'ഞാൻ സ്മൃതി ഇറാനിയുടെ ആരാധകനല്ല, ഇനിയൊട്ട് ആവുകയുമില്ല. പക്ഷേ ഒരു കാര്യത്തിൽ അവരെ നമിക്കണം'; കോൺഗ്രസ് വേദിയിൽ ടി പത്മനാഭൻ

'ഒരു കൂട്ടർ തീരുമാനിച്ചാൽ കോൺഗ്രസിനെ തോൽപ്പിക്കാനും പാടെ തൂത്തുവാരി മാറ്റാനും കഴിയും. അവർ അതിന് വേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല, കോൺഗ്രസുകാർ തന്നെയാണ്'

Update: 2022-03-13 12:41 GMT

താൻ സ്മൃതി ഇറാനിയുടെ ആരാധകനല്ലെന്നും ഇനിയൊട്ട് ആവുകയുമില്ലെന്നും എന്നാൽ തോറ്റ ശേഷവും അമേഠിയിൽ പോയി വിജയം നേടിയ കാര്യത്തിൽ അവരെ നമിക്കുന്നുവെന്നും സാഹിത്യകാരൻ ടി പത്മനാഭൻ. എറണാകുളം ഡി.സി.സി സംഘടിപ്പിച്ച സബർമതി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു പരാമർശം. ''തോറ്റതിന് ശേഷം നിത്യവും അവർ ആ മണ്ഡലത്തിൽപോയി. എന്നെ തോൽപിച്ചവരല്ലെ ഞാനിനി ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞില്ല. അതിന്റെ ഫലം അഞ്ചുവർഷത്തിനുള്ളിൽ അവർക്ക് കിട്ടി. എന്നിട്ടാണ് ബഹുമാന്യനായ രാഹുൽജി വയനാട്ടിലേക്ക് വരാൻ കാരണമായത്. ഒരു കൂട്ടർ തീരുമാനിച്ചാൽ കോൺഗ്രസിനെ തോൽപ്പിക്കാനും പാടെ തൂത്തുവാരി മാറ്റാനും കഴിയും. അവർ അതിന് വേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല, കോൺഗ്രസുകാർ തന്നെയാണ്. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് വലിയ ദാരുണമാണ്'' ടി പത്മനാഭൻ പറഞ്ഞു.

Advertising
Advertising

1940 മുതൽ താൻ കോൺഗ്രസുകാരനാണ്. ഇത്രയും വർഷത്തെ പരിചയമുള്ളത് കൊണ്ടാണ് ഇത്തരമൊരു വിമർശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിനെതിരെയും വലിയ വിമർശനം അദ്ദേഹം ഉന്നയിച്ചു. റോബേർട്ട് വാദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്തകൾ വന്നിരുന്നു. ഇനി വാദ്ര കൂടി കോൺഗ്രസിലേക്ക് വരേണ്ട കുറവ് മാത്രമേയുള്ളൂ എന്നും പരിഹാസ രൂപേണ പറഞ്ഞു. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വലിയ തോൽവിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ടി. പത്മനാഭന്റെ വിമർശനം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എം ഹസൻ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയ കോൺഗ്രസിലെ പ്രമുഖ നേതാക്കളെയെല്ലാം വേദിയിലിരുത്തിയാണ് അദ്ദേഹം സംസാരിച്ചത്.

Full View

Writer T Padmanabhan says he is not a fan of Smriti Irani but he respect her for her success in amethi after defeat

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News