അസമിന്‍റെ കണ്ണീർ: മുങ്ങുന്ന ജീവിതങ്ങൾ, മായുന്ന വിലാസങ്ങൾ

ആർത്തലച്ചു വരുന്ന ഏത് ദുരന്തവും അധികം വൈകാതെ ഇരകളോട് നീതി കാണിക്കാറുണ്ട്. ഭൂമിയും ജീവനുകളും എടുത്തിട്ടൊടുവിൽ ശരീരങ്ങളെ ഉറ്റവർക്ക് വിട്ടുകൊടുക്കാറുണ്ട്. പക്ഷേ അസമിന്റെ കാര്യത്തിൽ പ്രകൃതി ആ പ്രായശ്ചിത്തം ചെയ്യാറില്ല. ഓരോ ദുരന്തങ്ങളിലും നൂറുകണക്കിന് മനുഷ്യർ കാണാമറയത്താകുന്നു

Update: 2026-08-07 17:31 GMT

Photo: News mill

നോവ് പെയ്തൊഴിഞ്ഞിട്ട് രണ്ടാണ്ട് കഴിഞ്ഞു. അതിരോ അടയാളമോ മേൽവിലാസമോ തിരിച്ചറിയാത്ത വിധം ഒരു മണ്ണിനെയും അവിടുത്തെ മനുഷ്യരെയും പ്രകൃതി കുടഞ്ഞെറിഞ്ഞിട്ട് രണ്ടുവർഷമാകുന്നു. ഓർമ്മകളുടെ അടരുകളിൽ കണ്ണീർ മാത്രം ബാക്കിയായ മുണ്ടക്കൈ- ചൂരൽ മല ദുരന്തത്തിന്റെ രണ്ട് സംവത്സരങ്ങൾ പിന്നിടുന്നു.

എങ്കിലും നടുക്കുന്ന പ്രളയദുരന്തങ്ങൾ വിട്ടുമാറുന്നില്ല. കിലോമീറ്ററുകൾക്കപ്പുറം ഒരു ജനത ഒന്നടങ്കം മരണഭയത്തിലാണ്...ബ്രഹ്മപുത്രയുടെ ഓളങ്ങൾക്കിടയിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട് നിസ്സഹായരായ അസമിലെ ആയിരക്കണക്കിന് മനുഷ്യജീവിതങ്ങൾ. ആർത്തലച്ചൊഴുകുന്ന വെള്ളപ്പാച്ചിലിനിടയിൽ ഉറ്റവർ ഒഴുകിപ്പോകുമോ എന്ന് ഭയന്ന് ഉറക്കമിളച്ചിരിക്കുന്ന ഒരു ജനത. കൺമുമ്പിൽ തന്റെ പ്രിയപ്പെട്ടവർ ഒഴുക്കിൽപ്പെട്ട് പോകുന്നത് കണ്ട് നിസ്സഹായരായി ഹൃദയം മരിച്ചവർ, ചെളിവെള്ളം തലച്ചോറിൽ കയറി ചത്തോടുങ്ങുന്ന നിരവധി മിണ്ടാപ്രാണികൾ, ഒരായുസ്സ് മുഴുവൻ സമ്പാദിച്ചതെല്ലാം ഒറ്റ നിമിഷം കൊണ്ട് പ്രകൃതി കവർന്നെടുത്തത് കണ്ട് ഹൃദയം തകർന്നവർ, കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നവർ ,ഒഴുകി നടക്കുന്ന പാഠപുസ്തകങ്ങൾ, വെള്ളം കയറിയ വീടുകളുടെ മേൽക്കൂരകളിൽ കാത്തുനിൽക്കുന്നവർ...

