ജാതി, സിനിമ, രാഷ്ട്രീയം: തമിഴകത്തിന്റെ താരാപഥങ്ങൾ

എല്ലാ ചരിത്രങ്ങളിലുമെന്നപോലെ താരരാഷ്ട്രീയത്തിലും വിജയികളും പരാജിതരുമുണ്ട്. സിംഹാസനങ്ങളും ബലികുടീരങ്ങളുമുണ്ട് സാംസ്‌കാരിക പഠനങ്ങൾ പരാജിതരുടേതു കൂടിയാകുന്ന ശ്രദ്ധേയമായ ഒരു ചലച്ചിത്ര/രാഷ്ട്രീയചരിത്ര/നിരൂപണ മാതൃക മുന്നോട്ടുവയ്ക്കുന്ന ടി. അനീഷിന്റെ പുസ്തകം തമിഴ് സിനിമയിലെ രാഷ്ട്രീയ ബലികുടീരങ്ങളുടെ കഥ പറയുന്ന മലയാള രചനകൂടിയാണ്

Update: 2026-10-01 16:03 GMT

ഇതിഹാസ, പുരാണങ്ങൾ തൊട്ടുള്ള സാഹിത്യപാഠങ്ങളും നാടകമുൾപ്പെടെയുള്ള പല രംഗകലകളുമായി സിനിമയ്ക്കുള്ള ചാർച്ച, ജനപ്രിയസിനിമയുടെ മുഖമുദ്രയായ നൃത്ത-ഗാന സംസ്‌കാരങ്ങൾ, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളിലെ കലാസിനിമാപ്രസ്ഥാനങ്ങൾ, ബോളിവുഡിന്റെ ആഗോളവിപണി സാധ്യതകൾ, തമിഴ്, തെലുഗു സിനിമാതാരങ്ങളുടെ രാഷ്ട്രീയബന്ധം എന്നിങ്ങനെ നീളുന്നു, ഇന്ത്യൻ ചലച്ചിത്രകല മുൻനിർത്തിയുള്ള അക്കാദമിക പഠനങ്ങളുടെ സ്ഥൂലചരിത്രം. സൂക്ഷ്മതലത്തിലാകട്ടെ എത്രയെങ്കിലും മേഖലകളിലേക്കു വഴിതിരിഞ്ഞു പോകുന്ന രാഷ്ട്രീയ, സമ്പദ്, സാമൂഹ്യ, സാംസ്‌കാരിക വിശകലനങ്ങളുടെ ഒരു ലോകവുമാണത്.

Advertising
Advertising

കലാസിനിമ-കച്ചവടസിനിമ എന്ന ദ്വന്ദ്വമാണ് ഈ പഠനങ്ങളുടെ ഏറ്റവും പ്രസിദ്ധമായ പശ്ചാത്തലവും സന്ദർഭവും. മതാത്മകത മുതൽ വർഗീയത വരെയും ജാതീയത മുതൽ ലിംഗപദവി വരെയും വംശീയത മുതൽ ഗോത്രബന്ധങ്ങൾ വരെയും ദേശീയത മുതൽ ആഗോളത വരെയും വിപണി മൂലധനം മുതൽ സാങ്കേതിക പരീക്ഷണങ്ങൾ വരെയും ശരീരരാഷ്ട്രീയം മുതൽ ഭാഷാസ്വത്വങ്ങൾ വരെയുമുള്ള നിരവധിയായ സാംസ്‌കാരിക സ്വരൂപങ്ങളിലേക്ക് ഈ വിശകലനങ്ങൾ ചിതറിപ്പരക്കുന്നു. സാമൂഹ്യശാസ്ത്രപരവും മനോവിജ്ഞാനീയപരവും ചിഹ്നവിശകലനപരവും ഉദാരമാനവവാദപരവും പ്രത്യയശാസ്ത്രപരവും ഉള്ളടക്കപരവും രൂപ-മാധ്യമപരവുമൊക്കെയായ ചലച്ചിത്രപഠനങ്ങളുടെ വലിയൊരു നിരതന്നെ നമുക്കു മുന്നിലുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെവിടെയുമെന്നപോലെ ഇന്ത്യയിലും ഒരു സമാന്തര ജീവിതം പോലെ മനുഷ്യർ അനുഭവിച്ചറിഞ്ഞ കലയാണ് സിനിമ. ചരിത്രത്തിൽ മറ്റൊരു കലയ്ക്കും ആവിഷ്‌ക്കാരത്തിനും സിനിമയോളം മനുഷ്യരെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. 'ഇരുപതാം നൂറ്റാണ്ടിന്റെ കല' മാത്രമല്ല കലാത്മക ജീവിതവും മറ്റെന്തിലുമുപരി സിനിമയാണ് എന്നു പറയേണ്ടിവരുന്ന സാഹചര്യമിതാണ്.

