കൺമുന്നിൽ ലിയോ !

കണ്ണൂരിലെ മെസ്സി ആരാധിക സ്പെയിനിലെ അംഗീകൃത ഫുട്ബോൾ ജേണലിസ്റ്റായ കഥ

Update: 2022-09-21 14:24 GMT
Click the Play button to listen to article

കൃത്യമായി പറയാൻ കഴിയില്ലെങ്കിലും 2006 ലാണ് എന്നിലെ ഫുട്ബോൾ ആരാധിക ജനിക്കുന്നതെന്നാണ് ഓർമ. അർജന്റീനയുടെ നീലയും വെള്ളയും വരകളുള്ള പത്തൊമ്പതാം നമ്പർ ജഴ്‌സി അണിഞ്ഞ ആ ചെറുപ്പക്കാരൻ അക്കാലത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായ റൊണാൾഡോ അടങ്ങുന്ന ബ്രസീൽ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് വെല്ലുവിളി ഉയർത്തുമെന്ന് എന്റെ അമ്മാവന്മാരും മുത്തച്ഛനും ആശങ്കപ്പെട്ടു കൊണ്ടിരുന്നു. ലയണൽ മെസ്സി എന്ന പേര് അങ്ങനെയാണ് ഞാൻ മനസ്സിൽ കുറിച്ചിടുന്നത്. കളിക്കളത്തിലൂടെ ഓടുമ്പോൾ മുഖം മറയുന്ന കഴുത്തോളം വരുന്ന മുടിയുള്ള ആ കൗമാരക്കാരന്റെ കഴിവുകളെയും കുറവുകളേയും കുറിച്ച് ഞാൻ ഒരുപാട് കേട്ടു.

അന്ന് മുതൽ എന്നിലെ മെസ്സി ആരാധിക പത്രങ്ങളിലും സ്പോർട്സ് മാസികകളിലും ഹൈലൈറ്റ്സ് വീഡിയോകളിലും മെസ്സിയെന്ന പ്രതിഭയുടെ പകർന്നാട്ടങ്ങൾ ആഘോഷിച്ചു. ഒരു തത്സമയ മത്സരം കാണണമെന്ന എന്റെ അക്ഷമക്ക് പരിഹാരമായി 2010 ഫിഫ വേൾഡ് കപ്പ് നടക്കുന്ന സമയത്ത് എന്റെ ഉപ്പ ഒരു ടെലിവിഷൻ വാങ്ങി. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനലിലെ ജർമനിയോടുള്ള തോൽവി എന്റെ കണ്ണുകളെ ഈറനണിയിച്ചു. ആ പരാജയം എന്നെ ആ ടീമുമായും ആ കളിക്കാരനുമായും കൂടുതൽ അടുപ്പിച്ചു.

പിന്നീടാണ് മെസ്സിയുൾപ്പെടെയുള്ള ഫുട്ബാളർമാർ സംസാരിക്കുന്ന സ്പാനിഷ് ഭാഷ ശ്രദ്ധയിൽപ്പെടുന്നത്. യൂടൂബിലൂടെയും മറ്റുമുള്ള സ്പാനിഷ് പഠിക്കാനുള്ള എന്റെ ശ്രമം വൃഥാവിലായെങ്കിലും എന്റെ ഓട്ടം അവസാനിച്ചത് ഞാൻ ഡൽഹി ജെ.എൻ.യുവിൽ നിന്ന് സ്പാനിഷ് ലാംഗ്വേജ് ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ ഇന്റഗ്രെറ്റഡ് ബി.എ ആൻഡ് എം.എ യും പൂർത്തിയാക്കിയാണ്.



