പുസ്തകോത്സവത്തിലെ റേഡിയോ വര്‍ത്തമാനങ്ങള്‍

1923 ജൂണ്‍ മാസത്തില്‍ ബോംബെ പ്രസിഡന്‍സി റേഡിയോ ക്ലബ്ബ് ആരംഭിച്ചതു മുതല്‍ ഇന്നത്തെ എഫ്.എം. വരെയുള്ള പ്രക്ഷേപണത്തിലേക്കുള്ള നാള്‍വഴികള്‍ വേദിയില്‍ ചര്‍ച്ചയായി.

Update: 2023-11-05 17:17 GMT

ശബ്ദങ്ങളിലൂടെ മാത്രം പരിചിതരായ പ്രിയപ്പെട്ടവരെ കാണാന്‍ നൂറുകണക്കിനു പേരാണ് നിയമസഭാ പുസ്തകോത്സവത്തിലേക്ക് എത്തിയത്. 'നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്...' (റേഡിയോ പ്രക്ഷേപണത്തിന്റെ 100 വര്‍ഷങ്ങള്‍) എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് തന്നെ രണ്ടാമത്തെ വേദി നിറഞ്ഞു. പ്രമുഖ റേഡിയോ അവതാരകരായ ബാലകൃഷ്ണന്‍ കൊയ്യാല്‍, ഫിറോസ്, നീനു, ജോസഫ് അന്നംകുട്ടി ജോസ്, നീന തുടങ്ങിയവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ശ്രീകുമാര്‍ മുഖത്തല മോഡറേറ്ററായി.

1923 ജൂണ്‍ മാസത്തില്‍ ബോംബെ പ്രസിഡന്‍സി റേഡിയോ ക്ലബ്ബ് ആരംഭിച്ചതു മുതല്‍ ഇന്നത്തെ എഫ്.എം. വരെയുള്ള പ്രക്ഷേപണത്തിലേക്കുള്ള നാള്‍വഴികള്‍ വേദിയില്‍ ചര്‍ച്ചയായി. തങ്ങളുടെ റേഡിയോ അനുഭവങ്ങളും പാനലിസ്റ്റുകള്‍ കാണികളുമായി പങ്കുവച്ചു.

Advertising
Advertising

വര്‍ത്തമാനങ്ങള്‍ മാത്രമല്ല റേഡിയോയിലുള്ളത്. സമൂഹത്തിലെ എല്ലാ മേഖലകളിലെയും ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെ നില്‍ക്കുകയാണ് റേഡിയോ അവതാരകര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ റേഡിയോ പ്രക്ഷേപണം വളരെ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

റേഡിയോ പ്രക്ഷേപണം എന്ന വിഷയം കൈകാര്യം ചെയ്യുന്ന സദസുകള്‍ വളരെ കുറവാണ്. ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ഏത് മാധ്യമങ്ങള്‍ വന്നാലും റേഡിയോയുടെ സ്വീകാര്യത കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ നിലനില്‍ക്കും.


എല്ലാവരിലേക്കും എല്ലാ രീതിയിലും ഇറങ്ങിച്ചെല്ലുന്ന റേഡിയോ എന്ന മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അധിക പരിഗണന നല്‍കുന്നില്ലെന്നത് വളരെ വിഷമമുണ്ടാക്കുന്നതായി പാനലിസ്റ്റുകള്‍ പറഞ്ഞു. ഭാവിയിലെങ്കിലും റേഡിയോ അവതാരകരെ അവാര്‍ഡുകള്‍ക്കായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News