മലയാളത്തിന് തീർത്തും അപരിചിതവും തെലുഗു, തമിഴ് മേഖലകൾക്ക് ഏറെ പരിചിതവുമായ ജനപ്രിയ സിനിമാസംസ്‌കാരമാണ് താരങ്ങളുടെ കക്ഷിരാഷ്ട്രീയ രംഗപ്രവേശം. എല്ലാ ചരിത്രങ്ങളിലുമെന്നപോലെ ഇവിടെയും വിജയികളും പരാജിതരുമുണ്ട്. സിംഹാസനങ്ങളും ബലികുടീരങ്ങളുമുണ്ട്. സാംസ്‌കാരിക പഠനങ്ങൾ പരാജിതരുടേതു കൂടിയാകുന്ന ശ്രദ്ധേയമായ ഒരു ചലച്ചിത്ര/രാഷ്ട്രീയചരിത്ര/നിരൂപണ മാതൃക മുന്നോട്ടുവയ്ക്കുന്ന ടി. അനീഷിന്റെ പുസ്തകം തമിഴ് സിനിമയിലെ രാഷ്ട്രീയ ബലികുടീരങ്ങളുടെ കഥ പറയുന്ന ആദ്യ മലയാളരചനയാണ്. പെരിയാറിന്റെ ലെഗസി പിൻപറ്റുന്ന ദ്രാവിഡ രാഷ്ട്രീയപ്രസ്ഥാനവും ദേശീയപ്രസ്ഥാനത്തിന്റെ ലെഗസി ഏറ്റെടുത്ത ബ്രാഹ്മണരാഷ്ട്രീയവും തമ്മിൽ തുടക്കം തൊട്ടേയുണ്ടായിരുന്ന ഏറ്റവും വലിയ ഭിന്നതകളിലൊന്ന് സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. ഡി.എം.കെ. സ്ഥാപിച്ച അണ്ണാദുരൈയുടെ ഇടം കയ്യും വലം കയ്യുമായി മാറിയ മുത്തുവേൽ കരുണാനിധിയും എം.ജി. രാമചന്ദ്രനും തമിഴ് സിനിമ അടക്കി ഭരിച്ചത് കാൽനൂറ്റാണ്ടു കാലമാണെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയം അരനൂറ്റാണ്ട് കാലം അവരുടെ ചൊൽപ്പടിയിലായി. അണ്ണാദുരൈയുടെ കാലശേഷം കരുണാനിധിയും എം.ജി.ആറും ഇരുധ്രുവങ്ങളിലെത്തി. എം.ജി.ആറിനുശേഷം കരുണാനിധിയും ജയലളിതയും തമ്മിലായി യുദ്ധം. അണ്ണാദുരൈയും കരുണാനിധിയും ചലച്ചിത്രത്തിനു പിന്നിൽ നിന്നാണ് രാഷ്ട്രീയത്തിലെത്തി വെന്നിക്കൊടി പാറിച്ചതെങ്കിൽ എം.ജി.ആറും ജയലളിതയും തിരശ്ശീലയിൽ നിന്നിറങ്ങിവന്ന താരദൈവങ്ങളായിരുന്നു. ഈയൊരു പ്രഭാവം പിൽക്കാലത്താർജ്ജിക്കാൻ കഴിഞ്ഞ ഏകതാരം ഇപ്പോഴത്തെ മുഖ്യമന്ത്രി ജോസഫ് വിജയ് മാത്രമാണ്. ഇടക്കാലത്ത് രജനീകാന്ത്, രാഷ്ട്രീയത്തിലിറങ്ങുമെന്ന വലിയ പ്രതീതി സൃഷ്ടിച്ചുവെങ്കിലും അതു സംഭവിച്ചില്ല. എങ്കിലും ജയലളിതക്കു നേരെ അസാധാരണമായ രാഷ്ട്രീയ എതിർപ്പുയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.


