മഅ്ദനി നേരിടുന്നത് മാനുഷിക ധ്വംസനമെന്ന് സലിം കുമാർ
മഅ്ദനിക്ക് സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാമെന്നും സലിം കുമാർ പറഞ്ഞു
പത്തുവർഷത്തോളം മഅ്ദനി വിചാരണ തടവുകാരനായി തുടരുന്നത് മാനുഷിക ധ്വംസനമാണെന്ന് നടൻ സലിം കുമാർ. കേരളത്തിലെ പൊതുസമൂഹം അനീതിക്കിരയായ ആ മനുഷ്യനൊപ്പം നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സലിം കുമാർ ഇങ്ങനെ പറഞ്ഞത്
"മഅ്ദനിയെ വെറുതെ വിടണം എന്നല്ല ഞാന്‍ പറയുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കണം. പക്ഷേ ആ കുറ്റം എന്താണെന്ന് തെളിയിക്കേണ്ട ബാധ്യത നിയമത്തിനില്ലേ ? മറ്റേതൊരു ഇന്ത്യന്‍ പൗരനും കിട്ടേണ്ട അവകാശങ്ങള്‍ അദ്ദേഹത്തിന് കിട്ടണം." - അദ്ദേഹം ചോദിച്ചു.
മഅ്ദനിക്ക് സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാമെന്നും സലിം കുമാർ പറഞ്ഞു. ഈ മനുഷ്യരോട് ചെയ്യുന്ന ക്രൂരതകൾക്കെതിരെ പ്രതികരിച്ചിട്ട് സിനിമ നഷ്ടപ്പെടുകയാണെങ്കിൽ സിനിമ തനിക്ക് വേണ്ടെന്നാണ് തന്റെ നിലപാട്.
കെ.ആർ നാരായണനോട് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ പോക്കിരിത്തരങ്ങളിൽ ഒന്നാണ് ഒറ്റപ്പാലത്ത് സീറ്റ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പ്രശസ്തിയുള്ള മനുഷ്യന് ഒറ്റപ്പാലത്ത് സംവരണ മണ്ഡലത്തിലാണ് കോൺഗ്രസ് സീറ്റ് കൊടുത്തത്. അദ്ദേഹം ജയിച്ചപ്പോൾ കമ്മ്യൂണിസ്റ്റുകാർ " കോട്ടിട്ട ദളിതനോ? " എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.