വക്കോളമെത്തിയ കരച്ചിലിന്റെ മൗനം

ഭാഷയുടെ വൈഭവം പീലിക എന്ന കഥയില്‍ ഒരിക്കല്‍ കൂടി പ്രകടമാകുന്നു. പീലിക എന്ന വാക്ക് മലയാളത്തിന് കഥാകാരന്റെ സംഭാവനയാണ്. സ്ത്രീ-പുരുഷ മനസ്സുകളുടെ പിടികിട്ടാത്ത സമസ്യതന്നെയാണ് ഈ കഥയുടേയും മേച്ചിലിടം - ജെഫു ജൈലാഫ് എഴുതിയ 'വെയില്‍ക്കല്ലുകളില്‍ വേരിറങ്ങുമ്പോള്‍' കഥാ പുസ്തകത്തിന്റെ വായന

Update: 2024-05-22 13:13 GMT
Advertising

വേരുകളുടെ അടയാളപ്പെടുത്തലെന്ന് വേണമെങ്കില്‍ ഈ കഥകളുടെ സമാഹാരത്തെ പറയാം. വെയില്‍ക്കല്ലുകളില്‍ വേരിറങ്ങുന്നതും, ഖബര്‍ വെട്ടുമ്പോള്‍ മഞ്ഞ നിറമുള്ള വേര് പെരുമ്പാമ്പിനെ പോലെ പുളയുന്നതും, ജിന്നുകളായി മാറുന്ന വേരുകളും, നാഭിച്ചുഴിയില്‍ നിന്നു പോലും പറിഞ്ഞു പോരുന്ന വേരുകളുടെ ശബ്ദവും മരവേരില്‍ കുടുങ്ങിയ കുളത്തിലെ അസ്ഥിരൂപവും ഈ കഥകളില്‍ നിന്നും വായനക്കാരന് കുഴിച്ചെടുക്കാം.

വിരല്‍വരകള്‍ എന്ന ആദ്യകഥ. തലവരകള്‍ വരയ്ക്കപ്പെടുന്നത് തലയിലല്ല, കാലുകളിലാണെന്ന് പറയുന്ന, മുന്നൂറിലധികം വിരലുകള്‍ മനഃപാഠമായ, ഒരാളുടെ വാക്കുകള്‍ ഈ കഥയിലുണ്ട്.

ബംഗാളിസാഹിത്യകാരന്‍താരാശങ്കര്‍ ബന്ദോപാധ്യായയുടെ ആരോഗ്യനികേതനം എന്ന നോവലിലെ ജീവന്‍മാശായ് നാഡീസ്പന്ദനം തൊട്ടറിഞ്ഞ് രോഗനിര്‍ണ്ണയം നടത്തുന്ന പോലെ കാല്‍വിരലുകള്‍ പഠിച്ച് മൃത്യുവിനെ അറിയുന്ന നായകന്‍.

നോക്ക്ഡ് മജഅല്ലെങ്കില്‍ദ ന്യൂഡ് മജ, 1797-1800 കാലഘട്ടത്തില്‍ സ്പാനിഷ് കലാകാരനായ

ഫ്രാന്‍സിസ്‌കോ ഡി ഗോയ നിര്‍മിച്ച ഒരു ഓയില്‍-ഓണ്‍-കാന്‍വാസ് പെയിന്റിംഗാണ്. കാഴ്ചക്കാരന് നേരെയുള്ള മോഡലിന്റെ നേരായതും ലജ്ജയില്ലാത്തതുമായ നോട്ടത്തിന്റെ പേരില്‍ ഈ പെയിന്റിംഗ് പ്രശസ്തമാണ്. വ്യക്തമായ നിഷേധാത്മകമായ അര്‍ഥങ്ങളില്ലാതെ നഗ്‌നയായ ഒരു സ്ത്രീയുടെ ഗുഹ്യഭാഗത്തെ രോമങ്ങള്‍ ചിത്രീകരിക്കുന്ന ആദ്യകാല പാശ്ചാത്യ കലാസൃഷ്ടികളില്‍ ഒന്നായി ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആ ചിത്രത്തിന് സമാനമായി കഥയിലെ നായികയായ സാഷയെ മരുഭൂമിയുടെ താണ്ഡവനൃത്തത്തില്‍ റിസാ എന്ന കൂട്ടുകാരന്‍ ദര്‍ശിക്കുന്നുണ്ട്. കഥ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നതപ്പോഴാണ്. സ്ത്രീജിവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അതേസമയം ദയനീയവുമായ ഒരു നിസ്സഹായവസ്ഥയെ ഈ കഥ മികവുറ്റ ഭാഷയാല്‍ അടയാളപ്പെടുത്തുന്നു.