ശിവാജി ​ഗണേശൻ

വിജയിച്ച സിനിമാ ഇതിഹാസങ്ങളുടെ കഥയല്ല അനീഷ് ഇവിടെ പറയുന്നത്. രാഷ്ട്രീയ യുദ്ധത്തിനിറങ്ങി പരാജയപ്പെട്ട താരങ്ങളുടെ കഥയാണിത്. ഇക്കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്ത്, തമിഴ് രാഷ്ട്രീയത്തിൽ പയറ്റാനിറങ്ങി ഏറെക്കുറെ ദുരന്തനായകരായവസാനിച്ച പത്തു താരങ്ങളുടെ കഥ. ശിവാജിഗണേശൻ, എസ്.എസ്. രാജേന്ദ്രൻ, കെ. ഭാഗ്യരാജ്, ടി. രാജേന്ദർ, ശരത്കുമാർ, വിജയകാന്ത്, കാർത്തിക്, കരുണാസ്, സീമാൻ, കമൽഹാസൻ എന്നിവരാണവർ. സിനിമയിൽ ഓരോരുത്തരും തങ്ങളുടെ തട്ടകം വെട്ടിപ്പിടിച്ചു. പക്ഷെ രാഷ്ട്രീയത്തിൽ ചെറിയ ചലനങ്ങളുണ്ടാക്കി ചരിത്രത്തിന്റെ തിരശ്ശീലക്കു പിന്നിൽ മറയാനായിരുന്നു ഇവരുടെ വിധി.

ജാതിയും സിനിമയും രാഷ്ട്രീയവും തമിഴകത്തിന്റെ താരാപഥങ്ങളിൽ ഒരൊറ്റ സമവാക്യമായി രൂപം കൊണ്ടതിന്റെ സാമൂഹ്യാപഗ്രഥനവും സാംസ്‌കാരിക നിരൂപണവുമായി മാറുന്നു അനീഷിന്റെ അന്വേഷണങ്ങൾ. തമിഴ്‌സിനിമയും രാഷ്ട്രീയവും ജാതിയുടെയും വംശീയതയുടെയും ഇരുകാലുകളിലാണ് എക്കാലത്തും നിവർന്നു നിൽക്കുന്നത്. ഓരോ താരകഥയും പറയുമ്പോൾ അനീഷ് ഈ നിരീക്ഷണം സൂക്ഷ്മമായി പിന്തുടരുന്നു. എം.എസ്.എസ്. പാണ്ഡ്യൻ മുതൽ രവിവാസുദേവൻ വരെയുള്ളവരുടെ പ്രസിദ്ധങ്ങളായ തമിഴ് സിനിമാപഠനങ്ങൾ ഒരുവശത്ത്. തമിഴ് രാഷ്ട്രീയത്തിന്റെ ദൈനംദിന സ്പന്ദനങ്ങൾ മറുവശത്ത്. ദ്രാവിഡ മുന്നേറ്റപ്രസ്ഥാനത്തിന്റെ അകംപുറങ്ങൾ ഒരുവശത്ത്. ജാതിബന്ധങ്ങൾ ഊടും പാവും നെയ്യുന്ന കക്ഷിരാഷ്ട്രീയ സമവാക്യങ്ങളുടെ സമീപകാല ചരിത്രം മറുവശത്ത് - ജാതി, സിനിമ, രാഷ്ട്രീയം എന്നീ മൂന്നു ജീവിതമണ്ഡലങ്ങളെ സയുക്തികമായി കോർത്തിണക്കി അനീഷ് പരാജിത നായകരുടെ തിരക്കഥ തയ്യാറാക്കുന്നു.


