വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലെങ്കില്‍ പാസ്പോര്‍ട്ട് ഇല്ല?

വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതോടെ രാജഗോപാലിന് നേരിടേണ്ടിവന്ന പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ടു എന്നതാണ്. മകളുടെ വിവാഹത്തിന് അമേരിക്കയല്‍ പോകാന്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത സ്ഥിതിയായി. ഇതിനൊപ്പം മാനസികമായി നേരിടേണ്ടിന്ന സമ്മര്‍ദവും അന്യത്വ ബോധവും. ഈ സാഹചര്യം നേരിടന്ന ആദ്യത്തെ മനുഷ്യനല്ല രാജഗോപാല്‍

Update: 2026-06-29 14:30 GMT

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ പാസ്പോര്‍ട്ട് നിഷേധിക്കുമോ? ഈ ചോദ്യം പോഴത്തമാണെന്ന് പറയാന്‍ വരട്ടെ. നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ ഇത് സംഭവിച്ചിരിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുകൊണ്ട് പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ടിരിക്കുന്നവരില്‍ ഒരാള്‍ ഈ രാജ്യത്തെ ഒരു പ്രമുഖ പത്രത്തിന്‍റെ പത്രാധിപ സ്ഥാനത്ത് ഉള്‍പ്പെടെ നാല്‍പതു വര്‍ഷത്തോളം പ്രവര്‍ത്തിച്ച സീനിയര്‍ ജേണലിസ്റ്റ് കൂടിയാണെങ്കിലോ. ദി ടെലിഗ്രാഫിന്‍റെ മുന്‍ പത്രാധിപരും മലയാളിയുമായ ആര്‍.രാജഗോപാലിന്‍റെ ജീവിതത്തില്‍ SIR സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാം.

Advertising
Advertising

ആര്‍.രാജഗോപാല്‍ എന്‍റെ സുഹൃത്താണ്. സമകാലികനാണ്. ഞങ്ങളുടെ തലമുറയില്‍ നിന്ന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഉന്നതങ്ങളിലേക്ക് വളരെവേഗം കയറിച്ചെന്ന തിരുവനന്തപുരത്തുകാരനാണ്. അച്ഛന്‍ പ്രമുഖ ഗാന്ധിയനായ പ്രഫ.രാമദാസ്. ഗാന്ധി സ്മാരക നിധിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും കോളജ് അധ്യാപകനുമായിരുന്നു അദ്ദേഹം. രാജഗോപാലിന്റെ അമ്മ 1965 കാലത്ത് കോളജ് അധ്യാപികയുമായിരുന്നു. 1978ല്‍ രാജഗോപാലിന് പത്തു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. കൊല്‍ക്കത്തയില്‍‍ നിന്ന് ഇറങ്ങുന്ന ദി ടെലഗ്രാഫിന്‍റെ എഡിറ്ററെന്ന നിലയില്‍ രാജഗോപാല്‍ ദേശീയ മാധ്യമരംഗത്ത് സൃഷ്ടിച്ച ചോദ്യംചെയ്യല്‍ രീതി അധികാരകേന്ദ്രങ്ങളില്‍ പ്രകമ്പനങ്ങളുണ്ടാക്കി.

ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സങ്കല്പനത്തെ തകിടംമറിക്കുന്ന ഏത് നീക്കത്തേയും മാധ്യമ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന മാതൃക പിന്തുടര്‍ന്നുകൊണ്ട് അദ്ദേഹം ചോദ്യമുനയില്‍ നിര്‍ത്തി . രാജഗോപാലിന്‍റെ കാലത്തെ ടെലഗ്രാഫിന്‍റെ തലക്കെട്ടുകള്‍ മൂര്‍ച്ച കൊണ്ടും പരിഹാസം കൊണ്ടും ജാഗ്രത കൊണ്ടും ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ എക്സ്ക്ലൂസിവ് അധ്യായമാണ്. അന്നാ പത്രത്തിന്‍റെ ഒന്നാം പേജുകള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ കുന്തമുനകളയി നീണ്ടു. അങ്ങനെയൊരു മാധ്യമപ്രവര്‍ത്തകന്‍‍ ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്ന അവസ്ഥയ്ക്ക് മൂന്ന് തലങ്ങളുണ്ട്. ഒന്ന്, കൊല്‍ക്കത്തയില്‍‍ അദ്ദേഹം താമസിക്കുന്ന ബാലിഗഞ്ച് മണ്ഡലത്തില്‍ SIR ന് ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് നിഷേധിക്കപ്പെട്ടു. രണ്ട്, പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് ട്രിബ്യൂണലിനെ സമീപിച്ച 27 ലക്ഷം പേരില്‍ ഒരാളായതുകൊണ്ടും അത് എപ്പോള്‍ പരിഗണനയ്ക്ക് വരുമെന്ന് അറിയാത്തതുകൊണ്ടും കൊല്‍ക്കത്തയില്‍‍ തന്നെ കെട്ടിയിടപ്പെട്ടു. മൂന്ന്, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുകൊണ്ട് പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷയ്ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിരാകരിക്കപ്പെട്ടു.

ഇനി ഇതേക്കുറിച്ച് രാജഗോപാല്‍ തന്നെ പറയും. അദ്ദേഹത്തോട് ഞാന്‍ ആദ്യം ചോദിച്ചത് കൊല്‍ക്കത്തയില്‍‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം ഒരു ചോയ്സ് ആയിരുന്നോ എന്നാണ്. ഏതാണ്ട് 1991 മുതല്‍ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ബംഗാള്‍ നിവാസിയായി മാറിയ രാജഗോപാലിന് തീര്‍ച്ചയായും അതൊരു സ്വാഭാവിക ചോയ്സ് ആയിരുന്നു. 2002 –ലെ ലിസ്റ്റില്‍ അദ്ദേഹത്തിന്‍റെ പേരില്ലായിരുന്നു. എന്നാല്‍ ഗാന്ധിയനും ആക്ടിവിസ്റ്റുമായിരുന്ന അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പേരുമില്ലെന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പിന്നെ ചെയ്യാന്‍ സാധിക്കുക 11 രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കുക എന്നതായിരുന്നു. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല എന്നാണ് വോട്ടര്‍ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ വ്യക്തമായത്. ലിസ്റ്റില്‍ പേര് വന്നില്ല. അച്ഛന്‍റെ‍ പേരിലെ അക്ഷരത്തെറ്റ് എന്ന ലോജിക്കല്‍ ഡിസ്ക്രിപന്‍സി കണ്ടെത്തിയതു കൊണ്ടാകാം പേര് വെട്ടിയതെന്ന് അദ്ദേഹം അനുമാനിക്കുന്നു.

വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതോടെ രാജഗോപാലിന് നേരിടേണ്ടിവന്ന പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ടു എന്നതാണ്. മകളുടെ വിവാഹത്തിന് അമേരിക്കയല്‍ പോകാന്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത സ്ഥിതിയായി. ഇതിനൊപ്പം മാനസികമായി നേരിടേണ്ടിന്ന സമ്മര്‍ദവും അന്യത്വ ബോധവും. ഈ സാഹചര്യം നേരിടന്ന ആദ്യത്തെ മനുഷ്യനല്ല രാജഗോപാല്‍. ബംഗാളിലും ബിഹാറിലും അസമിലും ലക്ഷക്കണക്കിന് പേരാണ് സ്വന്തം പേരിലെയോ മാതാപിതാക്കളുടെ പേരിലേയോ മറ്റോ അക്ഷരപ്പിശകോ വര്‍ഷങ്ങളിലെ സംശയമോ പ്രായവ്യത്യാസമോ അങ്ങനെയെന്തെങ്കിലും ലോജിക്കല്‍ ഡിസ്ക്രപന്‍സിയില്‍ പെട്ട് ഈ അവസ്ഥയിലായിരിക്കുന്നത്.

