ഓര്‍മകളില്‍ നൂറു | Short Story

| കഥ

Update: 2024-05-25 03:36 GMT
Advertising

മധ്യാഹ്നം കനത്ത ചൂടിന്റെ കഷ്ണങ്ങള്‍ ബാക്കിയാക്കി നീങ്ങി തുടങ്ങി. സായാഹ്നത്തിന്റെ വരവറിയിച്ച് ആകാശത്ത് ഓര്‍മത്തുണ്ടുകള്‍ മിന്നിമായുന്നു. കാലങ്ങള്‍ക്ക് മുന്നേ ബക്കറ്റില്‍ നിറച്ച തുണികളുമായി ഉള്ളില്‍ പൊള്ളുന്ന വ്യഥകളുടെ കനവും ചുമന്ന് ഒരു പെണ്ണ് പുഴ ലക്ഷ്യമാക്കി നടന്നു.

വല്ലപ്പോഴും പണിയും കൂലിയുമുള്ള ഭര്‍ത്താവ്, ദാരിദ്ര്യം ഒഴിയുമ്പോള്‍ വീണ്ടുമൊരു സ്‌കൂള്‍ യാത്ര സ്വപ്നം കാണുന്ന മകള്‍, ജനനം മുതല്‍ രോഗിയായി സര്‍ജറിയും പ്രതീക്ഷീച്ചു കഴിയുന്ന കുഞ്ഞുമകന്‍. എത്ര അലക്കിയാലും വെടിപ്പാകാത്ത ജീവിതത്തിന്റെ കണ്ണീര്‍ വിഴുപ്പുകളുമായി അവള്‍ നടന്നു. ആ വഴികളിലൂടെ അവളുടെ ഒടുവിലത്തെ നടത്തമാണതെന്ന് അറിയാതെ. അലക്കി തീരാത്ത തുണികള്‍ പുഴയില്‍ ഒഴുകിനടന്നു. കട പുഴകി വീണ തെങ്ങിനോരം അവള്‍ മരിച്ചു കിടക്കുകയായിരുന്നു.

സായാഹ്നങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ മേഘങ്ങള്‍ക്ക് അങ്ങനെയൊരു കഴിവുണ്ട്. നോക്കി നോക്കിയിരിക്കെ അത് ഭൂതകാലത്തിന്റെ ഓര്‍മകളിലേക്ക് വലിച്ചിഴക്കും. പോയകാലം ആത്മാവ് നഷ്ട്ടപ്പെട്ട ശരീരം പോലെ നമുക്കുള്ളില്‍ തെളിയും. സന്തോഷങ്ങളുടെ മധുരം വറ്റി നോവുകളുടെ പുളിപ്പൂറ്റി അവയിങ്ങനെ നമ്മെ കരയിക്കും.

എന്തിന് വേണ്ടി നൂറുവിനെ ഓര്‍ത്തു. ഓര്‍ത്തതല്ല അവര്‍ വെറുതെ കയറി വന്നതാണ്. കടുപ്പം കൂടിയ ചായയുടെ നിറമുള്ളവള്‍, നീലയും ചുവപ്പും കല്ലുകള്‍ പതിച്ച മൂക്കുത്തി, വെറ്റില ചുവപ്പിച്ച ചുണ്ടുകള്‍,

സദാ ഉടുത്തിരുന്ന മങ്ങിയ കനകമരപ്പൂവിന്റെ നിറമുള്ള സാരി, ഒക്കത്ത് വച്ച കുഞ്ഞിമകന്‍, അവരുടെ പിന്നിലായി രണ്ടുഭാഗത്തേക്ക് മെടഞ്ഞിട്ട മുടികളുള്ള വെളുത്ത പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കൈകളില്‍ വാലില്‍ നൂല് കെട്ടിയ കല്യാണതുമ്പി. ഓര്‍മകളുടെ ഫ്രെയിമില്‍ അവരിങ്ങനെ നില്‍ക്കുകയാണ്.

അന്ന് ഒരു മഴ ദിവസമാണ്. അന്ന് മാത്രമല്ല, ആ കാലം മഴയുടെതാണ്. നൂറു മരിച്ചു. കുഞ്ഞിമകന്‍ ഒന്നുമറിഞ്ഞില്ല. അവന്‍ പാലിന് വേണ്ടി ചുണ്ടുകള്‍ നുണഞ്ഞ് പുഴയില്‍ നിന്നും മടങ്ങുന്ന ഉമ്മയേയും കാത്ത് കിടന്നു. നൂറുവിന്റെ മരണസ്ഥലത്ത് ആളുകള്‍ കൂടി. ദൃസാക്ഷികള്‍ ആ രംഗം കാവ്യാത്മകമായി വിവരിച്ചു. വരച്ചിട്ട ഒരു ദുരന്തചിത്രം എനിക്കുള്ളില്‍ ശേഷിച്ചു. ആവിശ്യാനുസരണം ആ ദിവസം അനവധി ദുരന്തചിത്രങ്ങള്‍ എനിക്കുള്ളില്‍ വരക്കപ്പെട്ടു. നൂറുവിന്റെ ചലനമറ്റ ദേഹം മഴതോരാത്ത അവരുടെ ഓലപ്പുരയില്‍ കാഴ്ച്ചക്ക് വയ്ക്കുന്നത് എങ്ങനെയാണ്? ആളുകള്‍ക്ക് തടിച്ചുകൂടാന്‍ വയ്യാത്ത ഇത്തിരി പോന്ന പുരയില്‍ നൂറു എങ്ങനെ ചമഞ്ഞു കിടക്കാനാണ്? 


