പാരഡി ഗാന വിവാദത്തിലെ പ്രസാദ് കുഴിക്കാല ആരാണ് ?
അയ്യപ്പ ഭക്തി ഗാനം വികലമാക്കി പ്രചരിപ്പിച്ചുവെന്നും ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രസാദ് കുഴിക്കാല ഡിജിപിക്ക് പരാതി നൽകിയത്
പ്രസാദ് കുഴിക്കാല Photo-mediaonenews
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പരാജയത്തിനാക്കം കൂട്ടിയ 'പോറ്റിയെ കേറ്റിയേ' ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയ പ്രസാദ് കുഴിക്കാലയുടെ രാഷ്ട്രീയം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
അയ്യപ്പ ഭക്തി ഗാനം വികലമാക്കി പ്രചരിപ്പിച്ചുവെന്നും ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രസാദ് കുഴിക്കാല ഡിജിപിക്ക് പരാതി നൽകിയത്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി കൂടിയായ പ്രസാദ്, തിരുവനന്തപുരത്തെത്തി പൊലീസിൽ മൊഴി നൽകാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ചൊല്ലി വിവാദം ഉയരുന്നത്.
പ്രസാദിന്റെ സഹോദരൻ പ്രകാശ്, കഴിഞ്ഞ തവണ റാന്നി ഗ്രാമപഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് ഇടതുപക്ഷ പിന്തുണയോടെ പ്രസിഡൻ്റായിരുന്നു. ഇത്തവണ സിപിഎം ചിഹ്നത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന് പിന്നാലെ പാരഡി വിവാദം ഉയർന്നതോടെ പ്രസാദ് സിപിഎം പ്രേരണയിലാണ് പരാതി നൽകിയതെന്നാണ് യുഡിഎഫ് അനുകൂലികളുടെ വാദം. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും പാരഡി ഗാനത്തിനെതിരെ പ്രസാദിന്റെ അതേ വിമർശനവുമായി രംഗത്തെത്തിയതോടെ യുഡിഎഫ് ആരോപണം ബലപ്പെട്ടു.
പ്രസാദിന്റെ സംഘ്പരിവാർ ബന്ധവും യുഡിഎഫ് ഉയർത്തിക്കാട്ടുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് സംഘ്പരിവാർ പ്രവർത്തകനായിരുന്ന പ്രസാദ്, പിന്നീട് തിരുവാഭരണ പാത സംരക്ഷണ സമിതിയിൽ ഭിന്നത ഉണ്ടായതിനെ തുടർന്ന് രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. താൻ രാഷ്ട്രീയക്കാരൻ അല്ലെന്നും അയ്യപ്പ ഭക്തനാണെന്നും അയ്യപ്പന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെയാണ് പരാതി നൽകിയതെന്നുമാണ് പ്രസാദിന്റെ വിശദീകരണം.
തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകി അനുകൂല വിധി നേടിയെടുത്ത ആൾ കൂടിയാണ് പ്രസാദ് കുഴിക്കാല. ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹിയായ ഹരിദാസ് അടക്കം പ്രസാദ് കുഴിക്കാലയെ തള്ളി പറഞ്ഞിരുന്നു.