എന്തിന് രാജഗോപാല്‍ കൊല്‍ക്കത്തയില്‍‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കണം, എന്തുകൊണ്ട് തിരുവനന്തപുരത്ത് അപേക്ഷിച്ചുകൂട എന്ന നിഷ്കളങ്ക ചോദ്യം ഉന്നയിക്കുന്നവരുണ്ടാകാം. 1996 മുതല്‍ അദ്ദേഹത്തിന്‍റെ സ്ഥിരം മേല്‍വിലാസം കൊല്‍ക്കത്തയാണ്. തന്നെയുമല്ല, എന്തിന് അദ്ദേഹവും കുടുംബവും അങ്ങേയറ്റം സ്നേഹിക്കുന്ന കൊല്‍ക്കത്തയില്‍‍ നിന്ന് രാജഗോപാല്‍ ഒളിച്ചോടണം? എത്രകാലം ഒളിച്ചോടും? എവിടെ വരെ ഒളിച്ചോടും?

ആര്‍.രാജഗോപാല്‍ എന്ന മാധ്യമപ്രവര്‍ത്തകനെ ആദരവോടെയാണ് കേരളം കാണുന്നത്. ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് ടെലഗ്രാഫില്‍ നിന്ന് പടിയിറങ്ങേണ്ടിവന്നത്. അതിന് കേന്ദ്രസര്‍ക്കാര്‍ നല്കുതന്ന ശിക്ഷയാണ് പാസ്പോര്‍ട്ട് നിഷേധമെന്ന് കരുതുന്നവരുണ്ട്. രാജ്യത്തിന് ഇത്രയും പരിചിതനായൊരു മാധ്യമപ്രവര്‍ത്തകന് ഈ സ്ഥിതി ഉണ്ടാകുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതിയും ഊഹിക്കാവുന്നതാണ്. അദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ട് തടഞ്ഞ നടപടിയില്‍ എഡിറ്റര്‍മാരുടെ സംയുക്തവേദിയായ എഡിറ്റേഴ്സ് ഗില്‍ഡ് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ ഭരണകൂടം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മമായ ദൂഷിതവലയത്തില്‍ കുരുക്കപ്പെട്ട ലക്ഷക്കണക്കിന് പേരുടെ പ്രതിനിധിയാണ് രാജഗോപാല്‍ എന്നാണ് എഡിറ്റേഴ്സ് ടേക്ക് കാണുന്നത്. ഇത് വിശദീകരിക്കാം.

എസ്.ഐ.ആര്‍ എന്ന പ്രത്യേക തീവ്രപരിശോധന ഏതുവഴിക്കാണ് ഇന്ത്യന്‍ ജനതയെ രണ്ടായി തിരിക്കുന്നതെന്ന് കഴിഞ്ഞ എപിസോഡില്‍ പറഞ്ഞിരുന്നു. വോട്ടര്‍ ലിസ്റ്റില്‍ പേരുള്ളവരും ഇല്ലാത്തവരും. ബി.ജെ.പി ഭരിക്കുന്ന 19 സംസ്ഥാനങ്ങളിലും ഈ തരംതിരിവ് പലതരത്തിലുള്ള സര്‍ക്കാര്‍‍ നടപടികളിലൂടെ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ റേഷന്‍ ഉള്‍പ്പെടെ ക്ഷേമപദ്ധതികളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. അസമില്‍ ഇനി ഇവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍‍ നല്‍കില്ല. ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് നേടിയെടുക്കേണ്ട മറ്റു സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ അതുകൊണ്ടുതന്നെ കിട്ടാതാകും. അതു കിട്ടാതിരുന്നാല്‍ പാസ്പോര്‍ട്ട് പോലുള്ള സുപ്രധാനരേഖയും കിട്ടാതാകും. ഈ വഴിക്കല്ല പക്ഷേ രാജഗോപാലിന് അത് ലഭിക്കാതെ പോകുന്നത്.