Advertising
Advertising

Photo: The Hindu

ആർത്തലച്ചു വരുന്ന ഏത് ദുരന്തവും അധികം വൈകാതെ ഇരകളോട് നീതി കാണിക്കാറുണ്ട്. ഭൂമിയും ജീവനുകളും എടുത്തിട്ടൊടുവിൽ ശരീരങ്ങളെ ഉറ്റവർക്ക് വിട്ടുകൊടുക്കാറുണ്ട്. പക്ഷേ അസമിന്റെ കാര്യത്തിൽ പ്രകൃതി ആ പ്രായശ്ചിത്തം ചെയ്യാറില്ല. ഓരോ ദുരന്തങ്ങളിലും നൂറുകണക്കിന് മനുഷ്യർ കാണാമറയത്താകുന്നു.

അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 45,341 ഹെക്ടർ കൃഷിഭൂമിയാണ് വെള്ളത്തിനടിയിലായത്. പല ജില്ലകളിലായി വീടുകൾ, കൃഷിയിടങ്ങൾ ,സ്കൂളുകൾ ,അംഗനവാടികൾ, കന്നുകാലി ഫാമുകൾ തുടങ്ങി വലിയ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ കുതിച്ചെത്തിയ വെള്ളം ഏഴു ലക്ഷത്തിലധികം മനുഷ്യരെയാണ് ബാധിച്ചത്. മരണസംഖ്യ 75 കടന്നു. ഇനിയുമെത്ര ജീവനുകൾ നഷ്ടമാകും.

ഇവിടെയാണ് ചില ചോദ്യങ്ങൾ പ്രസക്തമാകുന്നത്. 2021ലെ അസം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അസമിനെ പ്രളയരഹിത സംസ്ഥാനമാക്കുമെന്നായിരുന്നു. അഞ്ചു വർഷങ്ങൾക്കിപ്പുറം ബിജെപിയുടെ ഡബിൾ എഞ്ചിൻ ഭരണത്തിന് കീഴിലെ അസമിന്റെ യാഥാർഥ്യമെന്താണ്? ആ വാഗ്ദാനം എവിടെപ്പോയി? എന്തുകൊണ്ടാണ് വർഷംതോറും ഒരേ ദുരന്തം ആ നാട്ടുകാരെ വേട്ടയാടുന്നത്?

1950 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി 8.6 റിക്ടർ സ്കെയിൽ തീവ്രതയിൽ സംഭവിച്ച ഭീകര ഭൂകമ്പം ഹിമാലയൻ പർവ്വത നിരകളെ പിടിച്ചു കുലുക്കി. ടിബറ്റിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും നിരവധി ഗ്രാമങ്ങൾ ഈ ഭൂകമ്പത്തിന്റെ പ്രകമ്പനമറിഞ്ഞു. 4800 ലേറെ മനുഷ്യർക്ക് ജീവൻ നഷ്ടമായി .ഹിമാലയൻ പർവതത്തിൽ നിന്ന് ടൺ കണക്കിന് മണ്ണും പാറക്കല്ലുകളും ബ്രഹ്മപുത്ര നദിയിലേക്ക് ഒലിച്ചിറങ്ങിയപ്പോൾ അസമിന്റെ ഹൃദയത്തിലൂടെ മണ്ണും കല്ലും കുത്തിയൊലിച്ചെത്തി. അതോടെ ബ്രഹ്മപുത്രാനദിക്ക് വെള്ളം വഹിക്കാനുള്ള ശേഷി ശാശ്വതമായി കുറഞ്ഞു .പിന്നീട് പ്രളയം അസമിൽ നിത്യ സന്ദർശകനായി. സവിശേഷമായ അസമിന്റെ ഭൂപ്രകൃതിയും ബ്രഹ്മപുത്ര നദിയുടെ സ്വഭാവവും മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളുമാണ് ഈ ദുരന്തത്തിന് വഴിയൊരുക്കുന്നത്.

