിപ്രായങ്ങള്‍ക്കൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് യോജിപ്പില്ല. ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടുമായി തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുമെന്നും എല്‍ഡിഎഫ് മുന്നണിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പാരഡി പാട്ടില്‍ പാര്‍ട്ടി നിലപാടെടുത്തിട്ടില്ലെന്നും കേസെടുത്തിരിക്കുന്നത് നിയമപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
''കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയതിന് ശേഷമുള്ള കാര്യങ്ങളറിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. പാരഡി പാട്ടില്‍ പാര്‍ട്ടി പരിശോധന നടത്തുകയോ നിലപാടെടുക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് നിയമപരമായ കാര്യങ്ങളാണ്. ആ നിയമപരമായ നടപടികള്‍ ശരിയോ തെറ്റോയെന്ന് മനസ്സിലാക്കാനുള്ള അവസരമുണ്ട്.'
തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭയുടെ അതൃപ്തിയുമായി ബന്ധപ്പെട്ട സിബിസിഐയുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തോട് നോ കമന്റ്‌സ് എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. ആ യാഥാര്‍ത്ഥ്യം തങ്ങള്‍ അംഗീകരിക്കുന്നു. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തില്‍ തുടര്‍ന്നും മുന്നോട്ടുപോകും. ജനുവരി ആദ്യവാരം എല്‍ഡിഎഫ് യോഗം ചേര്‍ന്ന് പരാജയകാരണം വിലയിരുത്തും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.