ജെഫു ജൈലാഫ് എന്ന കഥാകാരന്‍ ഭാഷയെ ഉപയോഗിക്കുന്നത് കഥയിലേക്ക് വരുന്നവര്‍ക്ക് പഠനയ വിഷയമാക്കാവുന്നതാണ്.

'അലുമിനിയം പാത്രത്തില്‍ ജീവനോടെ പിടിച്ചിട്ടാല്‍ മീനുകള്‍ കിടന്നുഴയുന്ന ശബ്ദമാണ് നഗരത്തിന്.'

'നിയോണ്‍ വെളിച്ചത്തിന് വക്കോളം എത്തിയ കരച്ചിലിന്റെ മൗനവും.'

ഒരാള്‍ മരിച്ചു തുടങ്ങുന്നത് കാല്‍ വിരലുകളില്‍ നിന്നാണ്. പ്രാണന്‍ അവസാനം പുറത്തുപോകുന്നത് കണ്ണിലൂടെയും.

നാഭിയില്‍ വിരല്‍ കുഴിച്ച് താഴേയ്ക്കളക്കൂ...

വിരലറ്റങ്ങള്‍ക്കിടയില്‍ നിനക്കൊരു മരുഭൂമിയുടെ വ്യാസം.

കവിത പോലെ ജെഫുവിന്റെ ഭാഷ കഥയെ ചുറ്റിവരിഞ്ഞ് മണല്‍ നൃത്തം ചെയ്യുന്നു.

വരിയുടഞ്ഞ ഞാവല്‍മരങ്ങള്‍, അഭയാര്‍ഥികളായ മനുഷ്യരെ വരിയുടച്ച് അതിര്‍ത്തിയിലേക്ക് സ്വീകരിക്കുന്ന ദയനീയമായ ഒരു കഥയാണ്. മഞ്ഞണ്ണാന്‍ ഈ കഥയില്‍ ഒരു പ്രതീകമായി നില്‍ക്കുന്നു. വരിയുടച്ച ജീവിതം തന്നെയാണ് അവയുടേതും. മഞ്ഞണ്ണാന്റെ വംശം തന്നെ അറ്റുപോകുമ്പോള്‍ ഞാവല്‍മരങ്ങളുടെ വംശം കൂടിയാണ് ഇല്ലാതാകുന്നത്. ലോകം മുഴുവനുമുള്ള അഭയാര്‍ഥികളെ പ്രതിനിധീകരിക്കുന്ന ഒരു കഥയാണ് 'വഴിയുടഞ്ഞ ഞാവല്‍മരങ്ങള്‍.' ഹൃദയം മുറിയാതെ ഈ കഥ വായിച്ചു പോകാന്‍ വായനക്കാരന് കഴിയില്ല. അത്രമേല്‍ അഭയാര്‍ഥികളുടെ വേദനയും കണ്ണീരും ചോരയും നിസ്സഹായാവസ്ഥയും ഈ കഥയില്‍ വരച്ചു വെച്ചിട്ടുണ്ട്.  


