നേതൃമാറ്റ ചർച്ചമുറുകിയത് കോൺഗ്രസിലെ ഗ്രൂപ്പ് ബലാബലം മാറ്റിമറിക്കുമോ?
നേതൃമാറ്റം എങ്ങിനെ നടപ്പാക്കുമെന്ന ആശയക്കുഴപ്പത്തിൽ എഐസിസി
കൊച്ചി: കെപിസിസി പ്രസിഡണ്ട് കെ.സുധാകരനെ മാറ്റാന്‍ എഐസിസി നേതൃത്വം തത്വത്തില്‍ തീരുമാനിച്ചെങ്കിലും അത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. നേതൃമാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപ ദാസ് മുന്‍ഷി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങി. കെ.സുധാകരന് ആരോഗ്യപ്രശ്നങ്ങുണ്ടെന്നും അദ്ദേഹം മാറണമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു. എന്നാല്‍ സുധാകരനെ വിശ്വാസത്തിലെടുത്തുവേണം തീരുമാനം എന്ന നിർദേശം കൂടി അദ്ദേഹം മുന്നോട്ടുവച്ചു. ദീപ ദാസ് മുന്‍ഷിയോട് സംസാരിച്ച നേതാക്കളെല്ലാം സുധാകരന്‍ മാറണമെന്ന നിലപാടാണ് സ്വീകരിച്ചത്. കെ.സുധാകരനെ മാറ്റി പകരക്കാരനെ നിയമിക്കണെമന്ന തീരുമാനം നടപ്പാക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എന്നാൽ ഇത് ഏതുരീതിയിൽ നടപ്പാക്കണെമന്ന കാര്യത്തിൽ നേതൃതലത്തിൽ ആശയക്കുഴപ്പം ശക്തമാണ്.
സംഘടനാ കാര്യങ്ങള്‍ ശരിയാംവിധം നടക്കുന്നില്ലെന്നും നേതൃമാറ്റം വേണമെന്നും ഒരു വർഷമായി വി.ഡി സതീശന്‍ ആവശ്യപ്പെടുന്നുണ്ട്. സതീശനും സുധാകരനുമിടയിലെ അസ്വാരസ്യം പലപ്പോഴും പരസ്യമാകുകയം ചെയ്തിരുന്നു. ഇരുവരും തമ്മിൽ പൂർണമായ ആശയവിനിമയം നടക്കാത്ത സ്ഥിതിയാണിപ്പോൾ. സുധാകരന്‍ മാറുന്ന മുറക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സർവ്വശക്തനാകുമോയെന്ന ആശങ്ക ഒരുവിഭാഗം മുതിർന്ന നേതാക്കൾക്കുണ്ട്. നേതൃമാറ്റത്തോടെ വി.ഡി സതീശൻ സംഘടനയില്‍ അതിശക്തനായി മാറരുതെന്ന മുന്‍കരുതലോടെയാണ് അവർ കൂടിക്കാഴ്ചയിൽ നിലപാട് അറിയിച്ചത്.
അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചർച്ച രമേശ് ചെന്നിത്തല ക്യാംപ് ഉയർത്തിവിട്ടതും ഇതേ ലക്ഷ്യത്തോടെയാണ്. മാരാമണ്‍ കണ്‍വെന്‍ഷനിലെ ബൈബിള്‍ പ്രഭാഷണത്തിന് വി.ഡി സതീശനെ മാർത്തോമ സഭ ക്ഷണിച്ചതോടെയാണ് രമേശ് ചെന്നിത്തല എന്‍എസ്എസ്സിനെ കൂട്ടി നീക്കങ്ങൾ തുടങ്ങിയത്. എന്‍എസ്എസ് പരിപാടിയിലേക്കും തൊട്ടുപിറകെ സമസ്തയുടെ കോളജ് സമ്മേളനത്തിലേക്കും ചെന്നിത്തലക്ക് ലഭിച്ച ക്ഷണം വലിയ രാഷ്ട്രീയ നീക്കമായി വിലയിരുത്തപ്പെട്ടു. എന്നാൽ താക്കോൽ സ്ഥാനം പിടിച്ചു വാങ്ങിയ പഴയ എൻഎസ്എസ് തന്ത്രത്തിന്റെ പുനരാവർത്തനമായി രമേശിന്റെ നീക്കങ്ങൾ മാറിയെന്ന വിമർശനുണ്ടായി. എന്‍എസ്എസിന്റെ പുത്രൻ എന്ന പ്രയോഗം തിരിച്ചടിയായി. ഉടൻ വെള്ളാപ്പള്ളി നടേശന്‍ വിമർശനവുമായി രംഗത്തുവരികയും ചെയ്തു.
