ഒരാഴ്ച കൊണ്ട് 4.5 ലക്ഷം രൂപ വരുമാനം; അനുഭവം പങ്കുവെച്ച് യുവതി

ഈ നേട്ടത്തിനു പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനവും നിരന്തരമായ പരിശ്രമവുമുണ്ടെന്ന് യുവതി

Update: 2026-10-25 10:41 GMT

നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ഏത് തൊഴിൽ മേഖലയിലും മികച്ച വരുമാനം നേടാനാകുമെന്നതിന്റെ ഉദാഹരണമാണ് ഡൽഹിയിലെ മേയ്ക്കപ്പ് ആർട്ടിസ്റ്റായ മൊമിന. ഒരാഴ്ച കൊണ്ട് 4.5 ലക്ഷം രൂപ വരുമാനം നേടിയതിന്റെ കണക്കുകൾ പങ്കുവെച്ചിരിക്കുകയാണ് അവർ. വിവാഹ മേയ്ക്കപ്പും പാർട്ടി മേയ്ക്കപ്പും ഉൾപ്പെടെ ഏഴ് ദിവസത്തിനിടെ ലഭിച്ച അഞ്ച് ബുക്കിങ്ങുകളിലൂടെയാണ് ഇത്രയും തുക നേടിയതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ മൊമിന പറഞ്ഞു.

എന്നാൽ, ഈ നേട്ടത്തിനു പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനവും പ്രതിഫലം വാങ്ങാതെ ചെയ്ത ജോലികളും നിരന്തരമായ പരിശ്രമവുമുണ്ടെന്ന് മൊമിന വ്യക്തമാക്കി.മൊമിനയുടെ ആഴ്ചയിലെ ആദ്യ ബുക്കിങ് മൂന്ന് മേയ്ക്കപ്പ് ലുക്കുകൾക്കായി 63,000 രൂപയുടേതായിരുന്നു. തുടർന്ന് വിവാഹ മേയ്ക്കപ്പിന് 73,000 രൂപ ഈടാക്കി. കസൗലിയിലെത്തി നടത്തിയ ബ്രൈഡൽ മേയ്ക്കപ്പിന് 55,000 രൂപയും ലഭിച്ചു.

Advertising
Advertising

ഡൽഹിയിൽ തിരിച്ചെത്തിയശേഷം ഒരു ക്ലയന്റിനും കുടുംബാംഗങ്ങൾക്കുമായി ഒന്നിലധികം മേയ്ക്കപ്പ് ലുക്കുകൾ ഒരുക്കിയതാണ് ആഴ്ചയിലെ ഏറ്റവും വലിയ ബുക്കിങ്. ഈ ജോലിക്ക് 2.2 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് മൊമിന പറഞ്ഞു. ആഴ്ചയുടെ അവസാനത്തിൽ മറ്റൊരു ബ്രൈഡൽ മേയ്ക്കപ്പിലൂടെ 37,500 രൂപ കൂടി നേടി. ഈ അഞ്ച് ബുക്കിങ്ങുകളിൽ നിന്നുള്ള ആകെ വരുമാനം ഏകദേശം 4.5 ലക്ഷം രൂപയാണ്.

വരുമാനത്തിന്റെ കണക്കുകൾ മാത്രം കണ്ട് തന്റെ നേട്ടത്തെ വിലയിരുത്തരുതെന്നാണ് മൊമിന പറയുന്നത്. പ്രീമിയം ക്ലയന്റുകളെ ലഭിക്കുന്നതിനും തുടർച്ചയായി ബുക്കിങ്ങുകൾ നേടുന്നതിനും പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ടെന്ന് അവർ വ്യക്തമാക്കി.തുടർച്ചയായി പഠിച്ചതും ഓരോ ക്ലയന്റിനും മികച്ച സേവനം നൽകാൻ ശ്രമിച്ചതും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ സഹായിച്ചെന്നും മൊമിന പറഞ്ഞു.

മൊമിനയുടെ വിഡിയോയ്ക്ക് പിന്നാലെ മേയ്ക്കപ്പ് മേഖലയിലെ വരുമാനവും കരിയർ സാധ്യതകളും സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. ചിലർ അവരുടെ നേട്ടത്തെ അഭിനന്ദിച്ചപ്പോൾ, ഉയർന്ന പ്രതിഫലം നൽകാൻ കഴിയുന്ന ക്ലയന്റുകളെ ലഭിക്കുന്നതും വിജയത്തിൽ പ്രധാനമാണെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി.എല്ലാ മേയ്ക്കപ്പ് ആർട്ടിസ്റ്റുകൾക്കും ഇതേ രീതിയിൽ വരുമാനം നേടാൻ കഴിയണമെന്നില്ലെന്നും സാമൂഹിക ബന്ധങ്ങളും ജോലിയുടെ സ്വഭാവവും വരുമാനത്തെ സ്വാധീനിക്കുമെന്നും പ്രതികരണങ്ങളുണ്ടായി.



Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News