‘ദിലീപിനെയും അലന്‍സിയറേയും അവാര്‍ഡിന് പരിഗണിക്കില്ല’ ഉറച്ച നിലപാടുമായി സി.പി.സി

സിനിമയെ സിനിമയായി മാത്രം കാണാന്‍ സാധിക്കില്ല എന്നാണ് സി.പി.സി ഈ നീക്കത്തിന് നല്‍കിയ വിശദീകരണം.

Update: 2019-01-10 07:40 GMT

ലൈംഗിക കുറ്റാരോപണം നേരിടുന്ന നടