ആരാണ് ആ ഹീറോ..?; അക്കൗണ്ടില്‍ ആകെയുള്ള 2,00,850 രൂപയില്‍ 2 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലടക്കം ഇക്കാര്യം മുഖ്യമന്ത്രി എടുത്ത് പറഞ്ഞു, ഇതോടെ ആരാണ് ആ ഹീറോയെന്ന ആകാംക്ഷയിലാണ് എല്ലാവരും

Update: 2021-04-24 16:08 GMT

വാക്‌സിന്‍ ക്ഷാമത്തെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ് സഹായിക്കുന്നുണ്ട് അതിന്റെ കഥകളാണ് നമുക്ക് ചുറ്റും. അത്തരത്തിലൊരു സംഭവമാണ് കണ്ണൂരിലെ കേരള ബാങ്കില്‍ നടന്നത്. ബാങ്ക് ജിനക്കാരനായ സൗന്ദര്‍ രാജ് സി.പിയാണ് ഫേസ്ബുക്കിലൂടെ സംഭവം പുറംലോകത്തെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലടക്കം ഇക്കാര്യം മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. ഇതോടെ ആരാണ് ആ ഹീറോയെന്ന  ആകാംക്ഷയിലാണ് എല്ലാവരും. എന്നാല്‍ പേര് പോലും ആരും അറിയരുത് എന്നാണ് അയാള്‍ക്ക്.

Advertising
Advertising

ഒരു ബീഡി തൊഴിലാളി കഴിഞ്ഞ ദിവസം ബാങ്കിലെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 200,000 രൂപ നല്‍കണം എന്ന ആവശ്യവുമായി എത്തിയതാണ് അയാള്‍. കണ്ടാല്‍ തീരെ അവശന്‍. ബീഡിത്തൊഴിലാളിയാണ്. ഭിന്നശേഷിക്കാരനാണ്. നോക്കിയപ്പോള്‍ അക്കൗണ്ടില്‍ ആകെയുള്ളത് 2,00,850 രൂപ. ഇത്രയും കാലത്തെ ജീവിതത്തിലെ ആകെ സമ്പാദ്യം. ബാങ്ക് ജീവനക്കാരന് ആകെ ഒരു അങ്കലാപ്പ്. വേണ്ടത്ര ആലോചിക്കാതെയുള്ള തീരുമാനമാണെങ്കിലോ. ഒരു ലക്ഷം ഇപ്പോഴും ബാക്കി പിന്നെയും അയച്ചാല്‍ പോരെ. എന്തെങ്കിലും കാര്യത്തിന് പൈസ ആവശ്യമായി വന്നാലോ. വേണ്ട. തനിക്ക് ഒരു തൊഴിലുണ്ടെന്നും കൂടാതെ ഭിന്നശേഷി പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആഴ്ചയില്‍ 1,000 രൂപ വരെ കിട്ടും. ജീവിക്കാന്‍ അത് ധാരാളം. എനിക്ക് ഇത് ഇന്ന് തന്നെ അയച്ചാലേ ഉറങ്ങാന്‍ കഴിയൂ എന്നായിരുന്നു അയാളുടെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു...200850 രൂപ ഉണ്ടെന്നു പറഞ്ഞു.  " ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം " കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ. "എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. " "മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് "അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ.... ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്. ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും..... അതാണ് ഉറപ്പോടെ പറയുന്നത് ഇത് കേരളമാണ് 

Full View


Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News