രജനീകാന്ത്

അണ്ണാദുരൈയുടെ രാഷ്ട്രീയ തിരക്കഥയും കരുണാനിധിയുടെ ചലച്ചിത്ര തിരക്കഥയും ചേർന്നു സൃഷ്ടിച്ച രണ്ട് ജനപ്രിയ താരങ്ങളായിരുന്നല്ലോ ശിവാജിഗണേശനും എം.ജി. രാമചന്ദ്രനും. ഇവരിൽ ഒരാൾ തമിഴ് രാഷ്ട്രീയത്തിലെ എക്കാലത്തെയും ജനപ്രിയനേതാവായി മാറിയപ്പോൾ മറ്റേയാൾ രാഷ്ട്രീയ വിപര്യയങ്ങളുടെ മൂർത്ത പ്രതീകമായിത്തീർന്നു. ശിവാജിഗണേശന്റെ പരാജിത രാഷ്ട്രീയത്തിന്റെ കഥയാണ് അനീഷിന്റെ ആദ്യലേഖനം. എം.ജി. ആറിനൊപ്പം നാല്പതിറ്റാണ്ട് തമിഴ് സിനിമ അടക്കി ഭരിച്ചിട്ടും ശിവാജി രാഷ്ട്രീയത്തിൽ എങ്ങുമെത്തിയില്ല. കൂറുമാറ്റങ്ങളും മുന്നണിമാറ്റങ്ങളും വഴി പല കക്ഷികൾക്കൊപ്പമെത്തിയിട്ടും ഇതിനു മാറ്റമുണ്ടായില്ല.

എസ്.എസ്. രാജേന്ദ്രൻ ശിവാജിക്കും എം.ജി.ആറിനുമൊപ്പം തമിഴ് സിനിമയിലും തുടർന്ന് രാഷ്ട്രീയത്തിലും പ്രസിദ്ധനായി. നിയമസഭാംഗമായ ആദ്യ തമിഴ് സിനിമാതാരം രാജേന്ദ്രനാണ്. പക്ഷെ പിൽക്കാലത്ത് ശിവാജിയെപ്പോലെ തന്നെ കൂറുമാറ്റങ്ങളുടെ പരമ്പരയായിരുന്നു രാജേന്ദ്രന്റെയും വിധി.'80കളിലും '90കളിലുമായി മത്സരബുദ്ധിയോടെ രാഷ്ട്രീയപ്പോരിനിറങ്ങിയ സിനിമാ താരങ്ങളാണ് ഭാഗ്യരാജ്, ടി. രാജേന്ദർ, ശരത്കുമാർ, വിജയകാന്ത് എന്നിവർ.


എം.ജി.ആർ

രാഷ്ട്രീയത്തിൽ എം.ജി.ആറിന്റെ പിൻഗാമിയെന്ന് കരുതപ്പെട്ട ഭാഗ്യരാജ് പക്ഷെ ആ പ്രതീക്ഷ നിലനിർത്തിയില്ല. നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടും അദ്ദേഹം എങ്ങുമെത്തിയില്ല. ഒറ്റയാൾ പട്ടാളമായി രാഷ്ട്രീയത്തിലിറങ്ങിയ രാജേന്ദർ ഒരു ഘട്ടത്തിൽ കരുണാനിധിയുടെ വലംകയ്യായി മാറിയെങ്കിലും ഡി.എം.കെ.യുമായി ഇണങ്ങിയും പിണങ്ങിയും നിരവധി ഏറ്റിറക്കങ്ങളിലൂടെ കടന്നുപോയ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

'90കളിൽ ഡി.എം.കെ. വഴിതന്നെയാണ് ശരത്കുമാറും രാഷ്ട്രീയത്തിലെത്തുന്നത്. ജയലളിതക്കെതിരെ. ഒരുപതിറ്റാണ്ടിനപ്പുറം ശരത്കുമാർ ഡി.എം.കെ. വിട്ടു ശിവാജിയും രാജേന്ദറും ചെയ്തതു പോലെ സ്വന്തം പാർട്ടിയുണ്ടാക്കി. സ്വന്തം സമുദായത്തിൽ ചെറിയ ചില ചലനങ്ങളുണ്ടാക്കിയതൊഴിച്ചാൽ കൂറുമാറ്റങ്ങളുടെ ചരിത്രമാണ് അദ്ദേഹത്തെയും കാത്തിരുന്നത്.

