റീൽ ചിത്രീകരണത്തിൽ മുഴുകി മാതാപിതാക്കൾ; തിരമാലയിൽപ്പെട്ട കുഞ്ഞിനെ രക്ഷിച്ചത് അപരിചിതൻ!

വിഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് ദമ്പതികളുടെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയത്

Update: 2026-10-20 12:27 GMT

കടൽത്തീരത്ത് സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട കുഞ്ഞിനെ രക്ഷിച്ചത് അപരിചിതൻ. കുഞ്ഞിന്റെ സുരക്ഷയിൽ ശ്രദ്ധിക്കാതെ വിഡിയോ ചിത്രീകരണത്തിൽ മുഴുകിയെന്നാരോപിച്ച് മാതാപിതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ വൈറലായതോടെയാണ് സംഭവം ചർച്ചയായത്.

കടൽത്തീരത്തുകൂടി നടക്കുന്നതിനിടെ യുവതി കുഞ്ഞിന്റെ കൈപിടിച്ചിരുന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞ് കൈവിട്ട് മണലിൽ വീണു. ഇതിനിടെ യുവതി ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുന്നതും സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് വിഡിയോ ചിത്രീകരിച്ചിരുന്ന യുവാവ് അതു തുടരുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരമാലകളിൽപ്പെട്ട് ഉലയുന്ന കുഞ്ഞിനെ ഇരുവരും ശ്രദ്ധിച്ചില്ലെന്നാണ് വിഡിയോയ്ക്കെതിരെ ഉയരുന്ന വിമർശനം.

Advertising
Advertising

കുഞ്ഞ് അപകടത്തിലാണെന്ന് മനസ്സിലാക്കിയ സമീപത്തുണ്ടായിരുന്ന ഒരാൾ ഉടൻ ഓടിയെത്തി. കുഞ്ഞിന്റെ കൈപിടിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് എത്തിച്ച ഇയാൾ സംഭവം അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

മരിയം എന്ന എക്സ് ഉപയോക്താവാണ് വിഡിയോ പങ്കുവെച്ചത്. ഭർത്താവിനൊപ്പം കടൽത്തീരത്തെത്തിയപ്പോൾ കണ്ട സംഭവമാണിതെന്ന് മരിയം കുറിച്ചു. റീൽ ചിത്രീകരണത്തിൽ മുഴുകിയ ദമ്പതികൾ കുഞ്ഞ് വെള്ളത്തിൽപ്പെട്ടത് ശ്രദ്ധിച്ചില്ലെന്നും മറ്റൊരാളുടെ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചതെന്നും മരിയം ആരോപിച്ചു.

വിഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് ദമ്പതികളുടെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയത്. കണ്ടന്റ് സൃഷ്ടിക്കാനുള്ള അമിതമായ താൽപര്യം സ്വന്തം കുടുംബത്തെയും ചുറ്റുമുള്ള സാഹചര്യങ്ങളെയും മറക്കാൻ ഇടയാക്കുന്നുവെന്ന് ഒരാൾ പ്രതികരിച്ചു.

കുഞ്ഞിന്റെ സുരക്ഷയെക്കാൾ വിഡിയോയ്ക്കാണ് ദമ്പതികൾ പ്രാധാന്യം നൽകിയതെന്ന് മറ്റൊരാൾ വിമർശിച്ചു. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന റീലിന് വീണ്ടും ചിത്രീകരണം നടത്താം, എന്നാൽ ഒരു കുഞ്ഞിന്റെ ജീവന് രണ്ടാമതൊരു അവസരം നൽകാനാവില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം.

സംഭവത്തിന്റെ കൃത്യമായ സ്ഥലവും സമയവും ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായ ദൃശ്യങ്ങളിൽ നിന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുട്ടികൾ കടൽത്തീരത്തുള്ളപ്പോൾ തിരമാലകളുടെ ശക്തിയും വെള്ളത്തിന്റെ ഒഴുക്കും അപകടസാധ്യത വർധിപ്പിക്കുമെന്നതിനാൽ മുതിർന്നവരുടെ നിരന്തരമായ ശ്രദ്ധ അനിവാര്യമാണെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ സംഭവം.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News