ആലപ്പുഴയിലും മാവേലിക്കരയിലും കള്ളവോട്ട് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

മാവേലിക്കര മണ്ഡലത്തിലെ 77, 82, 68, 58 ബൂത്തുകളിലായി ആറ് കള്ളവോട്ടുകള്‍ ഇടത് പക്ഷം ചെയ്തു എന്നായിരുന്നു യു.ഡി.എഫ് പരാതി

Update: 2019-05-08 14:06 GMT
Advertising

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലും മാവേലിക്കരയിലും കള്ളവോട്ട് ഉണ്ടായിട്ടില്ലെന്ന് വരണാധികാരിയുടെ റിപ്പോര്‍ട്ട്. ആരോപണമുന്നയിച്ചവര്‍ക്ക് ഇത് സംബന്ധിച്ച തെളിവ് ഹാജരാക്കാനായില്ല. കള്ളവോട്ട് നടന്നെന്ന് പറയുന്ന ബൂത്തുകളിലെ ദൃശ്യങ്ങള്‍ ഇല്ലാത്തതും ആരോപണം തെളിയിക്കുന്നതിന് തടസമായി.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കായംകുളത്തും മാവേലിക്കര മണ്ഡലത്തിലെ 5 ബൂത്തുകളിലും കള്ളവോട്ട് നടന്നു എന്ന് ആരോപിച്ച് യു.ഡി.എഫാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയത്. വോട്ടേഴ്‌സ് ലിസ്റ്റിലെ രേഖകള്‍ അടക്കം തെളിവായി ഹാജരാക്കിയെങ്കിലും ഈ ബൂത്തുകളിലെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് സാധിച്ചിരുന്നില്ല. വെബ്കാസ്റ്റിംഗ് സംവിധാനമോ സിസിടിവിയോ ഈ ബൂത്തുകളിൽ ഉണ്ടായിരുന്നില്ല. പരാതി ഉയർന്നപ്പോൾ തന്നെ ഈ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കായംകുളത്തെ 82, 89 ബൂത്തുകളിലായി നഗരസഭാ കൗണ്‍സിലറും സി.പി.ഐ നേതാവുമായ പെരമ്പളത്ത് ജലീല്‍ ഇരട്ട വോട്ടുകള്‍ ചെയ്തു എന്നായിരുന്നു യു.ഡി.എഫ് ആരോപണം. എന്നാല്‍ ജലീലിനെതിരെ അതാത് ബൂത്തുകളിലെ പോളിംഗ് ഏജന്റ്മാര്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പാരതി നല്‍കിയില്ല. റിട്ടേണിംഗ് ഓഫീസര്‍ക്കടക്കം പരാതി നല്‍കാന്‍ കാല താമസമുണ്ടായതും ആരോപണത്തിന്റെ മൂര്‍ച്ച കുറച്ചു.

Full View

മാവേലിക്കര മണ്ഡലത്തിലെ 77, 82, 68, 58 ബൂത്തുകളിലായി ആറ് കള്ളവോട്ടുകള്‍ ഇടത് പക്ഷം ചെയ്തു എന്നായിരുന്നു യു.ഡി.എഫ് പരാതി. വെബ് കാസ്റ്റിംഗ് ഇല്ലെങ്കിലും സാക്ഷി മൊഴികളും മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷനും കണ്ടെത്തിയാല്‍ ആരോപണം തെളിയാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വാദിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള തെളിവുകള്‍ കള്ളവോട്ട് തെളിയിക്കാന്‍ മതിയാകില്ല എന്ന് ജില്ലാ വരണാധികാരിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. കള്ളവോട്ട് വ്യക്തമായിരുന്നു എങ്കില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ വൈകിയത് എന്ത്കൊണ്ട് എന്ന ചോദ്യത്തിനും കൃത്യമായ മറുപടി നൽകാൻ ആരോപണമുന്നയിച്ചവര്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ കള്ളവോട്ട് പരാതി തള്ളിക്കൊണ്ട് ജില്ലാ വരണാധികാരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Tags:    

Similar News