'ആ കവിത വായിച്ചപ്പോൾ ഉമ്മയെ ഓർമ്മ വന്നു'; വിയ്യൂർ ജയിലിൽനിന്ന് മാധ്യമത്തിലേക്കു വന്ന ഉള്ളുപിടയ്ക്കുന്ന കത്ത്

"വർഷങ്ങളായി കേൾവിയുടെ ലോകത്തു നിന്ന് അകലെയാക്കപ്പെട്ട പെറ്റവയറിനെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. 'കാതിലോല'യുടെ താളിൽ ഉതിർന്ന് വീണ് നനഞ്ഞുപോയി."

Update: 2023-03-22 07:45 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: കവി സെബാസ്റ്റ്യൻ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ 'കാതിലോല' എന്ന കവിതയ്ക്ക് വിയ്യൂർ ജയിൽനിന്ന് അനുമോദനക്കത്ത്. വിയ്യൂർ അതിസുരക്ഷാ ജയിലിലെ സി 322 നമ്പർ തടവുകാരൻ മൻസീദ് ആണ് കവിത തന്നിൽ ഉണ്ടാക്കിയ ഉള്ളു പിടയ്ക്കുന്ന അനുഭവത്തെ കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പിനെഴുതിയത്. കത്ത് മാധ്യമം പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

കവിത വായിച്ചു തീർന്നപ്പോൾ അമ്പത് കഴിഞ്ഞ ഉമ്മയെ ഓർമ വന്നെന്നും വർഷങ്ങളായി കേൾവിയുടെ ലോകത്തു നിന്ന് അകലെയാക്കപ്പെട്ട പെറ്റവയറിനെ ഓർത്തപ്പോൾ കണ്ണു നിറഞ്ഞെന്നും മൻസീദ് എഴുതുന്നു. 'കാതിലോല എല്ലാ അമ്മമാരുടെയും കവിതയാണ്. എല്ലാ പെൺജീവിതങ്ങളുടെയും കവിതയാണ്. നാരങ്ങാമിഠായി പോലെ, വല്യ പേരൊന്നുമില്ലാതെ, വർണക്കടലാസിന്റെ പത്രാസില്ലാതെ ഞാൻ ചീനി എന്നു വിളിക്കുന്ന എന്റെ ഉമ്മച്ചിയെ പോലെയുള്ള എല്ലാ അമ്മമാരുടെയും മധുരമുള്ള ജീവിതത്തെ ഓർമിപ്പിക്കുന്ന കവിത'- അദ്ദേഹം എഴുതി.

മൻസീദിന്റെ കത്തിന്‍റെ പൂര്‍ണരൂപം; 

സെബാസ്റ്റ്യൻ എഴുതിയ 'കാതിലോല' എന്തൊരു അഴകാണ് (ലക്കം1229)! അമ്പത് കഴിയുമ്പോഴേക്ക് ഓരത്താക്കപ്പെടുന്ന പെൺജീവിതങ്ങളുടെ കേൾക്കുവാനുള്ള അടങ്ങാത്ത ആശയും മക്കളെയും മക്കളുടെ മക്കളെയും കേൾക്കുവാനുള്ള ഹൃദയത്തിന്റെ ദാഹവും അതിൽ നിന്നെല്ലാം ദൂരത്താക്കി വൃദ്ധസദനത്തിലോ വീട്ടിന്റെ മൂലയിലോ തള്ളപ്പെടുന്നവരുടെ നിശ്ശബ്ദ വിതുമ്പലുകളും പകർത്തിയിരിക്കുന്നു. സൊറ പറച്ചിലുകൾക്കും പരദൂഷണം പറച്ചിലിനും ചെവി കൂർപ്പിക്കുന്ന അയൽപക്ക കൂട്ടുകളുടെ നഷ്ടവും അങ്ങനെ എല്ലാം ഒളിച്ചുവെച്ച വരികൾ. തിളങ്ങുന്ന കാതിലകളും കമ്മലുകളും കാവലിരിക്കുന്ന കാതുകളിലൂടെ പുതിയ സൗഹൃദങ്ങൾ നെയ്‌തെടുക്കപ്പെടുന്നു. അവർ യൗവനത്തിൽ ജീവിതം നെയ്തതു പോലെ, ഭംഗിയായി!

