‘എല്ലാം ഒരുമിച്ച് ചേര്‍ന്നപ്പോള്‍ മണിച്ചിത്രത്താഴ് സംഭവിച്ചു’; ഫാസില്‍ പറയുന്നു...
സംവിധായകന്‍ ഫാസില്‍ മലയാളികള്‍ക്ക് മണിച്ചിത്രത്താഴ് സമ്മാനിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു. എങ്കിലും, പ്രായഭേദമന്യേ ഇന്നും എല്ലാവരും കണ്ട് ആസ്വദിക്കുന്ന സിനിമയാണത് എന്നതില്‍ രണ്ടഭിപ്രായമില്ല
സംവിധായകന്‍ ഫാസില്‍ മലയാളികള്‍ക്ക് മണിച്ചിത്രത്താഴ് സമ്മാനിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു. എങ്കിലും, പ്രായഭേദമന്യേ ഇന്നും എല്ലാവരും കണ്ട് ആസ്വദിക്കുന്ന സിനിമയാണത് എന്നതില്‍ രണ്ടഭിപ്രായമില്ല. 1993 ഡിസംബര്‍ 23ന് റിലീസ് ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറായ മണിച്ചിത്രത്താഴ് ശോഭന, തിലകന്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ് എന്ന് തുടങ്ങി വന്‍ താര നിരകൊണ്ട് തന്നെ സമ്പന്നമായിരുന്നു. മികച്ച നടിക്കും മികച്ച ജനപ്രിയ ചിത്രത്തിനും ഉള്‍പ്പടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം തിയറ്ററുകളില്‍ വന്‍ ഹിറ്റ് സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് കന്നടയിലേക്ക് അപ്തമിത്രയായും (2004), തമിഴിലും തെലുഗിലും ചന്ദ്രമുഖിയായും (2005), ബോല്‍ ബുലയ്യ ആയി ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്‌തെങ്കിലും ഫാസില്‍ ചെയ്തതിനോട് തുലനം ചെയ്യാന്‍ ഇവയിലൊന്നിനും സാധിച്ചില്ല.
മധു മുട്ടത്തിന്റെ തിരക്കഥയില്‍ അവിസ്മരണീയ മണിച്ചിത്രത്താഴ് ഗംഗയെന്ന കഥാപാത്രത്തിലൂടെയാണ് വികസിക്കുന്നത്. ഭര്‍ത്താവായ നകുലന്റെ (സുരേഷ് ഗോപി) കൂടെ, അയാളുടെ കേരളത്തിലുള്ള മാടമ്പള്ളി എന്ന തറവാട് വീട്ടില്‍ എത്തുന്ന ഗംഗ (ശോഭന), അവിടെ വെച്ച് നാഗവല്ലിയുടെ കഥ കേള്‍ക്കുകയും ആ കഥാപരിസരങ്ങള്‍ അവളില്‍ ആഴ്ന്നു പോവുകയും ചെയ്യുന്നു.
തഞ്ചാവൂരില്‍ നിന്നുള്ള നര്‍ത്തകിയാണ് നാഗവല്ലി. ശങ്കരന്‍ തമ്പി എന്ന പ്രമാണിയുടെ വെപ്പാട്ടിയായി തറവാട്ടിലേക്ക് കൊണ്ടുവരുന്ന നാഗവല്ലി, വീടിന് തൊട്ടടുത്തുള്ള ഒരു നര്‍ത്തകനുമായി പ്രണയത്തിലാവുകയും, ഇതില്‍ കോപാകുലനായ തമ്പി, നാഗവല്ലിയെ കൊലപ്പെടുത്തുകയുമാണ് ചെയ്തത്. നാഗവല്ലിയുടെ ആത്മാവ് മാടമ്പിള്ളി കൊട്ടാരത്തിലെ ഒരു മുറിയില്‍ അടച്ചിടപ്പെട്ടതാണെന്ന അവിടുത്തുകാരുടെ വിശ്വാസം ഗംഗയില്‍ വല്ലാതെ സ്വാധീനം ചെലുത്തുകയും, നര്‍ത്തകിയായ നാഗവല്ലിയുടെ ആത്മാവ് ഗംഗയില്‍ പ്രവേശിക്കുകയും ചെയ്യുന്നു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ നകുലന്‍ തന്റെ സുഹൃത്തും മനശാസ്ത്രജ്ഞനുമായ സണ്ണിയെ (മോഹന്‍ലാല്‍) തറവാട്ടിലേക്ക് വിളിക്കുകയും, ‘ആരും കടന്നു ചെല്ലാത്ത വഴികളിലൂടെ’ സഞ്ചരിച്ച് സണ്ണി ഗംഗയെ പഴയ ജീവതത്തിലേക്ക് തിരിച്ച് കൊണ്ടു വരികയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഫാസിലിന്റെ സംവിധായക പാടവത്തിനു പുറമെ, പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ധീഖ്-ലാല്‍ എന്നിവരുടെ സിനിമയിലെ പങ്കാളിത്തവും, എം.ജി രാധാകൃഷ്ണ്‍-ബിച്ചു തിരുമല കൂട്ടുകെട്ടും മണിച്ചിത്രത്താഴിനെ അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. മണിച്ചിത്രത്താഴിന്റെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞുനോക്കുകയാണ് ഫാസില്‍.
