കോഴിക്കോട്ടെ തട്ടിക്കൊണ്ടുപോകല്‍; പിന്നില്‍ വനിതാ ക്വട്ടേഷന്‍ സംഘമോ?
കേസിലെ ഒന്നാം പ്രതി നിഷ തട്ടികൊണ്ടുപോകപ്പെട്ട സ്ത്രിയുടെ ഭർത്താവ് കുട്ടന്‍റെ കാമുകിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം
കോഴിക്കോട് തിരുവമ്പാടിയില്‍ ജനുവരി 10 ന് ഒരു തട്ടിക്കൊണ്ടുപോകല്‍ നടന്നു. തിരുവമ്പാടി സ്വദേശിയായ സ്ത്രീയെയും രണ്ട് കുട്ടികളെയും ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഭർത്താവിന് അപകടം പറ്റിയെന്ന് വിശ്വസിപ്പിച്ചാണ് കുടുംബത്തെ കൊണ്ടുപോയത്. കോട്ടയത്ത് എത്തിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകലാണെന്ന് തിരിച്ചറിഞ്ഞത്. അവിടെ നിന്ന് രക്ഷപ്പെട്ട് കോഴിക്കോടെത്തിയ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വയനാട്ടില്‍ നിന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായി തിരുവമ്പാടി പൊലീസ് പിടികൂടിയത് കോടഞ്ചേരി ശാന്തി നഗർ സ്വദേശിനി നിഷയെയാണ്. നിഷയെ സഹായിച്ച നെൽസൻ, നിഖിൽ തോമസ് എന്നിവരും പൊലീസ് പിടിയിലായി.
ആരാണ് നിഷ? എന്തിനാണ് തട്ടിക്കൊപോകല്‍?
തട്ടിക്കൊണ്ടുപോകല്‍ കേസിലെ ഒന്നാം പ്രതി നിഷ തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രിയുടെ ഭർത്താവ് കുട്ടന്‍റെ കാമുകിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഏറെനാളായി നിഷക്ക് കുട്ടനുമായി ബന്ധമുണ്ടായിരുന്നു. കുട്ടന്‍ നിഷയെയും വിട്ട് കോട്ടയത്ത് പുതിയ ബന്ധം സ്ഥാപിച്ചെന്ന വിവരം ലഭിച്ചതോടെയാണ് ഭാര്യയെയും കൂട്ടി കോട്ടയത്തേക്ക് പോകാന്‍ നിഷ തീരുമാനിച്ചത്. ഇതിന് തയാറാക്കിയ നാടകമായിരുന്നു ഭർത്താവിന് അപകടം പറ്റിയെന്ന കഥ. കോട്ടയത്തെത്തിയപ്പോഴാണ് ഭാര്യയോട് നിഷ കാര്യങ്ങള്‍ പറയുന്നത്. ഭർത്താവുമായി സംസാരിച്ച സ്ത്രീ ഭർത്താവുമൊത്ത് കോഴിക്കോടേക്ക് മടങ്ങുകയായിരുന്നു.
ആന്‍റിക്ലൈമാക്സ്...
നിഷ ഉദ്ദേശിച്ച രീതിയിലല്ല പിന്നീട് കാര്യങ്ങള്‍ നടന്നത്. നാട്ടിലെത്തിയ കുട്ടനും ഭാര്യയും കുടുംബപ്രശ്നം പരസ്പരം പറഞ്ഞു തീർത്തു. ഇതിന് പിന്നാലെ നിഷക്കെതിരെ തട്ടികൊണ്ടുപോയെന്ന പരാതി നല്‍കാനും തീരുമാനിച്ചു. കേസും നിഷയുടെ അറസ്റ്റും പിന്നാലെ നടന്നു.
കാര്യങ്ങള്‍ അത്ര വെടിപ്പല്ല
നിഷയും കുട്ടനും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും രണ്ടു പേർക്കുമെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. രണ്ടുപേർക്കുമെതിരായ കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിഷയെയും സുഹൃത്തുക്കളും ഇപ്പോള്‍ റിമാന്‍ഡ് പ്രതികളായി കണ്ണൂർ സെന്‍ട്രല്‍ ജയിലിലുണ്ട്.