നൂറുവും ഭര്‍ത്താവും പ്രേമിച്ചു കെട്ടിയതാണ്. അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിലെ ഒടുവിലെ സന്തതിക്ക് ദരിദ്രയും സുന്ദരിയുമല്ലാത്ത ഒരു പെണ്ണിനോട് പ്രേമം അനുഭവപ്പെടുന്നതിലും വലിയ പാതകമെന്തുണ്ട്. സന്തതിക്ക് വീട്ടില്‍ വിലക്ക് ഉണ്ടായി. മരിച്ചാലും തീരാത്ത വിലക്ക്. എങ്കിലും പ്രേമിക്കാന്‍ യോഗ്യതയില്ലാത്തവള്‍ മരിച്ചതല്ലേ, ഒടുവിലായിട്ടൊന്ന് കിടക്കാന്‍, ചോരാത്ത വീട്ടില്‍ വന്നു ആളുകള്‍ക്ക് നൂറുവിനെ ഒരുനോക്ക് കാണാന്‍ അപേക്ഷയും സമര്‍പ്പിച്ച് ഒടുവിലത്തെ സന്തതി പ്രേമിച്ചവളുടെ മയ്യത്തും ചുമന്ന് സ്വന്തം വീട്ടുപടിക്കല്‍ കാത്തുനിന്നു. ഒന്നും നടന്നില്ല. വിലക്ക് മാറിയില്ല. നൂറുവിന് എല്ലാം നിഷേധിക്കപ്പെട്ടു. ജീവിച്ചപ്പോഴും മരിച്ചപ്പോഴും.

ആറടി മണ്ണിലവളെ അടക്കം ചെയ്തു കഴിഞ്ഞപ്പോള്‍ ആളുകള്‍ പറഞ്ഞു, കുഞ്ഞിമകന്റെ ഉറക്കം കാണാന്‍, മകളുടെ തുമ്പിപ്പാട്ട് കേള്‍ക്കാന്‍ പഞ്ഞിക്കായയുടെ മരത്തിനു ചുവട്ടില്‍ ഓലമേഞ്ഞ കൂരയ്ക്ക് മുന്നിലായി രാത്രി കാലങ്ങളില്‍ നൂറു കാത്തുകിടന്നെന്ന്. വഴിവിളക്കുകള്‍ അന്യമായ ഗ്രാമവഴികളിലൂടെ ആളുകള്‍ ഏറെ കാലം അതുപറഞ്ഞു നടന്നു. നൂറുവിനെ കണ്ടു, നൂറുവിനെ കണ്ടു...

പിന്നെ എപ്പോഴോ എല്ലാവരും നൂറുവിനെ മറന്നു. കാലം മഴയും വേനലും ശൈത്യവും കടന്ന് അനന്തതയിലേക്ക്, അപരിചിതമായ അതിന്റെ ഭാവിയിലേക്ക് വേഗത്തില്‍ സഞ്ചരിച്ചു. കുഞ്ഞിമകന് പുതിയ അമ്മ വന്നു. ഇരുഭാഗത്തേക്കും മെടഞ്ഞിട്ട മകളുടെ മുടിയില്‍ പേനുകള്‍ പെറ്റുപെരുകി. അവളുടെ തല മുടിയിഴകള്‍ ഒഴിഞ്ഞ് ശൂന്യമായി കിടന്നു. സ്വപ്നം കണ്ട സ്‌കൂള്‍ ജീവിതം അവളെ തേടി വന്നതേയില്ല. പകരം ഏതോ അടുക്കളയുടെ മൂലയില്‍ മൂന്നക്കം തികഞ്ഞ ശമ്പളത്തിനവള്‍ ജോലി ചെയ്തു.

നൂറുവിന്റെ മരിച്ചദേഹത്തിന് വിലക്ക് കല്‍പിച്ച വീടിനുള്ളിലും കാലം മാറ്റങ്ങളും കൊണ്ടു കടന്നുചെന്നു. അവിടെ നിന്ന് സന്തോഷങ്ങള്‍ ഓരോന്നായി പടിയിറങ്ങി പോയി. മക്കള്‍ ഉപേക്ഷിച്ച ഒരു സ്ത്രീ പോയകാലത്ത് ചെയ്തു കൂട്ടിയ പാപങ്ങളുമെണ്ണി ആ വീട്ടിനുള്ളില്‍ ഒറ്റക്ക് കഴിഞ്ഞു. വിറക്കുന്ന ദേഹവുമായി അവര്‍ ഭക്ഷണവും യാചിച്ച് വീടുകള്‍ തോറും കയറിയിറങ്ങി. ഒടുവിലെപ്പോഴോ ഒരു ആത്മഹത്യയില്‍ ആ സ്ത്രീ ജീവിതം അവസാനിപ്പിച്ചു. വയസ്സുകാലത്ത് വിഷം കഴിക്കേണ്ടി വന്ന അവരുടെ ഗതികേടിന് ആളുകളില്‍ ദുഃഖമുണ്ടായില്ല, പകരം അവര്‍ പറഞ്ഞു, കര്‍മഫലം. 



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റഹീമ ശൈഖ് മുബാറക്ക്

Writer

Similar News