ചാത്തന്‍മാരുടെ കഥ
ഒരു സ്‌ക്രിപ്റ്റിനുവേണ്ട വളരെ അസാധാരണമായൊരു ആശയവുമായി മധു അമ്പാട്ട് വരുന്നതോടു കൂടിയാണ് എല്ലാത്തിന്റെയും തുടക്കം. പണ്ടു കാലത്ത് കേരളത്തിലെ ഉള്‍നാടുകളില്‍ ഉണ്ടായിരുന്ന വിശ്വാസമാണ് ചാത്തന്മാാര്‍ എന്നുള്ളത്. രാത്രികാലങ്ങളില്‍ വീടിനു മുകളിലേക്ക് കല്ലോ മറ്റോ വീണാല്‍ ആളുകള്‍ പറയും അത് ചാത്തന്‍ എറിയുന്നതാണെന്ന്. ചാത്തനേറ് എന്ന പ്രയോഗം തന്നെ അങ്ങനെ ഉണ്ടായതാണ്. ചിലര്‍ ചാത്തന്മാരോട് പ്രാര്‍ഥിക്കാറുണ്ടത്രെ. തങ്ങളുടെ ശത്രുക്കളുടെ വീടിനു നേരെ കല്ലെറിയണേ എന്നാവും പ്രാര്‍ഥന. നാട്ടിന്‍പുറങ്ങളിലെല്ലാം വൈദ്യുതി എത്തിയതോടെ സ്വാഭാവികമായി ഇരുട്ടിനൊപ്പം ചാത്തന്‍ വിശ്വാസത്തിനും അന്ത്യമായി.
ചാത്തനേറിനെ കുറിച്ചൊരു പടം ചെയ്യുന്നതിനെ കുറിച്ച് മധു പറഞ്ഞപ്പോള്‍, ഞാനെന്റെ നീരസം അപ്പോള്‍ തന്നെ അറിയിച്ചു. അനാചാരങ്ങളെ കേന്ദ്രവിഷയമാക്കി ഒരു സിനിമ ചിത്രീകരിക്കുന്നതിനോട് എനിക്ക് തീരെ താത്പര്യമില്ലായിരുന്നു. എന്നാല്‍ ചാത്തനേറ് വെറും ഒരു അന്ധവിശ്വാസത്തിന്റെ മാത്രം കാര്യമല്ലെന്നും, അതിന് മറ്റു ചില പിന്നാമ്പുറങ്ങളുണ്ടെന്നും മധു പറഞ്ഞു. മാനസികസുഖമില്ലാത്ത ആളുകളുടെ പണിയാണ് യഥാര്‍തത്തില്‍ ഈ ചാത്തനേറെന്ന് മധു പറഞ്ഞപ്പോള്‍ അത് എന്നെ ഒന്ന് പിടിച്ചിരുത്തി. ഈ പോയിന്റില്‍ നിന്നും ഐഡിയ വികസിപ്പിക്കാനായി പിന്നെ ഞങ്ങളുടെ ശ്രമം. മൂന്ന് മൂന്നര വര്‍ഷം ഞങ്ങള്‍ ഇതേകുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു. കുറച്ചു മാസം ബ്രേക്ക് എടുക്കും. വീണ്ടും ത്രെഡിലേക്ക് തന്നെ ഞങ്ങള്‍ മടങ്ങും. അങ്ങനെ കഥ പുരോഗമിച്ചു കൊണ്ടിരുന്നു.