ശ്രീലങ്കൻ തമിഴ് വംശീയ കലാപങ്ങളിൽ നിന്നാണ് വിജയകാന്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. കരുണാനിധിയെയും ജയലളിതയെയും രൂക്ഷമായി വിമർശിച്ചു മുന്നോട്ടു പോയ വിജയകാന്തിന്റെ ഡി.എം.ഡി.കെക്ക് പിൽക്കാലത്ത് കാര്യമായ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റിൽ വിജയിച്ച് ഡി.എം.ഡി.കെ. ചരിത്രമെഴുതി. വിജയകാന്ത് പ്രതിപക്ഷ നേതാവായി.

കാർത്തിക്, കരുണാസ്, സീമാൻ, കമൽഹാസൻ എന്നിവരുടെ രാഷ്ട്രീയ ജീവിതം പക്ഷെ തങ്ങളുടെ മുൻഗാമികളുടേതുപോലെ സംഭവബഹുലമായില്ല. പ്രാദേശിക, ജാതി സമവാക്യങ്ങളിൽ ഒതുങ്ങിനിന്നു അവർ. സീമാൻ ശ്രീലങ്കൻ തമിഴ് വംശീയതയുടെ രാഷ്ട്രീയം പുനരുജ്ജീവിപ്പിക്കാൻ ഏറെ ശ്രമിച്ചുവെന്നതും കമൽഹാസൻ ദേശീയ രാഷ്ട്രീയ മുന്നണികളുടെ ഭാഗമാകാൻ ശ്രമിച്ചുവെന്നതുമാണ് എടുത്തുപറയേണ്ട രണ്ടു കാര്യങ്ങൾ. രജനീകാന്തിന്റെ സഫലമാകാത്ത രാഷ്ട്രീയ സ്വപ്നങ്ങളുടെ കഥ കൂടി പറഞ്ഞാണ് അനീഷ് ഈ പുസ്തകം അവസാനിപ്പിക്കുന്നത്.

'പരാജിതനായകർ' ഉയർത്തുന്ന ഏറ്റവും പ്രധാന ചോദ്യം ഇതാണ്: തമിഴ് രാഷ്ട്രീയത്തിൽ വിജയിച്ച സിനിമാ താരങ്ങൾ ഒന്നടങ്കം ജാതി, മത സമവാക്യങ്ങൾ മറികടന്നവരായിരുന്നല്ലോ. കരുണാനിധിയും എം.ജി.ആറും ജയലളിതയും വിജയ് -യും. പരാജിതർ മിക്കവരും ജാതി മുഖ്യ മൂലധനമാക്കി മാറ്റിയവരായിരുന്നു. ഇതാണോ ഇവരുടെ രാഷ്ട്രീയ പരാജയത്തിനു മുഖ്യ കാരണം? ഡി.എം.കെ.യുടെയും എ.ഐ.ഡി.എം.കെ.യുടെയും നെടുങ്കോട്ടകൾ ഭേദിക്കാനും നേതൃത്വങ്ങളെ വെല്ലുവിളിക്കാനും ആജന്മം അവർക്കു കഴിയാതിരുന്നതിന്റെ കാരണമതാണോ? അങ്ങനെയെങ്കിൽ അത് ആഴവും പരപ്പുമുള്ള ഒരു രാഷ്ട്രീയ-സാംസ്‌കാരിക പഠനത്തിനുള്ള സാധ്യത തുറന്നിടുന്നില്ലേ?

പരാജിതനായകർ

ടി.അനീഷ്

ലോഗോസ് ബുക്‌സ്

2026, 220 രൂപ

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - ഷാജി ​ജേക്കബ്

contributor

Similar News