പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണം? സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തുവിടും

പൊലീസ് മാന്വലിലെ സല്യൂട്ട് സംബന്ധിച്ചുള്ള വകുപ്പിന്‍റെ ലംഘനം പരിശോധിച്ച് പൊലീസ് മേധാവിക്ക് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ കൈമാറും.

Update: 2021-10-15 02:14 GMT
Advertising

പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിൽ വ്യക്തതവരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. സല്യൂട്ടിൽ പൊലീസ് മാന്വലിന്‍റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാൻ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂര്‍ മേയറുടെ പരാതിയും, ഒല്ലൂര്‍ എസ്ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടിയും വിവാദമായതോടെയാണ് സര്‍ക്കാര്‍ നീക്കം. 

പൊലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി-സുപ്രിം കോടതി- കീഴ്ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ്. മാന്വലിന് വിരുദ്ധമായി പൊലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, സമാന വിവാദങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് മാന്വലിന്‍റെ ലംഘനങ്ങള്‍ തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ തീരുമാനം. 

പൊലീസ് മാന്വലിലെ സല്യൂട്ട് സംബന്ധിച്ചുള്ള വകുപ്പിന്‍റെ ലംഘനം പരിശോധിച്ച് പൊലീസ് മേധാവിക്കാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ കൈമാറുക. ഇതിന് ശേഷം പൊലീസ് മേധാവി സേനയ്ക്കുള്ളില്‍ പ്രത്യേക സര്‍‍ക്കുലര്‍ ഇറക്കും. സുരേഷ് ഗോപി എം.പി ആവശ്യപ്പെട്ടത് പ്രകാരം ഒല്ലൂര്‍ എസ്.ഐ സല്യൂട്ട് നല്‍കിയതില്‍ പൊലീസ് മാന്വല്‍ ലംഘനമുണ്ടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News