അരിയിൽ ചെള്ള് കയറിക്കൂടിയോ? തുരത്താൻ അടുക്കളയിലെ ഈ മൂന്ന് ചേരുവകൾ മതി
പ്രത്യേകിച്ച് മഴക്കാലത്തും അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള സമയങ്ങളിലും ഇത്തരം പ്രാണികളുടെ ശല്യം വർധിക്കാറുണ്ട്
അടുക്കളയിൽ അരിയും പയറും മറ്റ് ധാന്യങ്ങളും സൂക്ഷിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അവയിൽ ചെള്ളുകളും കുഞ്ഞൻ വണ്ടുകളും കയറിക്കൂടുന്നത്. പ്രത്യേകിച്ച് മഴക്കാലത്തും അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള സമയങ്ങളിലും ഇത്തരം പ്രാണികളുടെ ശല്യം വർധിക്കാറുണ്ട്. ഒരിക്കൽ ധാന്യങ്ങളിൽ ഇവ പെരുകിയാൽ പൂർണമായി ഒഴിവാക്കുക എളുപ്പമല്ല. ധാന്യങ്ങളുടെ ഗുണനിലവാരത്തെയും ഇത് ബാധിക്കും.
ഇത്തരം പ്രാണികളെ ഒഴിവാക്കാൻ രാസകീടനാശിനികൾ ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കാം. എന്നാൽ അടുക്കളയിൽ സാധാരണയായി ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് പ്രാണികളുടെ ശല്യം കുറയ്ക്കാൻ ശ്രമിക്കാം.മഞ്ഞൾപ്പൊടി, ഗ്രാമ്പൂ, കുരുമുളക് എന്നിവയാണ് ആവശ്യമായ ചേരുവകൾ.
ഒരു ചെറിയ കോട്ടൺ തുണിയിൽ അൽപം മഞ്ഞൾപ്പൊടി, ഏതാനും ഗ്രാമ്പൂ, കുറച്ച് കുരുമുളക് എന്നിവ എടുക്കുക. ഇവ പുറത്തേക്ക് വീഴാത്ത രീതിയിൽ തുണി നന്നായി കെട്ടി ചെറിയൊരു കിഴിയാക്കാം. അരിയോ മറ്റ് ധാന്യങ്ങളോ സൂക്ഷിക്കുന്ന പാത്രത്തിൽ ഈ കിഴി വയ്ക്കാം. രണ്ടുമാസത്തിലൊരിക്കൽ പുതിയ കിഴി ഉപയോഗിക്കുന്നതാണ് നല്ലത്.
ഗ്രാമ്പൂവിന്റെയും കുരുമുളകിന്റെയും രൂക്ഷമായ ഗന്ധം ചില ധാന്യപ്രാണികളെ അകറ്റാൻ സഹായിച്ചേക്കാം. മഞ്ഞളിനും ചില കീടവിരുദ്ധ ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ ഈ ചേരുവകൾ ഉപയോഗിക്കുന്നത് മാത്രം പ്രാണികളുടെ ശല്യം പൂർണമായി ഇല്ലാതാക്കുമെന്ന് ഉറപ്പില്ല.
ചെള്ളുകളെ ഒഴിവാക്കാൻ മറ്റ് മാർഗങ്ങൾ
1. ധാന്യങ്ങൾ വെയിലത്തിടാം
അരി, പയർ തുടങ്ങിയ ധാന്യങ്ങൾ വൃത്തിയുള്ള പ്രതലത്തിൽ നിരത്തി വെയിലത്തിടാം. ചൂടും ഈർപ്പം കുറയുന്നതും പ്രാണികളുടെ സാന്നിധ്യം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ മുട്ടകൾ പൂർണമായി നശിക്കുമെന്ന് ഉറപ്പില്ല.
2. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കാം
ഉണങ്ങിയ വഴനയില, വേപ്പില, ഗ്രാമ്പൂ, വെളുത്തുള്ളി തുടങ്ങിയവയുടെ ഗന്ധം ചില പ്രാണികളെ അകറ്റാൻ സഹായിച്ചേക്കാം. ഇവ ധാന്യങ്ങളുമായി നേരിട്ട് കലരാത്തവിധം ഉപയോഗിക്കാം.
3. ഫ്രീസറിൽ സൂക്ഷിക്കാം
ചെള്ള് കയറിയ ധാന്യങ്ങൾ വായു കടക്കാത്ത കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കുന്നത് പ്രാണികളെയും അവയുടെ മുട്ടകളെയും നിയന്ത്രിക്കാൻ ഫലപ്രദമാണ്. മൂന്ന് മുതൽ നാല് ദിവസം വരെ ഫ്രീസറിൽ വയ്ക്കാം. പുറത്തെടുത്ത ശേഷം ഈർപ്പം കയറാതെ കൈകാര്യം ചെയ്യണം.
4. ശരിയായ പാത്രങ്ങൾ തിരഞ്ഞെടുക്കാം
ധാന്യങ്ങൾ സൂക്ഷിക്കാൻ വായു കടക്കാത്ത ഗ്ലാസ് അല്ലെങ്കിൽ ലോഹ പാത്രങ്ങൾ ഉപയോഗിക്കാം. അയഞ്ഞ അടപ്പുള്ള പാത്രങ്ങളിലും തുറന്ന പ്ലാസ്റ്റിക് കവറുകളിലും ധാന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പാത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കി ഉണക്കുകയും വേണം.