വായിച്ചു തീർന്നപ്പോൾ അമ്പതു കഴിഞ്ഞ എന്റെ സ്വന്തം ഉമ്മയെയാണ് ഓർമ വന്നത്. പാവത്തിന് അമ്പത് എത്തുന്നതിന്റെ എത്രയോ മുമ്പേ അതായത് പതിനാറാം വയസ്സു മുതൽ ശ്രവണശേഷിക്ക് തകരാറ് വന്നു. പല ചികിത്സകളും നടത്തി. ആയകാലത്ത് വാപ്പയുടെ കീശ വെളുത്തതല്ലാതെ ഫലമുണ്ടായില്ല. എത്രയോ വർഷങ്ങളായി അവർക്ക് കേൾക്കാൻ കഴിയുന്നില്ല. മക്കളെ, മക്കളുടെ മക്കളെ, അയൽക്കാരെ, കൂട്ടുകാരികളെ ഒന്നും അവർക്ക് ശരിയായി കേൾക്കാൻ പറ്റുന്നില്ല. ഈയിടക്ക് നടത്തിയ ഒരു പരിശോധനയിൽ ചെവിക്കകത്ത് വെക്കാൻ കഴിയുന്ന വലുപ്പം കുറഞ്ഞ ശ്രവണസഹായി ഉപയോഗിച്ചാൽ കേൾക്കും എന്നു മനസ്സിലായി. പക്ഷേ, ലക്ഷത്തോളം വിലയാവും എന്ന് പറഞ്ഞപ്പോൾ നിരാശ ഉള്ളിൽ മറച്ചുവച്ച് ഉമ്മ ചിരിച്ചു. ഇത്രയും നാൾ കേൾക്കാതെ ജീവിച്ചില്ലേ? ഇനിയും അങ്ങനെ തന്നെ ജീവിക്കാം എന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് ആശ്വസിപ്പിച്ചു. അതാണ് ഉമ്മ.

വർഷങ്ങളായി കേൾവിയുടെ ലോകത്തു നിന്ന് അകലെയാക്കപ്പെട്ട പെറ്റവയറിനെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. 'കാതിലോല'യുടെ താളിൽ ഉതിർന്ന് വീണ് നനഞ്ഞുപോയി.

'കാതിലോല' എല്ലാ അമ്മമാരുടെയും കവിതയാണ്. എല്ലാ പെൺജീവിതങ്ങളുടെയും കവിതയാണ്. നാരങ്ങാമിഠായി പോലെ, വല്യ പേരൊന്നുമില്ലാതെ, വർണക്കടലാസിന്റെ പത്രാസില്ലാതെ ഞാൻ 'ചീനി' എന്ന് വിളിക്കുന്ന എന്റെ ഉമ്മച്ചിയെ പോലെയുള്ള എല്ലാ അമ്മമാരുടെയും മധുരമുള്ള ജീവിതത്തെ ഓർമിക്കുന്ന കവിത. മക്കൾക്കു വേണ്ടി പുകയൂതി പുകയൂതി കരിപിടിച്ച കൈകളാൽ വെളുത്ത ചോറൂട്ടിയും വെറുപ്പ് പിടിച്ചാൽ കണ്ണുരുട്ടുന്ന അമ്മമാരുടെ കവിത, എനിക്കു വേണ്ടി നടന്നുനടന്ന് ചെരുപ്പ് തേഞ്ഞ വാപ്പച്ചിക്ക് തണലായ ചീനിയെപ്പോലുള്ള അമ്മമാരുടെ ജീവിതങ്ങളുടെ കവിത.

സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ

ഒപ്പം ആഴ്ചപ്പതിപ്പിനും.

മൻസീദ്, c 322, വിയ്യൂർ




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News