സംസ്ഥാനത്ത് പരക്കെ മഴ; ചാലക്കുടിയിലും മലയാറ്റൂരിലും വ്യാപക നഷ്ടം

അടുത്ത മൂന്ന് മണിക്കൂറിലേക്ക് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Update: 2026-10-06 13:05 GMT

തൃശൂര്‍: ചാലക്കുടിയില്‍ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു. സിദ്ധാര്‍ത്ഥ ഹോട്ടലിന് സമീപം മരം വീണ് നിര്‍ത്തിയിട്ടിരുന്ന ബിഎംഡബ്ല്യു കാര്‍ തകര്‍ന്നു. ഇതിനുപുറമെ മരത്തിനടിയില്‍പ്പെട്ട് മറ്റ് രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മരം വീണു.

മലയാറ്റൂരിലും ശക്തമായ മഴ തുടരുകയാണ്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മേഖലയില്‍ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിലവില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

Advertising
Advertising

അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുമാണ് സാധ്യത.

അതേസമയം സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. 0.8 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News