രാഹുലിനെതിരെ തുടക്കം മുതൽ ശക്തമായ നിലപാട് സ്വീകരിച്ച് കോൺഗ്രസിലെ വനിത നേതാക്കൾ
നിലപാടെടുത്തവരൊക്കെ രാഹുൽ അനുകൂലികളുടെ കടുത്ത സൈബർ ആക്രമണത്തിനും ഇരയായി
കോഴിക്കോട്: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന രാഹുൽ മാങ്കൂട്ടത്തലിനെതിരെയുള്ള ലൈംഗികാരോപണങ്ങൾ ശക്തമായ നിലപാടുമായി രംഗത്തുവന്നത് പാർട്ടിയിലെ വനിത നേതാക്കളായിരുന്നു. ആരോപണം ഉയർന്ന സമയത്ത് തന്നെ രാഹുലിനെ പുറത്താക്കണമെന്നാവശ്യവുമായി പാർട്ടിയിലെ വനിത നേതാക്കൾ രംഗത്തു വന്നിരുന്നു.
എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ അവ്യക്തമായി ചർച്ചയായി തുടങ്ങിയപ്പോൾ 'ഹു കെയേഴ്‌സ്' എന്ന രാഹുലിന്റെ തന്നെ വാക്കുകൾ കടമെടുത്ത് കൊണ്ട് ചലച്ചിത്ര താരവും കോൺഗ്രസ് സഹയാത്രികയുമായ റിനി ആൻ ജോർജ് ഇട്ട ഫേസ്ബുക്ക് കുറിപ്പാണ് രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിക്ക് പുറത്ത് എത്തിക്കുന്നതിന്റെ തുടക്കം. റിനി തന്റെ സമൂഹമാധ്യമങ്ങൾ വഴി സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു. പിന്നാലെ മാധ്യമങ്ങളെ കണ്ട റിനി, രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് പലതവണ മോശം സന്ദേശങ്ങൾ അയച്ചുവെന്ന് തുറന്നു പറഞ്ഞു. എന്നാൽ, പരാതി കൊടുക്കാൻ റിനി തയ്യാറായിരുന്നില്ല.
രാഹുൽ മാങ്കൂട്ടത്തലിന്റെ എന്ന പേരിൽ ശബ്ദസന്ദേശം ചാനലുകൾ വഴി പുറത്ത് വന്നതോടെ പാർട്ടിയിലെ വനിത നേതാക്കളിൽ ഭൂരിഭാഗവും രാഹുലിനെതിരെ രംഗത്തുവന്നു. പാർട്ടിയിലെ വനിത നേതാക്കളും ആദ്യം പ്രതികരിച്ച റിനിയും രാഹുൽ അനുകൂലികളുടെ വ്യാപകമായ സമൂഹമാധ്യമ ആക്രമത്തിനും വിധേയരായി. രാഹുൽ മാങ്കൂട്ടത്തലിനെതിരെ പ്രതികരണവുമായി ആദ്യ ഘട്ടത്തിൽ രംഗത്തുവന്ന വനിത നേതാക്കളിൽ ഒരാളായിരുന്നു കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ-കോർഡിനേറ്ററായിരുന്ന താരാ ടോജോ അലക്‌സ്.
'എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകൾ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാം',
എന്ന താരയുടെ ഫേസ്ബുക്ക് കുറിപ്പ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താര നടത്തിയ പ്രതികരണത്തെ വിമർശിച്ചും അപകീർത്തികരവുമായി വിഡിയോ ചെയ്ത മറുനാടൻ മലയാളി യു ട്യൂബ് ചാനൽ ഉടമക്കെതിരെ കേസ് എടുക്കുന്ന സാഹചര്യവും ഉണ്ടായി.
രാഹുലിനെതിരെ ശക്തമായി രംഗത്തുവന്ന മറ്റൊരു വനിത നേതാവായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്‌ന ബി സാജൻ. 'ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പ് സജ്‌ന നൽകി. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും സജന ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും ആവശ്യപ്പെട്ടിരുന്നു. ഒരു നിമിഷം പോലും രാഹുൽ പാർട്ടിയിൽ തുടരുതെന്നും രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഷാനിമോൾ കൂട്ടിച്ചേർത്തു. കുറ്റക്കാരൻ ആരായാലും പുറത്താക്കണമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. നേരത്തെ തന്നെ ഈ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും മറ്റ് പാർട്ടിക്കാരെപോലെ ആരെയും കോൺഗ്രസ് സംരക്ഷിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു. രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമെന്നാണ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്. രാഹുൽ എംഎൽഎ സ്ഥാനമടക്കം രാജിവയ്ക്കണമെന്നാണ് കെകെ രമ എംഎൽഎ ആവശ്യപ്പെട്ടു. രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ് സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് ജെബി മേത്തർ പറഞ്ഞു.
മാങ്കൂട്ടത്തിലിന്റെ ലൈംഗിക ചൂഷണ സ്വഭാവത്തെക്കുറിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്ന സമയത്ത് ഷാഫി പറമ്പിൽ എംപിക്ക് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി കെപിസിസി സംസ്‌കാര സാഹിതി നേതാവ് കൂടിയായ എം.എ ഷഹനാസും വെളിപ്പെടുത്തിയിരുന്നു.