'ഇന്ത്യൻ റെയിൽവേ ആർഎസ്എസിന്റെ ശാഖയല്ല': വന്ദേഭാരതിൽ കുട്ടികളെക്കൊണ്ട് ​ഗണ​ഗീതം പാടിച്ചതിൽ യൂത്ത് കോൺ​ഗ്രസ് നേതാവ്

'അധികാരം ഏത് നെറികെട്ട വഴിയിലൂടെയും സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഫാഷിസ്റ്റ് രീതിയുടെ അവസാന ഉദാഹരണമാണ് വന്ദേഭാരത് ഉദ്ഘാടന വേദിയിൽ കണ്ടത്'.

Update: 2025-11-08 13:06 GMT

ആലപ്പുഴ: ഇന്ത്യൻ റെയിൽവേ ആർഎസ്എസിന്റെ ശാഖയല്ലെന്നും ദേശീയഗാനം പാടേണ്ട വേദികളിൽ ഗണഗീതം പാടിച്ച് പുതിയൊരു പൊതുബോധ നിർമിതിക്കാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വർക്കിങ് പ്രസി‍‍ഡന്റ് ബിനു ചുള്ളിയിൽ. വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ച സംഭവത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിനു ചുള്ളിയിലിന്റെ വിമർശനം.

ഭരണഘടനാ അസംബ്ലി അംഗീകരിച്ച ഔദ്യോഗിക ദേശീയഗാനവും ദേശീയഗീതവും ഉള്ള രാജ്യമാണ് നമ്മുടേത്. പക്ഷേ എറണാകുളത്തുനിന്ന് ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ റെയിൽവേ അധികൃതർ കുട്ടികളെക്കൊണ്ട് പാടിച്ചത് 'ജനഗണമനയോ' 'വന്ദേമാതരമോ' അല്ലെന്നും ആർഎസ്എസ് ശാഖകളിൽ പാടുന്ന ഗണഗീതമാണെന്നും ബിനു ചുള്ളിയിൽ ചൂണ്ടിക്കാട്ടി. 'അതിനു ശേഷം ആ ഗണഗീതാലാപനം ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്ത് സന്ദേശമാണ് ഇതിലൂടെ റെയിൽവേ എന്ന പൊതുമേഖലാ സ്ഥാപനം രാജ്യത്തിന് നൽകുന്നത്?'- ബിനു ചുള്ളിയിൽ ചോദിച്ചു.

Advertising
Advertising

'ഒരു വർഗീയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പാട്ട് ഒരു പൊതുസംരംഭത്തിൻ്റെ ഉദ്ഘാടന വേളയിൽ ഔദ്യോഗിക ഗാനമാക്കുക, മതരാഷ്ട്രവാദത്തിലൂന്നിയ ആർഎസ്എസ് പ്രത്യയശാസ്ത്രം കുട്ടികളുടെ തലച്ചോറിൽ കുത്തിനിറയ്ക്കാൻ എല്ലാ ഇന്ത്യക്കാരുടെയും നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന റെയിൽവേ പോലെ ഒരു പൊതുമേഖലാ സ്ഥാപനം ശ്രമിക്കുക, ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് ഇന്ന് റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടായത്'- അദ്ദേഹം വ്യക്തമാക്കി.

'‌അധികാരം ഏത് നെറികെട്ട വഴിയിലൂടെയും സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഫാഷിസ്റ്റ് രീതിയുടെ അവസാന ഉദാഹരണമാണ് വന്ദേഭാരത് ഉദ്ഘാടന വേദിയിൽ കണ്ടത്. ദേശീയഗാനം പാടേണ്ട വേദികളിൽ ഗണഗീതം പാടിച്ച് പുതിയൊരു പൊതുബോധ നിർമിതിക്കാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടേയും വളഞ്ഞ വഴിയിലൂടെയുള്ള ഈ രാഷ്ട്രീയ പ്രചാരണത്തിനെതിരെ അതിശക്തമായ ജനരോഷം ഉയരണം'- ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News