ടിബറ്റിൽ നിന്ന് ആരംഭിച്ച് അരുണാചൽ പ്രദേഷിലൂടെയും അസമിലൂടെയും ഒഴുകുന്ന ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളും വഹിച്ചെത്തുന്ന വൻതോതിലുള്ള മണ്ണും, എക്കലുകളും നദീതടങ്ങളിൽ അടിഞ്ഞുകൂടുന്നതോടെ നദിയുടെ ആഴവും വെള്ളമുണ്ടാകാനുള്ള ശേഷിയും കുറയുന്നു .ശക്തമായ ഒരു മഴയിൽ തന്നെ നദി കരകവിഞ്ഞൊഴുകും .ശക്തമായ മഴയും മറ്റൊരു വില്ലനാണ് .മഴയെത്തുടർന്ന് ഇത്തവണ നാഗാലാൻഡിലെ മോൺ ജില്ലയിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായിരുന്നു. അതോടൊപ്പം ചേർത്ത് പറയേണ്ടതാണ് മനുഷ്യ ഇടപെടലുകൾ .നദീതടങ്ങളിലും മലനിരകളിലും നടക്കുന്ന അനധികൃത ഖനനം ,വനനശീകരണം ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ എന്നിവയും ഏറെ വെല്ലുവിളിയുയർത്തുന്നു.

ഇതോടൊപ്പം പ്രകൃതിദുരന്തങ്ങൾ തീർക്കുന്ന ഐഡന്റിറ്റി ക്രൈസിസിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ആധാറും ,തിരിച്ചറിയൽ കാർഡും ,പാസ്പോർട്ടും തുടങ്ങി വേണ്ടപ്പെട്ട സർവ്വ രേഖകളെല്ലാം പ്രകൃതിദുരന്തങ്ങളോടൊപ്പം മണ്ണിനടിയിൽ പതിക്കും .അസമിൽ പക്ഷേ ഇതെല്ലാം നിലനിൽപ്പിന്റെ കച്ചിത്തുരുമ്പുകളാണ്. NRC ആ ജനതയുടെ പൗരത്വത്തെ പോലും ചോദ്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞങ്ങളും ഈ രാജ്യക്കാരാണെന്ന് തെളിയിക്കാൻ അവശേഷിക്കുന്ന രേഖകൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു മഴ നനയുകയാണ് അസംകാർ.

ഓരോ പ്രളയ ദുരന്തങ്ങൾക്ക് ശേഷവും മേൽവിലാസം നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുണ്ട് അസമിൽ. പൗരത്വം തെളിയിക്കാൻ ഭൂരേഖകൾ ഹാജരാക്കണമെങ്കിൽ ആ ഭൂമിപോലും ബ്രഹ്മപുത്ര നദി കൊണ്ടുപോയിരിക്കുന്നു .എൻആർസി പ്രകാരം അസമിൽ 19 ലക്ഷം ജനങ്ങൾ വോട്ടർപട്ടികക്ക് പുറത്തായിരുന്നു. ഓരോ പ്രളയം കഴിയുമ്പോഴും രേഖകളോടൊപ്പം ആ രേഖകളുമായി ബന്ധപ്പെട്ട മനുഷ്യരും, ഭൂമിയും ,അടയാളങ്ങളും ,പൗരത്വവുമെല്ലാം നഷ്ടപ്പെടുന്ന അതിഭയാനകരമായ സാഹചര്യം.

2016 ലെ ബിജെപിയുടെ അസം വിഷൻ ഡോക്യുമെന്റ് 2016- 25 ലും പിന്നീട് 2021 ലെ പ്രകടന പത്രികയിലും പ്രളയ നിയന്ത്രണത്തിന് വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ബ്രഹ്മപുത്രയുടെ ആഴം വർധിപ്പിക്കാൻ ഡ്രഡ്ജിങ് നടത്തും, നദീതീര വികസന പദ്ധതികൾ നടപ്പിലാക്കും, ആധുനിക പ്രളയ മുന്നറിയിപ്പ് സംവിധാനമൊരുക്കും തുടങ്ങിയ വാഗ്ദാനങ്ങൾ...

2016 ൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ബ്രഹ്മപുത്രയിൽ സതിയ മുതൽ ദൂബ്രി വരെ ഡ്രഡ്ജിങ് നടത്തുമെന്നും നദിയുടെ ഇരുകരകളിലും എക്സ്പ്രസ്സ്‌ വേ നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2020 ൽ അസം ജലസേചന മന്ത്രി നിയമസഭയിൽ സമ്മതിച്ചത് സർക്കാർ ഇതുവരെ ഒരു ഡ്രഡ്ജർ പോലും വാങ്ങിയിട്ടില്ലെന്നാണ്.

