പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് അക്ഷരപ്രേമികള്‍

രാത്രി ഒന്‍പതുവരെ നീളുന്ന പ്രദര്‍ശന സമയത്ത് കലാപരിപാടി ആസ്വദിക്കാനും ദീപാലംകൃതമായ നിയമസഭാ മന്ദിരത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫികള്‍ എടുക്കാനും കുടുംബസമേതം എത്തുന്നവരുടെ തിരക്കും കുറവല്ല.

Update: 2023-11-04 10:12 GMT

രണ്ട് ദിവസം പിന്നിട്ടു കഴിഞ്ഞപ്പോള്‍ത്തന്നെ അനന്തപുരിയിലെ പുസ്തക പ്രേമികള്‍ നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തെ നെഞ്ചോട് ചേര്‍ത്തുകഴിഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന തലമുറയുടെവരെ വന്‍ തിരക്കാണ് മേളയിലെ ഓരോ സ്റ്റോളുകള്‍ക്കു മുന്നിലും ദൃശ്യമാകുന്നത്. ഇതോടൊപ്പം മറ്റ് ജില്ലകളില്‍നിന്നും പുസ്തകങ്ങള്‍ തേടി അനുവാചകര്‍ എത്തിത്തുടങ്ങിയതും മേളയെ കൂടുതല്‍ ജന്രപിയമാക്കിമാറ്റിയിട്ടുണ്ട്. യുവാക്കളുടെ പങ്കാളിത്തം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

നിയമസഭാ അങ്കണത്തില്‍ സജ്ജീകരിച്ച സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ വാങ്ങാനുമായി എത്തുന്ന പുസ്തക പ്രേമികളുടെ കാഴ്ച വായനാലോകത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പുസ്തകോത്സവത്തില്‍ എത്തുന്നവരില്‍ നല്ലൊരു ശതമാനം കുട്ടികളാണ്. വായിച്ചുവളരുന്ന പുതുതലമുറയെ ഇതില്‍ കണ്ടെത്താനാവുന്നു.

Advertising
Advertising

പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത നിറഞ്ഞവയാണ് അറിവിന്റെ മഹോത്സവമായ നിയമസഭാ പുസ്തകോത്സവ വേദികളിലെ ചര്‍ച്ചകളും സംവാദങ്ങളും. കലാ- സാംസ്‌കാരിക - രാഷ്ട്രീയ - സാഹിത്യ രംഗത്തെ പ്രമുഖരെ നേരില്‍ കാണാനും അവരുമായി ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള വേദി എന്ന നിലയിലും പുസ്തകോത്സവം ശ്രദ്ധ നേടിക്കഴിഞ്ഞു. കുഞ്ഞുങ്ങളെ പുസ്തകങ്ങളുമായി അടുപ്പിക്കാനും വായനാലോകത്തിലേക്ക് അവരെ കൈപിടിച്ചു നടത്താനും നിയമസഭാ പുസ്തകോത്സവത്തിലൂടെ ഒരവസരം ലഭിച്ചതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.


സ്റ്റാളുകളില്‍ നിന്ന് സ്റ്റാളുകളിലേക്കും വേദികളിലേക്കും നടന്ന് തളര്‍ന്നവര്‍ക്ക് ക്ഷീണമകറ്റാന്‍ ഭക്ഷണ പാനീയങ്ങളുമായി ഫുഡ്‌കോര്‍ട്ടും സജ്ജമാണ്. പുസ്തകോത്സവം നടക്കുന്ന നിയമസഭാ അങ്കണവും ഫുഡ് കോര്‍ട്ടും പരിസര പ്രദേശവുമൊക്കെ വൃത്തിയായി സൂക്ഷിക്കാന്‍ നിയമസഭാ ജീവനക്കാരോടൊപ്പം സന്ദര്‍ശകരും ശ്രദ്ധിക്കുന്നുണ്ട് എന്നത് പ്രത്യാശ നല്‍കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ അടയാളം കൂടിയായി മാറുകയാണ് നിയമസഭ പുസ്തകോത്സവം. രാത്രി ഒന്‍പതുവരെ നീളുന്ന പ്രദര്‍ശന സമയത്ത് കലാപരിപാടി ആസ്വദിക്കാനും ദീപാലംകൃതമായ നിയമസഭാ മന്ദിരത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫികള്‍ എടുക്കാനും കുടുംബസമേതം എത്തുന്നവരുടെ തിരക്കും കുറവല്ല.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News