കഷ്ടതയുടെ കനലുകളില്‍ കാല്‍ വെന്തവര്‍ക്ക് മുന്നില്‍ അയാള്‍ സംസാരിക്കാനെണീറ്റു. മരിക്കാന്‍ പോലും ഭൂമി നഷ്ടപ്പെട്ടവര്‍. ജീവിതം തെരഞ്ഞ് അലഞ്ഞെത്തുന്നവരുടെ ആയുസ്സിന്റെ നേര്‍ത്ത വര ഇടമുറിഞ്ഞാവും കൂടെയുണ്ടാവുക. എന്നിങ്ങനെ ഓരോ കഥയിലും കഥാകാരന്‍ തന്റെ ഭാഷാപ്രയോഗങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തിപ്പോകുന്നു.

നോവല്‍ ഒരു സമുദ്രമാണെങ്കില്‍, ചെറുകഥ ഒരു പൊയ്കയാണെന്ന് പറയാം. രണ്ട് ജലാശയങ്ങള്‍ക്കും അവയെ പൂര്‍ണ്ണമാക്കുന്ന സമ്പന്നമായ ഒരു ആവാസവ്യവസ്ഥയുണ്ട്. എന്നാല്‍, ഒരു പൊയ്കയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് നീന്താന്‍ കുറച്ച് സമയമേ എടുക്കൂ. ചെറുകഥകളും അങ്ങനെത്തന്നെയാണ്.ഒരു സംഭവത്തിന്റെ പരിധിക്കുള്ളില്‍ കുറച്ച് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന ഹ്രസ്വമായ ഗദ്യഭാഗങ്ങളാണത്. അവയുടെ ക്രമീകരണത്തിന്റെയും സ്വഭാവത്തിന്റെയും ഘടനയ്ക്കാണ് പ്രാധാന്യം. പ്രദര്‍ശനത്തേക്കാള്‍ പ്രവര്‍ത്തനത്തിലൂടെയാണ് കഥ വികസിപ്പിക്കുന്നത്. ജെഫു ജൈലാഫിന്റെ കഥകളില്‍ ആ ക്രമീകരണമുണ്ട്. ഇതിവൃത്തം, സ്വഭാവം, വൈരുധ്യം എന്നിങ്ങനെ കൃത്യമായവ പറഞ്ഞുവെക്കുന്നുണ്ട്. 


വേര് കുരുക്കുന്നിടം

വിത്തില്ലാത മുളക്കുന്നതാണ്

മീസാന്‍ ചെടികള്‍

പറിച്ചുനട്ടും ഒടിച്ചു കുത്തിയും പരലോകത്തിന്റെ പതാകയായവര്‍

ചുടു വീര്‍പ്പേറ്റ് കനം വെച്ചിട്ടും

പാഴ്കാതലായ്‌പ്പോയവര്‍...

വേര്, മറ്റൊരു കഥയ്ക്കു കൂടി ശീര്‍ഷകമാവുന്നു. ഇക്കുറി പള്ളിപ്പറമ്പിന്റെ ഖബറിടങ്ങളിലെ തെക്കേ അതിരിലുള്ള മുരിക്കുമരത്തിന്റെ വേരാണ് കഥയിലേക്ക് ഖബറിലേക്ക് കടന്നു വരുന്നത്. ഖബര്‍സ്ഥാന്റെ സ്ഥലകാലങ്ങളിലൂടെ കുഴിവെട്ടുകാരനിലൂടെ ചരിത്ര കഥകള്‍ പറയുന്ന ജവനത്തങ്ങളിലൂടെ ഈ കഥ ഫാന്റസിയുടെ തലങ്ങളിലൂടെ മുരിക്കുമരത്തിന്റെ ഇല പോലെ ആകാശത്ത് പാറി കിടക്കുന്നുണ്ട്.

