'പേരുണ്ടാക്കിയ പൊല്ലാപ്പ്‌'; പൊന്നാനിയിൽ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്തു; ജയിലിൽ കിടന്നത് നാല് ദിവസം

വീട്ടുപേരില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് മുഖവിലക്കെടുത്തില്ലെന്ന് അബൂബക്കര്‍ പറയുന്നു

Update: 2024-05-23 12:21 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: പൊന്നാനിയിൽ ആളുമാറി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വെളിയങ്കോട് സ്വദേശി ആലുങ്ങൽ അബൂബക്കർ എന്ന 32 കാരനെയാണ് ആളുമാറി അറസ്റ്റ് ചെയ്തത്. നാല് ദിവസമാണ് ചെയ്യാത്ത കുറ്റത്തിന് അബൂബക്കർ ജയിലിൽ കിടന്നത് .

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആയിഷാബി എന്ന യുവതിയുടെ പരാതിയിലാണ് യുവതിയുടെ ഭർത്താവിന് പകരം ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപ്പുറത്ത് അബൂബക്കർ എന്നയാൾക്കെതിരെയാണ് യുവതി പരാതി നൽകിയത്.എന്നാൽ പൊലീസ് അറസ്റ്റ് ചെയ്തത് അബൂബക്കർ ആലുങ്ങൽ എന്നയാളെയാണ്. എന്നാൽ ഇരുവരുടെയും പിതാവിന്റെ പേരുകൾ ഒരേ പോലെയായതാണ് പൊലീസിനും ആശയക്കുഴപ്പമുണ്ടാകാൻ കാരണം.

ഇതിന് പുറമെ അറസ്റ്റിലായ അബൂബക്കറും ഭാര്യയും തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. തന്റെ ഭാര്യ നൽകിയ പരാതിയാണെന്ന് കരുതി അബൂബക്കർ പൊലീസിനോട് സഹകരിക്കുകയും ചെയ്തു. പൊലീസ് വീട്ടിൽ വന്ന് അബൂബക്കറാണോ എന്ന് ചോദിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിതാവിന്റെ പേര് ഒരുപോലെയാണെങ്കിലും വീട്ടുപേരില്‍ വ്യത്യാസമുണ്ടെന്ന് താൻ പൊലീസിനോട് പറഞ്ഞിരുന്നെന്നും യുവാവ് പറയുന്നു. പൊലീസ് അത് മുഖമിലക്കെടുത്തില്ലെന്നും തിടുക്കപ്പെട്ട് കോടതിയിൽ ഹാജരാക്കുകയും ചെയ്തുവെന്നും അബൂബക്കർ മീഡിയവണിനോട് പറഞ്ഞു.

കോടതി നാല് ലക്ഷം രൂപ പിഴയും ആറുമാസം തടവ് ശിക്ഷയും വിധിച്ചു. തുടർന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. കഴിഞ്ഞ നാലുദിവസം ജയിലിൽ കഴിയുകയും ചെയ്തു. എന്നാൽ സംശയം തോന്നിയ അബൂബക്കറിന്റെ ബന്ധുക്കൾ പൊലീസ് സ്‌റ്റേഷനിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് ആളുമാറിയതാണെന്ന് മനസിലായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News