സതീശന്‍റെ സ്ട്രാറ്റജി
പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാതെ വന്നതോടെ പ്രാധാന്യം കുറഞ്ഞുപോയ രമേശ് ചെന്നിത്തലക്ക് സംഘടനാ കാര്യങ്ങളില്‍ പഴയ താത്പര്യമില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാകട്ടെ യുവ തലമുറയെ കൂടി ഒപ്പം കൂട്ടി ഒരു ടീം ആയി പ്രവർത്തിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്. തൃക്കാക്കര , പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നിന്ന് നയിച്ചത് വി.ഡി സതീശനാണ്. ചാണ്ടി ഉമ്മന്‍ മത്സരിച്ച പുതുപ്പള്ളിയിലടക്കം ഉപതെരഞ്ഞെടുപ്പുകളിൽ ഫണ്ട് കണ്ടെത്തുന്നതുവരെയുള്ള മുഴുവൻ കാര്യങ്ങളും നേരിട്ട് നിയന്ത്രിച്ച് വിജയിച്ചതോടെ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് എന്ന പ്രതിച്ഛായയും സതീശന് കൈവന്നു. കെപിസിസി പ്രസിഡണ്ടിന്‍റെയും കോണ്‍ഗ്രസിന്‍റെയും ദൗർബല്യങ്ങള്‍ സതീശന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം കോണ്‍ഗ്രസില്‍ വന്ന പ്രധാന മാറ്റം പുനസംഘടനയിലെ ഗ്രൂപ്പ് വീതം വെപ്പ് അവസാനിപ്പിക്കാൻ ശ്രമങ്ങളുണ്ടായിയെന്നതാണ്. കെ.സി വേണുഗോപാലിന്റെ പിന്തുണയും അക്കാര്യത്തില്‍ അദ്ദേഹത്തിനു ലഭിച്ചു. ഇതോടെ സതീശന് സംഘടനയില്‍ വലിയ പ്രാധാന്യം ലഭിച്ചു. പഴയ എ ഗ്രൂപ്പും സതീശനൊപ്പം കൂടി.
കെ.കരുണാകരന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിയ നേതാവ് കൂടിയാണ് വി ഡി സതീശന്‍. സിറോ മലബാർ മുതല്‍ പെന്തക്കോസ്ത് വരെയുള്ള സഭാ നേതൃത്വങ്ങളെല്ലാം സതീശനുമായി നല്ല ബന്ധത്തിലാണ്. സഭാ നേതാക്കളുമായി നിരന്തരം സംവദിക്കാന്‍ സതീശന്‍ സമയം കണ്ടെത്തി. ദൈവശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്‍റെ താത്പര്യവും പഠനവും സഭാ പരിപാടികളില്‍ പ്രാസംഗികനായി ക്ഷണം കിട്ടാനും കാരണമായി. ബൈബിളിനെ അധികരിച്ചുള്ള പ്രസംഗങ്ങള്‍ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വൈകാരികമായി സ്വാധീനമുണ്ടാക്കി. മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നുവരെ ക്ഷണമെത്തി. മാർത്തോമാസഭയിലെ സിപിഎം താത്പര്യമുള്ള ഒരു വിഭാഗം എം.സ്വരാജിനെ കൂടി കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് സതീശന് നല്‍കിയ ക്ഷണം സഭ റദ്ദാക്കിയത്.