ആദിവൈഗന്ധി മഴ, പുതുമണ്ണില്‍ മഴ ചാറുന്ന പോലെ പ്രണയത്തിനന്റെ ഓണ്‍ലൈന്‍ ചാറ്റലില്‍ ജാലകത്തില്‍ ഒരു കഥാസങ്കേതം തുറന്നു വെയ്ക്കുന്നു. പ്രണയവും രതിയും ഒറ്റയാവുന്ന ജീവിതത്തിന്റെ സങ്കടങ്ങള്‍ പൊതിഞ്ഞുവെച്ച മനോഹരമായ ഒരു ഓണ്‍ലൈന്‍ പ്രണയകഥയാണ് ആദി വൈഗന്ധി. ഭാഷയുടെ ആദ്രമായ പ്രയോഗങ്ങള്‍ ഈ കഥയിലിങ്ങനെ വായിച്ചെടുക്കാം.

'എങ്കിലും വൈഗ... ഇങ്ങനെ തനിച്ച് എത്ര നാള്‍..?'

'ഞാന്‍ തനിച്ചല്ലല്ലോ.. '

ഒരു രഹസ്യം പോലെ അവളുടെ സ്വരം പതിഞ്ഞു. 'ഒരു കൂട്ടുകാരിയുണ്ടെനിക്ക്. മാസങ്ങള്‍ക്കിടയിലെ കൃത്യമായ ഇടവേളകളില്‍ നാഭിച്ചുവക്കുന്ന അശാന്തതയില്‍ മാത്രമാണ് അവളെന്നെ കാണാനെത്തുക. അന്നെന്റെ ശരീരത്തില്‍ നിന്നും ഒരു മണം പരക്കും. മാവിന്റെ തളിരിലയുടെ കന്യാഗന്ധം.' വൈഗയുടെ ശബ്ദം ആര്‍ദ്രമായി.

'ഇന്നീ രാത്രികളില്‍ ഞാന്‍ തനിച്ചല്ല ആദീ. അവള്‍ക്കൊപ്പം നീയുമെത്തിയതോടെ എന്റെ തൈമാവിന്റെ ഇലകളില്‍ ചുവപ്പുനിറം പടരുന്നുണ്ട്... '

പുതുവത്സരാഘോഷത്തിന് പടക്കം പൊട്ടുന്ന ശബ്ദം പോലും ജിഹാദിന് ഭയമാണ്. അതിനയാള്‍ക്ക് കാരണങ്ങളുണ്ട്.

'പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഏതുനേരവും ബോംബിന്റെ ശബ്ദം ഉണ്ടാകാം. ഒന്നില്‍ നിന്നും രക്ഷപ്പെട്ട് കിതപ്പുമാറുന്നതിനു മുന്‍പ് മേല്‍ക്കൂരയില്‍ മറ്റൊരു ബോംബ് വീഴുന്ന നാടാണെന്റേത്. ഒരു ചെറിയ പടക്കം പോലും ഞങ്ങളെ പേടിപ്പെടുത്തുന്നുണ്ട്.

അഭയാര്‍ഥി ജീവിതത്തിന്റെ പ്രവാസ മണ്ണിലെ ചില ചിത്രങ്ങള്‍ വരച്ചുവയ്ക്കുന്ന കഥയാണ് വിശുദ്ധ രേഖകള്‍.

വയല്‍ദൂരങ്ങള്‍

'ഉമ്മക്കവിതയിലേക്കിറ്റുവീണ നെടുവീര്‍പ്പുതുള്ളിയാണുപ്പ'

ഉമ്മ ലൈലത്തയും

ഐദുവിന്റെ ജലജീവിതവും സുനൈനയും മീനുകളും അവയുടെ കണ്ണാടിപ്പാത്രവും, ബണ്ടും ജലവും അടങ്ങിയ മനോഹരമായ ഒരു മാന്ത്രികക്കഥ.

