വിവാഹിതക്ക് ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

ഭർത്താവിൻറെയും ഭർതൃമാതാവിൻറെയും പീഡനം മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു

Update: 2022-09-28 01:40 GMT
Advertising

കൊച്ചി: വിവാഹിതക്ക് ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. ഭർത്താവിൻറെയും ഭർതൃ മാതാവിൻറെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിക്ക് 21 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയാണ് ജസ്റ്റിസ് വി. ജി അരുണിന്റെ ഉത്തരവ് . ഗർഭാവസ്ഥയിൽ തുടരുന്നത് സ്ത്രീയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിരുന്നു.

ബിരുദ വിദ്യാർഥിയായിരിക്കെ ബസ് കണ്ടക്ടറുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഇയാൾക്കൊപ്പം പോവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. ഭർത്താവും ഭർതൃമാതാവും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങി. ഇതിനിടെ ഗർഭിണിയായതോടെ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ചും ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങി. ഭർത്താവിൽ നിന്ന് ആവശ്യമായ മാനസിക, സാമ്പത്തിക പിന്തുണ ലഭിക്കാതിരിക്കുകയും പീഡനം തുടരുകയും ചെയ്തതോടെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഗർഭഛിദ്രത്തിന് കോട്ടയം മെഡിക്കൽ കോളജിലെ ഫാമിലി പ്ലാനിങ് ക്ലിനിക്കിനെ സമീപിച്ചു.

എന്നാൽ, ഭർത്താവുമായി നിയമപരമായി ബന്ധം വേർപിരിഞ്ഞതിന്റെ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ മടക്കിയയച്ചു. തുടർന്ന് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കാഞ്ഞിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി പരാതി നൽകിയ ശേഷം വീണ്ടും ഡോക്ടർമാരെ സമീപിച്ചെങ്കിലും ഗർഭാവസ്ഥയിൽ 21 ആഴ്ച പിന്നിട്ടുവെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമുള്ള കാരണം പറഞ്ഞ് ഡോക്ടർമാർ ഗർഭഛിദ്രത്തിന് വിസമ്മതിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News