ലീഗിന് അപ്പുറം മുസ്‍ലിം സാമൂഹിക ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരിക്കലും ഒരു വിഷയമായിരുന്നില്ല. എന്നാല്‍ സതീശന്‍ ആ രംഗത്ത് പുതിയ പാത വെട്ടിത്തുറന്നു. സമസ്ത, കാന്തപുരം, മുജാഹിദ് വിഭാഗങ്ങൾ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മത സംഘടനകളുമായി നേരിട്ട് ആശയവിനിമയം സ്ഥാപിച്ചു. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായി സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ കോണ്‍ഗ്രസിന്‍റെ രണ്ട് പരിപാടികളില്‍ പങ്കെടുത്തത് ഇതിന്റെ ഫലമാണ്. സിപിഎം സഹയാത്രികനായ കാന്തപുരത്തിന്റെ മകന്‍ അബ്ദുല്‍ ഹകീം അസ്ഹരിയും കോണ്‍ഗ്രസ് വേദിയില്‍ എത്തി.
മലബാറില്‍ 40 ശതമാനം വോട്ടുള്ള മുസ്ലിം സമുദായത്തെ ഒപ്പം നിർത്താതെ കോണ്‍ഗ്രസിന് വിജയിക്കാനാവില്ലെന്ന തിരിച്ചറിവാണ് സതീശന്റെ നീക്കത്തിന് പിന്നില്‍.മലബാറിലെ മതസംഘടനകളടക്കമുള്ളരോടുള്ള നിരന്തര ആശയവിനിമയം നിലനിർത്തുന്നതിന് തന്റെ വിശ്വസ്തനായ കെ.പി നൗഷാദ് അലിയെ സതീശൻ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായ സമയത്ത് മുസ്ലിം ലീഗ് നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടിയെ പോലെ സൂപ്പർ സീനിയറായ ഒരു നേതാവ് സതീശനെ പോലെ ജൂനിയറായ ഒരു നേതാവിന് കീഴില്‍ പ്രവർത്തിക്കുന്നതിലെ തലമുറ പ്രശ്നമായിരുന്നു പ്രധാന തടസം.
കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നീ നേതാക്കളുമായി പിന്നീട് നല്ല ബന്ധം സ്ഥാപിച്ച സതീശന്‍ ആ കടമ്പയും മറികടന്നു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും സതീശനൊപ്പം തന്നെയാണ് ലീഗിന്‍റെ മനസ്സ്. ജാമിഅ സമ്മേളനത്തില്‍ ചെന്നിത്തലക്ക് വേദി കൊടുത്തത് ചർച്ചയായപ്പോള്‍ ദാറുല്‍ ഹുദ സമ്മേളനത്തില്‍ സതീശന് വേദിയൊരുക്കിയത് ലീഗിന്റെ കൂടി ഇടപെടലിന്റെ ഭാഗമായിരുന്നു.അതേസമയം, സതീശൻ ധാർഷ്ട്യക്കാരനാണെന്ന വിമർശനം പാർട്ടിയിൽ ശക്തമാണ്. കോണ്‍ഗ്രസ് പ്രവർത്തകരെ ആകർഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടേയോ അനുയായികളെ സന്തോഷിപ്പിക്കുന്ന രമേശ് ചെന്നിത്തലയുടേയോ ശൈലി സതീശനില്ല. ഇത് പലപ്പോഴും പരാതിയായി മാറുന്നുണ്ട്. സതീശന്‍റെ ഓഫീസ് സാധാരണ പ്രവർത്തകർക്ക് പ്രാപ്യമല്ലെന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലെ ശൂരനാട് രാജശേഖരന്റെ വിമർശനം ഈ പശ്ചാത്തലത്തിലാണ്.