''നിനക്കറിയോ പൊക്കിളൊരു ജി-സ്‌പോട്ടാണ്. ഇഷ്ടങ്ങളെപ്പോലെ നഷ്ടങ്ങളും ആര്‍ത്തലയ്ക്കുന്ന പെണ്‍ ചുഴിയാണത് '' മിഹൈല ഇടതുകാല്‍ മുട്ടു മടക്കി ഒന്നുകൂടി ഫ്രെയിമിലേക്ക് നീങ്ങി പോസ് ചെയ്തു. താഴ്‌വരയിലെ ഉറഞ്ഞു തുടങ്ങിയ നീലത്തടാകത്തിന്റെ പശ്ചാത്തലത്തില്‍ മേഘങ്ങള്‍ക്കു നേരെ മറ്റൊരു സ്വര്‍ണ്ണത്തടമായി അവളുടെ വൃഷ്ടി പ്രദേശം തുറന്നു കിടന്നു. രോമങ്ങളുടെ പീലിക താഴെ അടിയുടുപ്പിന്റെ നേരിയ ഞൊറികള്‍ക്കിടയിലേക്ക് നൂണ്ടിറങ്ങി.

ഭാഷയുടെ വൈഭവം പീലിക എന്ന കഥയില്‍ ഒരിക്കല്‍ കൂടി പ്രകടമാകുന്നു. പീലിക എന്ന ആ വാക്ക് മലയാളത്തിന് കഥാകാരന്റെ സംഭാവനയാണ്. സ്ത്രീ-പുരുഷ മനസ്സുകളുടെ പിടികിട്ടാത്ത സമസ്യതന്നെയാണ് ഈ കഥയുടേയും മേച്ചിലിടം.

എഴുത്തുകാരന്റെ നിരീക്ഷണം പ്രകൃതിയുടെ കൃത്യമായ പ്രതിനിധാനമായിരിക്കണം. ചെറുകഥ ഒരു പ്രത്യേക വേഗതയിലും ഫലപ്രാപ്തിയിലും വ്യക്തമായി അതിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നു: ഏതാനും പേജുകള്‍ക്കുള്ളില്‍, വായനക്കാരന് ഒരു മുഴുവന്‍ പ്രപഞ്ചത്തെ അത് പരിചയപ്പെടുത്തുന്നു. അത്തരം നിരീക്ഷണങ്ങളുടേയും ചെറുകഥയിലെ പരീക്ഷണങ്ങളുടേയും ശേഖരമാണ് ഈ സമാഹാരം.

ദേശം വിട്ടവന്റെ സാഹിത്യത്തെ അകറ്റി നിര്‍ത്തുന്ന പ്രവണത മലയാള സാഹിത്യത്തില്‍ എക്കാലത്തുമുണ്ട്. കത്തുകള്‍ ഇല്ലാതായ കാലത്ത്, കത്തായി എഴുതേണ്ട നിത്യജീവിതത്തിലെ കാഴ്ചകള്‍ കഥയാക്കി, പുസ്തകമായി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പ്രകാശനം ചെയ്യുന്ന എഴുത്തുകാരുണ്ട്. ഓര്‍മ്മകളും യാത്രകളും ചെറുകഥകളെന്ന ശാഖയില്‍ അച്ചടിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. അവിടെയാണ് വിഷയത്തിന്റെ വൈവിധ്യത്താലും ചിന്തേരിട്ട് ചീകിച്ചീകി മിനുസ്സമാക്കിയ ഭാഷയാലും ഏറ്റവും മികച്ച കഥകളുമായി ഒരു കഥാകാരന്‍ മുഖ്യധാരാ സാഹിത്യത്തിനൊപ്പം നില്‍ക്കുന്നത്. എന്നാല്‍, ആ കഥകള്‍, അത്രയൊന്നും വായിക്കാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നത്, അയാളൊരു പരദേശിയായതിനാലും. 


സാപ്പിയന്‍ ലിറ്ററേച്ചറാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഓരോ കഥകള്‍ക്കും ഷാഫി കേമിയോ, ഇഷാഖ് നിലമ്പൂര്‍ എന്നിവര്‍ വരച്ച ചിത്രവരകള്‍ അതിഗംഭീരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 

 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - രമേഷ് പെരുമ്പിലാവ്

Writer & Artist

Similar News