യു.പിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; രോഗികള്‍ സുരക്ഷിതരെന്ന് പൊലീസ് 

ഹൃദ്രോഗവിഭാഗത്തിലേക്ക് തീപടര്‍ന്നതോടെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രോഗികളെ പുറത്തെത്തിച്ചു.

Update: 2021-03-28 06:53 GMT

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. കാൺപുർ ഗനേഷ്​ ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

ആശുപത്രിയിലെ സ്​റ്റോർ റൂമിലാണ്​ ആദ്യം തീപിടിച്ചത്​. ഹൃദ്രോഗവിഭാഗത്തിലേക്ക് തീപടര്‍ന്നതോടെ പൊലീസും ഫയർഫോഴ്​സും നാട്ടുകാരും ചേർന്ന്​ രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി പൊലീസ്​ അറിയിച്ചു.

എൽ.പി.എസ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ കാർഡിയോളജിയിൽ ഏകദേശം 146 രോഗികൾ ചികിത്സയിലുണ്ടായിരുന്നതായാണ്​ വിവരം. തീ പടർന്നപ്പോൾ തന്നെ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതില്‍ ഒമ്പതുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും പൊലീസ്​ കമീഷനർ അസീം അരുൺ അറിയിച്ചു.

തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. മറ്റു വിഭാഗങ്ങളിലേക്ക്​ തീ വ്യാപിക്കാതിരുന്നതാണ്​ വൻ അപകടം ഒഴിവാക്കിയത്. സംഭവത്തിൽ സംസ്​ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ജില്ല ഭരണകൂടത്തോട്​ റിപ്പോർട്ട്​ തേടിയതായും രോഗികൾക്ക്​ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    

Similar News