സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതി: ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യം
യുവതിക്കെതിരായ വീഡിയോ ഏഴ് ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
Photo| Special Arrangement
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യം. അന്വേഷണം നടത്താനും കേസിന്റെ വിചാരണയ്ക്കുമായി പ്രതി കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. സെഷൻസ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്.
അഞ്ച് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം. ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
അറസ്റ്റ് ചെയ്താൽ, ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കണം. ഇനി പരാതിക്കാരിയെ സംബന്ധിച്ചോ കേസിനെക്കുറിച്ചോ യാതൊരു പരാമർശങ്ങളും നടത്തരുതെന്നും കോടതി നിർദേശമുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കപ്പെടും എന്നും കോടതി അറിയിച്ചു.
തൻ്റെ ഫോട്ടോ സഹിതം വീഡിയോ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല കമൻ്റുകൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.