പാപഭാരം ആരേല്‍ക്കും ?
തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തെത്തിയിട്ടും കോൺഗ്രസിന്റെ സംഘടനാ സംവിധാനം ഭദ്രമായിട്ടില്ലെന്ന ആശങ്ക എല്ലാ നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ അത് പരിഹരിക്കാൻ ആരും പൂർണസജ്ജമായി രംഗത്തിറങ്ങുന്നുമില്ല. കെ.സുധാകരനെ മാറ്റണമെന്ന അഭിപ്രായം ഭൂരിഭാഗം നേതാക്കള്‍ക്കുമുണ്ടായിട്ടും അത് നടക്കാത്തതില്‍ സതീശനടക്കം പല നേതാക്കക്കും അമർഷമുണ്ട്. സുധാകരനെ മാറ്റണമെന്ന നിലപാടുണ്ടെങ്കിലും അതിന്റെ പാപഭാരം ഏല്‍ക്കാന്‍ കെ.സി വേണുഗോപാലും തയ്യാറല്ല. സുധാകരനെ കെപിസിസി പ്രസിഡണ്ടാക്കാന്‍ നേരത്തേ പലവട്ടം ചർച്ചകള്‍ നടന്നപ്പോഴും അതിന് തടസം നില്‍ക്കുന്നത് കെ.സി വേണുഗോപാലാണെന്ന ആരോപണം ഉയർന്നിരുന്നു. സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ പലർക്കും വിയോജിപ്പായിരുന്നെങ്കിലും പാപഭാരം കെ.സി യുടെ തലയില്‍ വീണു. സുധാകരനെ മാറ്റുന്ന ഘട്ടത്തിൽ ആ പാപം തന്റെ തലയില്‍ വെക്കേണ്ടെന്ന നിലപാടാണ് കെസി വേണുഗോപാലിന്. അതുകൊണ്ട് കൂടിയാണ് നേതൃമാറ്റ തീരുമാനം അനിശ്ചിതമായി നീളുന്നത്.
നേതൃമാറ്റത്തിലെ അനിശ്ചിതത്വത്തിനിടെ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ സജീവമായി രംഗത്തുവന്ന് കഴിഞ്ഞു. കെ സി വേണുഗോപാലിന്‍റെ വലംകൈയ്യായ എ പി അനില്‍കുമാറാണ് കെ പിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ സതീശനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. മുതിർന്ന നേതാക്കളുടെ മനസ്സറിവില്ലാതെ ഇത്തരമൊരു വിമർശനത്തിന് അനില്‍കുമാർ മുതിരില്ലെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. എതിർചേരികളെ നേരിടാൻ സതീശനും കാര്യമായി ഒരുങ്ങേണ്ടി വരുമെന്നാണ് ഈ സംഭവവികാസങ്ങൾ നൽകുന്ന സൂചന. പുതിയ സാഹചര്യത്തില്‍ ഒരു സതീശന്‍ ഗ്രൂപ്പ് തന്നെ രൂപപ്പെടാനുള്ള സാധ്യതപോലും തള്ളിക്കളയേണ്ടതില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യത നിർണയിക്കുന്നിൽ നേതൃമാറ്റം സുപ്രധാനമായിരിക്കും. പാർട്ടിയെ കരുത്തോടെ നയിക്കുന്ന നേതാവുണ്ടാകേണ്ടത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും അനിവാര്യമാണ്. അതിനാൽ നേതൃമാറ്റമില്ലാതെ കോൺഗ്രസിന് മുന്നോട്ടുപോകുക പ്രയാസകരമാണ്. നേതൃമാറ്റത്തിന് പിറകേ രൂപപ്പെടുന്ന കോണ്‍ഗ്രസിലെ ശാക്തികചേരികളും തെരഞ്ഞെടുപ്പിൽ പ്രധാനമായിമാറും.