ബ്രഹ്മപുത്രയുടെ സമഗ്ര ഡ്രഡ്ജിങ്ങിനോ പ്രഖ്യാപിച്ച എക്സ്പ്രസ്സ്‌വേ നിലവിൽ പദ്ധതിയില്ലെന്ന് പിന്നീട് കേന്ദ്രസർക്കാർ പാർലമെന്റിലും വ്യക്തമാക്കി. ഡിസാസ്റ്റർ റിപ്പോർട്ടിങ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (DRIMS), ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ (DRR), ഡ്രോൺ നിരീക്ഷണം തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രളയം മുൻകൂട്ടി തിരിച്ചറിയാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കഴിയുന്ന സംവിധാനങ്ങൾ ഒരുക്കുമെന്ന് പറഞ്ഞ് അസം സർക്കാർ മറ്റൊരു അവകാശ വാദവും ഉയർത്തിയിരുന്നു.

എന്നാൽ ഇത്തവണ നാഗാലാ‌ൻഡിൽ കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയപ്പോൾ ഈ സംവിധാനങ്ങളൊന്നും രക്ഷക്കെത്തിയില്ല. ഒരു ജാഗ്രതാ മുന്നറിയിപ്പ് പോലും കിട്ടിയില്ലെന്നാണ് ശിവസാഗറിലെയും ചരേഡിയോയിലെയും ജനങ്ങൾ ആക്ഷേപം ഉയർത്തുന്നത്. അമിത്ഷായുടെ പ്രളയരഹിത അസമെന്ന വാഗ്ദാനം എവിടെപ്പോയി ? പത്തു വർഷമായി കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലിരിക്കെ എന്തുകൊണ്ടാണ് അസമിന് ഇന്നും ശാശ്വതമായ പ്രളയ നിയന്ത്രണ സംവിധാനം ഒരുക്കാൻ കഴിയാത്തത് ? പ്രതിപക്ഷമടക്കം ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ പ്രളയനിയന്ത്രണം അതീവ സങ്കീർണ്ണമായ ഒരു വിഷയമാണെന്നും കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര മഴയും വെല്ലുവിളി വർധിപ്പിച്ചിട്ടുണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

അപ്പോൾ പരിഹാരമെന്താണ്?

നദീതട സംരക്ഷണം ,ശാസ്ത്രീയ രീതിയിലുള്ള ഡ്രെഡ്ജിങ് , മണ്ണെടുപ്പ് നിയന്ത്രണം, വനസംരക്ഷണം , ആധുനിക പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങൾ, ഉയർന്ന പ്രദേശങ്ങളിലുള്ള സുരക്ഷിത അഭയകേന്ദ്രങ്ങൾ, കാലാവസ്ഥാവ്യത്യാനത്തെ മുൻനിർത്തിയിള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ കൃത്യമായി ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദീർഘകാല നദീതട മാനേജ്മെന്റിന് കേന്ദ്രവും സംസ്ഥാനവും കൈകോർത്തു പ്രവർത്തിക്കണം. ഓരോ മൺസൂണും അസമിനെ മാറ്റിമറിക്കുന്ന ദുരന്തങ്ങൾ സമ്മാനിക്കുമ്പോൾ മാറ്റമില്ലാത്തത് ഈ വാഗ്ദാനങ്ങൾക്ക് മാത്രം.

പ്രളയം അവസാനിക്കും. അസ്സമുകാർ വീണ്ടും പൂജ്യത്തിൽ നിന്ന് ജീവിതം പണിയും. പക്ഷേ അതിന്റെ ആയുസ്സ് അടുത്ത മഴക്കാലം വരെ മാത്രമാണെന്നതാണ് നീറുന്ന യാഥാർത്ഥ്യം .

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - സയ്യിദ് ഷമീം അലി

contributor

Similar News