നേരത്തേതന്നെ പാസ്പോര്ട്ട് ഉണ്ടായിരുന്ന രാജഗോപാലിന് അത് പുതുക്കുന്നതിന്‍റെ നടപടിക്രമങ്ങളില്‍ മറ്റു തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തിയപ്പോഴാണ് വോട്ടര്‍ ലിസ്റ്റില്‍ പേരില്ലെന്ന കാരണത്താല്‍ അത് നിഷേധിക്കപ്പെട്ടത്. അതായത്, ഇതനുസരിച്ച്, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഒരാള്‍ക്ക് ഇനി പശ്ചിമ ബംഗാളില്‍ പാസ്പോര്ട്ട് കരസ്ഥമാക്കാനോ പുതുക്കാനോ കഴിയില്ല. രാജഗോപാല്‍ ഒരാള്‍ മാത്രം. പശ്ചിമ ബംഗാളില്‍ SIR വഴി വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത് 95 ലക്ഷം പേരാണ്. അവര്‍ക്കൊന്നും ഇനി പാസ്പോര്‍ട്ട് കിട്ടില്ലെന്നാണോ ഇതിന്‍റെ ചുരുക്കം? അതോ, ഇത് രാജഗോപാല്‍ എന്ന മാധ്യമപ്രവര്‍ത്തകനെ ടാര്‍ജറ്റ് ചെയ്ത് കുരുക്കുന്നതാണോ?

ഈ ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം നമ്മുടെ മുമ്പിലില്ല. പക്ഷേ തുടക്കത്തില്‍ പറഞ്ഞ ദൂഷിതവലയം ഒരു യാഥാര്‍ഥ്യമാണ്. തിരിച്ചറിയല്‍ രേഖകളുടെ ചിലന്തിവല പോലുള്ള കെണി. തങ്ങളുടെ ഫാഷിസ്റ്റ് പദ്ധതിക്കു വഴങ്ങാതിരിക്കുന്ന വ്യക്തിയേയോ വ്യക്തികളേയോ സമുദായത്തേയോ സമുദായങ്ങളേയോ ഈ തിരിച്ചറിയല്‍ ദൂഷിതവലയത്തില്‍ കുരുക്കാന്‍ സംഘപരിവാര്‍ സര്‍ക്കാരിന് എളുപ്പമിനി സാധിക്കും. പാസ്പോര്‍ട്ട് പൌരത്വത്തിന്‍റെ തെളിവുരേഖയല്ലെന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍‍ പ്രഖ്യാപിച്ചത്. പക്ഷേ പാസ്പോര്‍ട്ട് നല്‍കുന്നത് പൗരര്‍ക്കാണ്. പാസ്പോര്‍ട്ട് നിഷേധിക്കുകയാണെങ്കില്‍ പൗരത്വം തന്നെ സംശയത്തിലാകും. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് പാസ്പോര്‍ട്ട് നിഷേധിക്കാന്‍ കാരണമാകുന്നുണ്ടെങ്കില്‍ പൌരത്വത്തിന്‍റെ അടിസ്ഥാനം വോട്ടര്‍ പട്ടികയായി മാറും. അങ്ങനെ വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാത്തയാള്‍ ഇന്ത്യക്കാരനല്ലെന്ന ഫാഷിസ്റ്റ് യുക്തി ഭരണകൂടം നടപ്പാക്കും. ആ യുക്തിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 28 സംസ്ഥാനങ്ങളിലേയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും SIR പൂര്‍ത്തിയാകുമ്പോഴേക്ക്, ഈ മണ്ണില്‍ ജനിച്ചുവളര്‍ന്ന കോടിക്കണക്കിന് മനുഷ്യര്‍ ഇന്ത്യക്കാരല്ലാതാകുമോ? വ്യക്തമായ ഉത്തരമില്ല. ഇതുവരെ കണ്ടതിലും കറുത്ത ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - പ്രമോദ് രാമന്‍

editor

mediaone editor

Similar News