അണമുറിയാത്ത പ്രചോദനം

" എന്ത്?! നിങ്ങൾ പെലെയോടൊപ്പം ഫോട്ടോയെടുത്തിട്ടുണ്ടെന്നോ?!" കഴിഞ്ഞ 32 വർഷത്തിനിടെ എട്ട് ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത ഭാസി മലാപ്പറമ്പിന്റെ വാക്കുകൾ എന്നെ അതിശയിപ്പിച്ചു. 2018 ലെ ലോകകപ്പ് മാത്രമാണ് ഭാര്യയുടെ അസുഖം മൂലം അദ്ദേഹം മിസ്സാക്കിയത്. " അദ്ദേഹം എഴുതിയ കുറിപ്പും എന്റെ കയ്യിലുണ്ട്" - ഭാസി പറഞ്ഞു. ഇന്ത്യയെ വിവിധ അന്താരാഷ്ട്ര വേദികളിൽ പ്രതിനിധീകരിച്ച ഫുട്ബോൾ ജേണലിസ്റ്റായ ആ മഹാപ്രതിഭയുമായുള്ള സംസാരം എനിക്ക് തന്ന ഊർജം ചെറുതല്ല. ഞാൻ അപ്പോൾ ഫൂട്ടി ടൈംസ് എന്ന ഓൺലൈൻ ഫുട്ബാൾ പോർട്ടലിനുവേണ്ടി എഴുതി തുടങ്ങിയതേയുള്ളൂ. മറ്റൊരു ഫിഫ ടൂർണമെന്റിലെ പരാജയവേദനയിൽ ലിയോ ഫുട്ബാളിൽ നിന്നും വിരമിക്കാനൊരുങ്ങുമ്പോഴും ഞാൻ എന്റെ ഫുട്ബോൾ എഴുത്ത് മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. 2019 ലാണ് സ്പെയിനിലെ ആൻഡലൂഷ്യയിലെ ജെറാഴ് ഡി ല ഫ്രോന്റെറയിൽ ലാംഗ്വേജ് ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് ആയി എനിക്ക് ജോലി ലഭിക്കുന്നത്.



ആദ്യമായി മെസിയെ കണ്ട നിമിഷം - 2019

സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് സ്റ്റേഡിയത്തിലേക്ക് ഞങ്ങൾ കടന്നപ്പോൾ കൃത്രിമ വെളിച്ചത്തിൽ തിളങ്ങിയ പച്ചപ്പുൽത്തകിടിയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. പേര് വിളിക്കുമ്പോൾ ഓരോ കളിക്കാരും മൈതാനത്തേക്ക് എത്തുംമ്പോൾ കാണികൾ അവരെ കരഘോഷത്തോടെ വരവേറ്റു കൊണ്ടിരുന്നു. മെസിയെന്ന പേര് സ്റ്റേഡിയത്തിലെ സ്‌പീക്കറുകളിലൂടെ കേട്ടതോടെ കാണികൾ ആവേശത്താൽ ഇളകിമറിഞ്ഞു. എന്റെ ഹൃദയമിടിപ്പുകൾ വേഗത്തിലാകാൻ തുടങ്ങി. മറ്റൊരു ഗ്രഹത്തിൽ നിന്നുമെന്ന പോലെ ലിയോ കാണികളെ അഭിവാദ്യം ചെയ്ത് മൈതാനത്തേക്ക് നടന്നു. ഞാൻ എത്ര ഉച്ചത്തിൽ ഒച്ചയിട്ടാലും കാണികളുടെ ആ സാഗരത്തിൽ അത് ഒന്നുമാകില്ലെന്ന തിരിച്ചറിവ് വ്യാകുലത പ്പെടുത്തിയെങ്കിലും ഞാൻ പിൻവാങ്ങിയില്ല.

മത്സരത്തിലുടനീളം ഞാൻ ആഹ്ലാദത്താൽ തുള്ളിച്ചാടി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. റീപ്ലേകളില്ലാതെ നിങ്ങളത് നേരിട്ട് കാണുകയാണ് എല്ലാ അങ്കിളുകളിൽ നിന്നും കളിക്കാരെ കണ്മുന്നിൽ!. 33 ആം മിനുട്ടിൽ മെസി ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തു. മത്സരം ബാഴ്‌സലോണ 3 - 1 ന് ജയിച്ചു.

ചാമ്പ്യൻസ് ലീഗിലെ ബാഴ്‌സലോണയും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലെ ആ മത്സരം മെസ്സിക്കും ടീമിനും ഏറെ നിർണായകമായിരുന്നു.

ഞാൻ എന്ന മെസി ആരാധിക അംഗീകൃത മാധ്യമപ്രവർത്തകയായി മാറിയ കഥ അടുത്ത ഭാഗത്തിൽ.


(തുടരും)


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ജുഷ്ന ഷഹിൻ

Football Journalist based in Spain

Similar News