ഈ കഥയില്‍ എല്ലാം വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു -പെയിന്റിങ്, സംഗീതം, നൃത്തം എന്ന് തുടങ്ങി ആര്‍ട്ട് മുതല്‍ ഡ്രാമ വരെ, സസ്‌പെന്‍സ് മുതല്‍ കോമഡി വരെ അങ്ങനെയെല്ലാം ഈ ചിത്രത്തിന്റെ ഭാഗമാവണമെന്നുണ്ടായിരുന്നു. കുറേ പേര്‍ ഞങ്ങള ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് നിസ്സാരമായ കഥയല്ലെന്നും മനുഷ്യന്റെ മാനസ്സിക നിലകളെ പറ്റി പറയുന്ന, മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിനെ എല്ലാം പ്രദിപാതിക്കുന്ന വളരെ ഗൗരവമുള്ള ഒരു ടോപിക്. പക്ഷേ, പറയാന്‍ പോകുന്ന കാര്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. മാനസിക രോഗത്തെ കുറിച്ച് സംസാരിക്കണമെന്ന് അപ്പൊഴേക്കും ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. തീര്‍ച്ചയായും ഇത് അസാധാരണമായ ഒരു സബ്ജക്ടാണ്. പക്ഷെ, നമ്മുടെ ദേശത്തെ എല്ലാവര്‍ക്കും പെട്ടെന്ന് ബോധ്യപ്പെടുന്ന, പരിചിതമായ ഒരു സംഗതി കൂടിയാണിത്.
ഗംഗയും നാഗവല്ലിയും
ഗംഗയുടെ കഥാപാത്രത്തെയാണ് ഞങ്ങള്‍ ആദ്യമായി സൃഷ്ടിക്കുന്നത്. മാസസിക തകര്‍ച്ച നേരിട്ട, പേഴ്‌സണാലിറ്റി ഡിസ്ഓര്‍ഡറുള്ള ഒരു കഥാപാത്രമായി ഗംഗയെ പരുവപ്പെടുത്തി. എന്നാല്‍, ഗംഗക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയ, ഗംഗ എന്ന കഥാപാത്രത്തെ പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന ഒരു കഥാപാത്രം കൂടി ഞങ്ങള്‍ക്ക് ആവശ്യമായി വന്നു. അങ്ങനെ നാഗവല്ലിയുടെ കഥ ഉണ്ടായി. നര്‍ത്തകിയായ നാഗവല്ലി, താന്‍ പ്രണയിക്കുന്ന ആളുടെ കൂടെ ജീവിക്കാന്‍ സാധിക്കാതെ പകരം മറ്റൊരു ജീവിതം നയിക്കുകയും, ഒടുവില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. സമാനമായി ഗംഗയുടെ പൂര്‍വ കഥയും രചിച്ചു- ചെറുപ്രായത്തിലേ അച്ഛനും അമ്മയും മുത്തശ്ശിയുടെ അടുത്ത് നിര്‍ത്തി പോയ കുഞ്ഞു ഗംഗ. പരിത്യാഗത്തിന്റെയും, തീവ്രാഭിലാഷത്തിന്റെയും, നഷ്ടപ്പെടലിന്റെയും കഥ ഇരു കഥാപാത്രങ്ങള്‍ക്കും നല്‍കി. നാഗവല്ലിയുടെ ചിത്രവും കഥയും മനസ്സില്‍ പതിഞ്ഞ ഗംഗയ്ക്ക്, നാഗവല്ലിയോട് ഒരു പ്രത്യേക അടുപ്പമുണ്ടാവുകയും, അതിന്റെ അവസാന ഘട്ടം ഗംഗ എന്ന കഥാപാത്രം തന്നെ നാഗവല്ലിയായി മാറുകയും ചെയ്യുന്നു.