10 മിനിറ്റ് തിരഞ്ഞിട്ടും കിട്ടിയില്ല; ChatGPT കണ്ടെത്തിയത് 5 മിനിറ്റിൽ! സംഭവം വൈറൽ
മറ്റൊരു വഴിയുമില്ലാതെ വന്നതോടെയാണ് ഉപയോക്താവ് തിരച്ചിൽ നടത്തിയ സ്ഥലത്തിന്റെ ചിത്രം ChatGPTയിൽ അപ്‌ലോഡ് ചെയ്തത്.
നിത്യജീവിതത്തിൽ പലപ്പോഴും കാണാതാകുന്ന ഉപകരണങ്ങളിലൊന്നാണ് ഇയർബഡുകൾ. മൊബൈൽ ഫോണുമായി കണക്ട് ചെയ്ത് കണ്ടെത്താൻ ശ്രമിച്ചാലും നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടുക എളുപ്പമല്ല. അപ്പോൾ വെള്ള നിറത്തിലുള്ള ഇയർബഡ് വെള്ള കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ടാലുള്ള അവസ്ഥയോ? തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നാൽ നിരാശ ഇരട്ടിയാകും.
ഇത്തരത്തിൽ വെള്ള കല്ലുകൾക്കിടയിൽ കാണാതായ ഇയർബഡ് 10 മിനിറ്റോളം തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നതോടെയാണ് യുവാവ് ChatGPTയുടെ സഹായം തേടിയത്. നഷ്ടപ്പെട്ട സ്ഥലത്തിന്റെ ചിത്രം അപ്‌ലോഡ് ചെയ്തതോടെ അഞ്ച് മിനിറ്റിനുള്ളിൽ ഇയർബഡ് കണ്ടെത്താൻ ChatGPT സഹായിച്ചെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. തനിക്കുണ്ടായ ഈ അനുഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയായിരുന്നു.
ചെറിയൊരു വസ്തു നഷ്ടപ്പെട്ടാൽ പോലും അത് കണ്ടെത്താൻ ഏറെ സമയം ചെലവഴിക്കേണ്ടിവരാറുണ്ട്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നഷ്ടപ്പെട്ട ബോസ് വയർലെസ് ഇയർബഡ് കണ്ടെത്തിയ അനുഭവം AIയുടെ പ്രായോഗിക ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
ഹൂഡിയിൽനിന്ന് ഊർന്നുവീണ ബോസ് വയർലെസ് ഇയർബഡ് വെള്ള കല്ലുകൾ നിറഞ്ഞ സ്ഥലത്താണ് നഷ്ടപ്പെട്ടതെന്ന് റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചു. ഏകദേശം 10 മിനിറ്റോളം നേരിട്ട് തിരഞ്ഞെങ്കിലും ഇയർബഡ് കണ്ടെത്താനായില്ല. ഫോണിൽ നിന്ന് ശബ്ദം പ്ലേ ചെയ്ത് ഇയർബഡ് കണ്ടെത്താമെന്ന സാധാരണ മാർഗവും പ്രയോജനപ്പെട്ടില്ലെന്നാണ് ഉപയോക്താവ് പറയുന്നത്.
മറ്റൊരു വഴിയില്ലാതെ വന്നതോടെയാണ് തിരച്ചിൽ നടത്തിയ സ്ഥലത്തിന്റെ ചിത്രം ChatGPTയിൽ അപ്‌ലോഡ് ചെയ്തത്. ചിത്രത്തിൽ ഇയർബഡ് എവിടെയാണെന്ന് കണ്ടെത്താൻ സഹായിക്കണമെന്നായിരുന്നു ഉപയോക്താവിന്റെ ആവശ്യം.ചിത്രം പരിശോധിച്ച ChatGPT, ഇയർബഡ് കിടന്നിരുന്ന സ്ഥലം തിരിച്ചറിയാൻ സഹായിച്ചതായി ഉപയോക്താവ് പറഞ്ഞു. ചിത്രം അപ്‌ലോഡ് ചെയ്തതുമുതൽ ഇയർബഡ് തിരികെ ലഭിക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും അഞ്ച് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ChatGPTയുടെ സഹായമില്ലായിരുന്നെങ്കിൽ ഇയർബഡ് കണ്ടെത്താൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോസ്റ്റ് ശ്രദ്ധ നേടിയതോടെ AIയുടെ ദൈനംദിന ഉപയോഗസാധ്യതകളെക്കുറിച്ച് റെഡ്ഡിറ്റിൽ ചർച്ചകൾ സജീവമായി. എഴുത്ത്, കോഡിങ്, ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ എന്നിവയ്ക്കപ്പുറം ഇത്തരം ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാനും AI സഹായകരമാകുമെന്നാണ് ചിലരുടെ അഭിപ്രായം.
ചിത്രങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും പ്രത്യേക ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ChatGPTയുടെ കഴിവ് ഈ സാഹചര്യത്തിൽ പ്രയോജനപ്പെട്ടിരിക്കാമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഇയർബഡ് കണ്ടെത്താൻ നൽകിയ നിർദേശം എന്താണെന്ന് മറ്റൊരു ഉപയോക്താവ് ചോദിക്കുകയും ചെയ്തു.AIയുടെ ഉപയോഗത്തെ നിസ്സാരമായി കാണരുതെന്നും ദൈനംദിന ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും ഇത്തരം സാങ്കേതികവിദ്യകൾക്ക് കഴിയുമെന്നും ചിലർ അഭിപ്രായപ്പെട്ടു.