ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പത്തനംതിട്ടയിലേക്ക്; മാവേലിക്കരയില്‍ പ്രചാരണത്തിന് ആളില്ല 

ബി.ജെ.പിക്കാര്‍ കൂട്ടത്തോടെ പത്തനംതിട്ടയില്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത് കൊണ്ട് മാവേലിക്കര മണ്ഡലത്തില്‍ എന്‍.ഡി.എയുടെ പ്രചാരണം അവതാളത്തിലായെന്ന് ബി.ഡി.ജെ.എസ്

Update: 2019-04-16 04:51 GMT

ബി.ജെ.പിക്കാര്‍ കൂട്ടത്തോടെ പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങിയതായി ബി.ഡി.ജെ.എസിന് പരാതി. ഇതോടെ മാവേലിക്കര മണ്ഡലത്തിലെ എന്‍.ഡി.എയുടെ പ്രചാരണം അവതാളത്തിലായി. എന്നാല്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ വയനാട്ടില്‍ പോയെന്നാണ് ബി.ജെ.പിയുടെ വാദം.

Advertising
Advertising

മാവേലിക്കരയിലെ എന്‍.ഡി.എ പ്രചാരണത്തിന് ആളുകളെ കൂട്ടി പ്രചാരണം ശക്തിപ്പെടുത്തണമെന്ന തീരുമാനമുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ആളില്ല. പ്രവര്‍ത്തകരധികവും പ്രവര്‍ത്തിക്കുന്നത് പത്തനംതിട്ടയിലാണെന്നും അതുകൊണ്ട് രാവിലെ തുടങ്ങുന്ന പ്രചാരണത്തിന് മാത്രമല്ല സ്‌ക്വാഡിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ആളില്ലെന്നാണ് ബി.ഡി.ജെ.എസ് പരാതി പറയുന്നത്. ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കൊട്ടാരക്കര, മാവേലിക്കര എന്നീ പ്രദേശങ്ങളിലുളള ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പത്തനംതിട്ടയിലെ വീടുകളില്‍ കയറി പ്രചാരണം നടത്താന്‍ നിര്‍ദേശമുളളത്. ഇതോടെയാണ് മാവേലിക്കരയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത്.

Full View

പ്രവര്‍ത്തകരെ ലഭിക്കാത്തത് മൂലം വ്യത്യസ്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാണ് ബി.ഡി.ജെ.എസിന്റെ പരാതി. വളരെ വൈകി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായതിനാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പലതും വൈകിയിട്ടുണ്ട്. എന്നാല്‍ ബി.ഡി.ജെ.എസ് നേതാവിന് വേണ്ടി മണ്ഡലത്തിലെ നേതാക്കളടക്കമുളളവര്‍ വയനാട്ടില്‍ പ്രചാരണത്തിന് പോയെന്നാണ് ബി.ജെ.പി തിരിച്ചടിക്കുന്നത്. ഇരുകൂട്ടരുടേയും പരസ്പര പരാതികള്‍ കൊടുമ്പിരിക്കൊളളുമ്പോഴും മാവേലിക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കൊപ്പം പ്രധാന നേതാക്കളോ കൂടുതല്‍ പ്രവര്‍ത്തകരോ ഇല്ലെന്നാണ് മണ്ഡലത്തിലെ വര്‍ത്തമാനം.

Tags:    

Similar News