'എം.എം മണീ... കെ. കെ. രമയെ നിങ്ങൾ വിധവയാക്കിയതാണ്'; വിവാദത്തിൽ പ്രതികരിച്ച് വെൽഫയർ പാർട്ടി

വെടിവെച്ചും കുത്തിയും തല്ലിയും അനവധി പേരെ കൊന്നു തള്ളിയ സിപിഎം എത്ര പേരെയാണ് വിധവകളാക്കിയതെന്നു വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി

Update: 2022-07-16 03:55 GMT
Advertising

കെ.കെ രമ എംഎൽഎ വിധവയായത് അവരുടെ വിധിയാണെന്ന മുൻ മന്ത്രി എം.എം മണിയുടെ പ്രസ്താവനക്കെതിരെ വെൽഫയർ പാർട്ടി. ടി.പി. ചന്ദ്രശേഖരനെന്ന അവരുടെ സഖാവിനെ കൊല്ലാനുള്ള വിധി സിപിഎം എന്ന നിങ്ങളുടെ പാർട്ടിയുടെതായിരുന്നുവെന്നും വെടിവെച്ചും കുത്തിയും തല്ലിയും അനവധി പേരെ കൊന്നു തള്ളിയ നിങ്ങൾ എത്ര പേരെയാണ് വിധവകളാക്കിയതെന്നും വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടും ആ വൈധവ്യത്തെ പരിഹസിക്കുന്ന മനുഷ്യത്വമില്ലായ്മക്കാണ് ഇന്ന് കേരള നിയമസഭ സാക്ഷിയായതെന്നും നിങ്ങളും പാർട്ടിയും നേടിയെടുത്ത പദവികളിലും കസേരകളിലും ഒരുപാട് മനുഷ്യരുടെ ചോരപ്പാടുകളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആ കൊടുംക്രൂരതകളിൽ തരിമ്പും മനസാക്ഷിക്കുത്തില്ലാത്തത് കൊണ്ടാണ് മുറിവേറ്റ മനുഷ്യരുടെ ആത്മാഭിമാനത്തെ ഇപ്പോഴും നിങ്ങൾ ചവിട്ടിത്തേക്കാൻ ശ്രമിക്കുന്നത്. സങ്കുചിത കക്ഷി രാഷ്ട്രീയ ഭ്രാന്ത് ബാധിച്ച് നിങ്ങൾ നടത്തിയ അരുംകൊലകൾക്ക് ഒരു നാൾ ഉത്തരം പറയേണ്ടി വരും - കുറിപ്പിൽ പറഞ്ഞു.

സ്ത്രീ വിരുദ്ധത നിങ്ങളുടെ സഹജഭാവമാണെന്നും രാജ്യം ശ്രദ്ധിച്ച പെമ്പിള ഒരുമൈ സമരത്തെ അപഹസിക്കാൻ നിങ്ങൾ ഉപയോഗിച്ച വാക്കുകൾ കേരളം മറന്നിട്ടില്ലെന്നും വെൽഫയർ പാർട്ടി സെക്രട്ടറി പറഞ്ഞു. അതിനെയും ആഘോഷിച്ച് കൈക്കൊട്ടി നിങ്ങളെ പ്രോൽസാഹിപ്പിച്ചവർ ഉണ്ടെന്നും നിയമസഭയിൽ എതിരാളികളെ എന്തും പറഞ്ഞ് അപഹസിക്കാനുള്ള നിങ്ങളുടെ ഉളുപ്പില്ലായ്മ അധിക യോഗ്യതയായി കാണുന്നത് എന്ത് തരം പ്രബുദ്ധതയാണെന്ന് മനസ്സിലാകുന്നില്ലെന്നും പോസ്റ്റിൽ പറഞ്ഞു.

മറ്റുള്ളവരുടെ സ്ത്രീ വിരുദ്ധത സൂക്ഷ്മ ദർശനി വെച്ച് കണ്ടുപിടിച്ച് അതിനെ പ്രശ്‌നവത്ക്കരിക്കുന്ന ചില മനുഷ്യർ സിപിഎം നേതാക്കളെയും അവരുടെ അപര അവഹേളനങ്ങളെയും കവചമൊരുക്കി സംരക്ഷിക്കുമെന്നും അത്തരം പോരാളികളാണ് മണിയെ പോലെയുള്ളവർക്ക് ആരെയും എന്തും പറയാൻ ഒത്താശ ചെയ്യുന്നതെന്നും കെ.എ ഷഫീഖ് ചൂണ്ടിക്കാട്ടി.

കൊന്നിട്ടും അരിശം തീരാതെ വീണ്ടും വീണ്ടും ചന്ദ്രശേഖരനെ കൊല്ലുന്ന, കെ.കെ.രമയെ അധിക്ഷേപിക്കുന്ന എളമരം കരീമുമാരാൽ ഉത്തേജിതരായ കേരള സിപിഎമ്മിന് മറ്റു മനുഷ്യരുടെ വേദന മനസ്സിലാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യെന്നും ഇത്തരം വാക്ക് കൊലകളെ കക്ഷി രാഷ്ട്രീയത്തിനപ്പുറം തുറന്നെതിർക്കാൻ നീതി ബോധമുള്ളവർ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. എംഎം മണിയെ നിയമസഭ ശാസിക്കണമെന്നും ആ വേദിയിൽ തന്നെ മണി മാപ്പു പറയുകയും വേണമെന്നും ആവശ്യപ്പെട്ടു.


Full View



Welfare Party against former Minister MM Mani's statement that KK Rama MLA's widowhood was her fate

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News