മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നാണ്,മുകേഷിന് എന്താണ് പ്രത്യേകത: കെ.മുരളീധരൻ
രാഹുലിനെ കോൺഗ്രസ് തിരിച്ചെടുക്കുന്നില്ലെന്നും സ്വർണം കട്ട കള്ളന്മാർ ഞങ്ങളെ മര്യാദ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും കെ.മുരളീധരൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുള്ള വീക്ഷണം മുഖപ്രസംഗത്തിനെതിരെ കെ.മുരളീധരൻ. പത്രത്തിന് അതിന്റേതായ സ്വാതന്ത്ര്യമുണ്ടെങ്കിലും പാർട്ടിയുടെ നയത്തിന് എതിരായി എഴുതരുത്. മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നാണെന്നും നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോൺഗ്രസ് തിരിച്ചെടുക്കുന്നില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.
മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നാണ്. മുകേഷിന് എന്താണ് പ്രത്യേകത? സ്ത്രീകൾക്ക് നേരെ ആര് അതിക്രമം നടത്തിയാലും അത് തെറ്റാണെന്നും മുകേഷായാലും മാങ്കൂട്ടമായാലും ഒരേ നിലപാടാണെന്നുമാണ് മുരളീധരൻ പറഞ്ഞത്. പാർട്ടി നേരത്തേ തന്നെ നടപടിയെടുത്തതാണെന്നും സ്വർണം കട്ട കള്ളന്മാർ ഞങ്ങളെ മര്യാദ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
കൂടാതെ, നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ തിരിച്ചെടുക്കില്ലെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്. രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ പാർട്ടിയോ മുഖപത്രമോ തയാറല്ലെന്നും തിരുത്തേണ്ട സ്ഥലത്ത് പാർട്ടി തിരുത്തുമെന്നും കെ.മുരളീധരൻ പറഞ്ഞു.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറഞ്ഞത് സിപിഐമ്മിനെയും എൽഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരൻ വ്യക്തമാക്കി. ശബരിമലയിലെ സ്വർണക്കൊള്ള മറച്ചുവെക്കാൻ രാഹുൽ വിഷയം ഉയർത്തിക്കാണിച്ചാൽ അതേ രീതിയിൽ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന തലക്കെട്ടോടെയാണ് രാഹുലിനെ ന്യായീകരിച്ച് വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നാണ് കോൺഗ്രസ് മുഖപത്രത്തിൽ പറയുന്നത്. കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന സിപിഐഎം കോൺഗ്രസിന്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുളളി കണ്ട് മൂക്കുപൊത്തുന്നത് പോലെ രാഹുലിനെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ സദാചാര പ്രസംഗം നടത്തുകയാണെന്ന് വീക്ഷണം വിമർശിക്കുന്നുണ്ട്.