കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യവുമായി എറണാകുളത്തെ ലീഗ് നേതാക്കള്‍ പാണക്കാട്
പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റുന്ന രീതി മുസ്‍ലിം ലീഗിനില്ലെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം
കളമശ്ശേരിയിലെ സ്ഥാനാർഥിയെക്കുറിച്ച് പരാതി അറിയിക്കാന്‍ ടി.എ അഹമ്മദ് കബീറിന്‍റെ നേതൃത്വത്തില്‍ എറണാകുളത്തെ ലീഗ് നേതാക്കള്‍ ഹൈദരലി തങ്ങളെ കണ്ടു. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ അറിയിച്ചു. പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റുന്ന രീതി മുസ്‍ലിം ലീഗിനില്ലെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം പറഞ്ഞു.
കളമശ്ശേരിയിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് എറണാകുളം ജില്ലാ ഭാരവാഹികള്‍ പരസ്യമായി രംഗത്ത് വന്നത്. മണ്ഡലത്തില്‍ വിമതനായി മത്സരിക്കുമെന്ന സൂചന ടി. എ അഹമ്മദ് കബീറും നല്‍കി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് നേതാക്കള്‍ പാണക്കാടെത്തിയത്. ഹൈദരലി ശിഹാബ് തങ്ങളോട് പരാതികളും ആവശ്യവും പറഞ്ഞുവെന്നും പ്രശ്ന പരിഹാരമുടന്‍ ഉണ്ടാകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ പറഞ്ഞു.
പ്രശ്ന പരിഹാരമായി പി വി അബ്ദുല്‍ വഹാബിന് പകരം ടി.എ അഹമ്മദ് കബീറിനെ രാജ്യസഭാ പ്രതിനിധിയാക്കണമെന്ന് നേതാക്കള്‍ സംസ്ഥാന അധ്യക്ഷനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. അതേ സമയം പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന രീതി മുസ്‍ലിം ലീഗിലില്ലെന്നും ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
മുസ്‍ലിം ലീഗ് പ്രവര്‍ത്തകരാരും വിമത സ്ഥാനാര്‍ത്ഥികളാകില്ലെന്നും തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കി.