വിപണിയിൽ പ്ലാസ്റ്റിക് മുട്ടകൾ ഉണ്ടോ? മുട്ട വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി
പ്രകൃതിദത്ത മുട്ടയോട് സാമ്യമുള്ള പ്ലാസ്റ്റിക് മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയും നിലവിലില്ല
വിപണിയിൽ പ്ലാസ്റ്റിക് മുട്ടകൾ സജീവമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷാ വിഭാഗമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പ്ലാസ്റ്റിക് മുട്ടകളെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ ശരിയല്ലെന്നും ഇത്തരം വ്യാജവാർത്തകൾക്കെതിരെ ജാഗരൂകത പാലിക്കണമെന്നും എഫ്എസ്എസ്എഐ നിർദേശിക്കുന്നു.
മുട്ടകൾക്ക് കാലപ്പഴക്കം വരുമ്പോൾ ഉണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളെയാണ് പലരും തെറ്റിദ്ധരിച്ച് പ്ലാസ്റ്റിക് മുട്ടകളായി പ്രചരിപ്പിക്കുന്നത്. മുട്ട പൊട്ടിക്കുമ്പോൾ അതിന്റെ മഞ്ഞക്കരുവും വെള്ളയും പരസ്പരം കലർന്നുപോയതായി കാണാറുണ്ട്. ഇതിന് മുട്ട കൃത്രിമമാണെന്ന് അർഥമില്ലെന്നും മുട്ട പഴകുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക ഘടനാമാറ്റമാണെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി വിശദീകരിക്കുന്നു. പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ മുട്ടകൾ വിപണിയിൽ ഇല്ല. പ്രകൃതിദത്ത മുട്ടയോട് സാമ്യമുള്ള പ്ലാസ്റ്റിക് മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയും നിലവിലില്ല. ചീഞ്ഞ മുട്ടകളുടെ ഘടന മാറുമ്പോഴാണ് പ്ലാസ്റ്റിക് എന്ന തരത്തിൽ വ്യാജ പ്രചരണം നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
മുട്ടയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ലളിതമായ ചില മാർഗങ്ങളും എഫ്എസ്എസ്എഐ നിർദേശിക്കുന്നുണ്ട്.
1. വെള്ളത്തിലിട്ടുള്ള പരിശോധന
മുട്ട നല്ലതാണോ എന്ന് ഏറ്റവും എളുപ്പത്തിൽ പരിശോധിക്കാവുന്ന ഒരു മാർഗമാണിത്. ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിലേക്ക് മുട്ടയിടുക. പുതിയ നല്ല മുട്ടകളാണെങ്കിൽ അത് പാത്രത്തിന്റെ അടിയിൽ കിടക്കും. വീതി കൂടിയ ഭാഗം നിലത്ത് കുത്തി ഒരു വശത്തേക്ക് ചെരിഞ്ഞായിരിക്കും മുട്ട കിടക്കുക. അല്ലെങ്കിൽ പൂർണമായും മുട്ട വെള്ളത്തിൽ ചെരിഞ്ഞുകിടക്കും. കുറച്ചു പഴകിയ മുട്ടയാണെങ്കിൽ ഒരു വശം നിലത്ത് കുത്തി നിൽക്കുന്ന രൂപത്തിലായിരിക്കും ഉണ്ടാവുക. ഇവ പഴകിയിട്ടുണ്ടെങ്കിലും ചീത്തയാകാത്തതിനാൽ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ കേടായ ചീഞ്ഞ മുട്ടകൾ വെള്ളത്തിന് മുകളിൽ പൊന്തിക്കിടക്കും.
2. കുലുക്കിയുള്ള പരിശോധന
മുട്ട ചെവിയോട് ചേർത്ത് പതുക്കെ കുലുക്കി നോക്കുക. പുതിയ മുട്ടയാണെങ്കിൽ അതിനുള്ളിൽ അനക്കമോ ശബ്ദമോ കേൾക്കില്ല. എന്നാൽ മുട്ട പഴകുന്തോറും ഉള്ളിലെ ഈർപ്പം നഷ്ടപ്പെടുകയും വായു അറ വലുതാകുകയും ചെയ്യുന്നതിനാൽ, കുലുക്കുമ്പോൾ ചെറിയ ശബ്ദമോ അല്ലെങ്കിൽ ദ്രാവകം ചലിക്കുന്നതായോ അനുഭവപ്പെടാം.
3. മുട്ടത്തോടിന്റെ ഘടന
പുതിയ മുട്ടകളുടെ തോടുകൾക്ക് സ്വാഭാവികമായി ചെറിയ പരുപരുത്ത പ്രതലമായിരിക്കും ഉള്ളത്. എന്നാൽ തോട് അസാധാരണമാംവിധം മിനുസമുള്ളതോ തിളക്കമുള്ളതോ വാക്സ് പുരട്ടിയതുപോലെ കാണപ്പെടുകയാണെങ്കിൽ അതിന്റെ ഗുണനിലവാരം സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. അതേസമയം, മുട്ടത്തോടിന്റെ നിറം നോക്കി അത് നല്ലതോ വ്യാജനോ എന്ന് തിരിച്ചറിയാൻ കഴിയില്ല. കോഴിയുടെ ഇനത്തിനനുസരിച്ച് മുട്ടത്തോടിന് വെള്ള, ബ്രൗൺ തുടങ്ങിയ വിവിധ നിറങ്ങൾ ഉണ്ടാകാം.
4. പൊട്ടിച്ച് പരിശോധിക്കുക
മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുമ്പോൾ നല്ല മുട്ടയാണെങ്കിൽ മഞ്ഞക്കരു ഉരുണ്ടതും ചെറുതും വെള്ളക്ക് നടുവിലായി കട്ടിയോടെ ഉയർന്നുനിൽക്കുന്നതുമായിരിക്കും. പഴകിയതോ ചീഞ്ഞതോ ആയ മുട്ടയാണെങ്കിൽ മഞ്ഞക്കരു വളരെ അയഞ്ഞതും വെള്ളം പോലെ ഒഴുകുന്നതുമായിരിക്കും. കൂടാതെ മുട്ടയ്ക്ക് അസാധാരണമായ ഗന്ധമോ ദുർഗന്ധമോ ഉണ്ടാകും.
മുട്ടകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി നിർദേശിക്കുന്നു.
* മുട്ടകൾ വാങ്ങുമ്പോൾ കേടായതോ വിള്ളലുകളുള്ളതോ ആയവ ഒഴിവാക്കുക. വിള്ളലുകളുള്ള മുട്ടകളിൽ ബാക്ടീരിയകൾ എളുപ്പത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
* മുട്ടകൾ എപ്പോഴും ഫ്രിഡ്ജിലോ തണുത്ത സ്ഥലത്തോ സൂക്ഷിക്കുക. സാധാരണ അന്തരീക്ഷ താപനിലയിൽ വെക്കുന്ന മുട്ടകൾ വേഗത്തിൽ കേടാകാൻ ഇടയാകും.
* മുട്ട കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.