പാലാരിവട്ടം പാലം തുറന്നത് ആഘോഷമാക്കി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പ്രധാനചര്‍ച്ച വിഷയമാകുമെന്ന് ഉറപ്പിക്കുന്നതായിരുന്നു ഉദ്ഘാടന ദിവസത്തെ കാഴ്ചകള്‍
പാലാരിവട്ടം പാലം തുറന്നത് ആഘോഷമാക്കി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പ്രധാനചര്‍ച്ച വിഷയമാകുമെന്ന് ഉറപ്പിക്കുന്നതായിരുന്നു ഉദ്ഘാടന ദിവസത്തെ കാഴ്ചകള്‍. പാലം വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ ഇ.ശ്രീധരനെ മുന്‍നിര്‍ത്തി ബി.ജെ.പിയും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.
പാലാരിവട്ടത്തിന് ഇപ്പോള്‍ നല്ല ഉറപ്പാണ്, ഉറപ്പാണ് എല്‍.ഡി.എഫ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പാലാരിവട്ടം പാലം എല്‍.ഡി.എഫ് പ്രചരണവിഷയമാക്കുന്നത്. അതുകൊണ്ട് തന്നെ അനൌദ്യോഗിക ഉദ്ഘാടനമാണെങ്കിലും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അത് ആഘോഷമാക്കി. നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അനൌദ്യോഗിക തുടക്കത്തിന് കൂടിയാണ് പാലാരിവട്ടം പാലം തുറന്ന് കൊടുത്തതോടെ ആരംഭിച്ചിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞ് അറസ്റ്റിലായതടക്കം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രചരണം. കേരളമൊട്ടാകെ ചര്‍ച്ചയാകുമെങ്കിലും എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെങ്കിലും ഇത്തവണ പാലം രാഷ്ട്രീയം മുന്നണികളുടെ വോട്ടില്‍ കാര്യമായ ചലനം ഉണ്ടാക്കും. തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശ്ശേരി, എറണാകുളം മണ്ഡലങ്ങളിലാവും പാലാരിവട്ടം നിര്‍ണായകമാവുക. ഉദ്യോഗസ്ഥരെ പഴി ചാരുന്നുണ്ടെങ്കിലും പാലാരിവട്ടത്തെക്കുറിച്ച് മൌനം പാലിക്കുന്ന സമീപനമാണ് യു.ഡി.എഫ് നേതൃത്വം സ്വീകരിക്കുന്നത്.
യു.ഡി.എഫിന് മേല്‍ക്കൈയുള്ള എറണാകുളം ജില്ലയില്‍ പാലാരിവട്ടം തിരിച്ചടിയാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്‍റെ വിലയിരുത്തല്‍. നേരിട്ട് കക്ഷിയല്ലെങ്കിലും ഇ.ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തിയാണ് ബി.ജെ.പി പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അവകാശവാദമുന്നയിക്കുന്നത്. പാലത്തിന്‍റെ നിര്‍മാണ ചുമതലക്ക് നേതൃത്വം നല്‍കിയ ഇ.ശ്രീധരന്‍റെ ബി.ജെ.പി പ്രവേശനം മുന്‍നിര്‍ത്തിയാണ് പ്രചാരണം. പാലത്തിന്‍റെ കാര്യത്തില്‍ നേട്ടമുണ്ടാവുക എല്‍.ഡി.എഫിനാകും എന്ന കാര്യം ഉറപ്പാണ്. കോട്ടം കുറക്കാന്‍ യു.ഡി.എഫിന് എന്ത് ചെയ്യാനാവും എന്നതാണ് നോക്കിക്കാണേണ്ടത്.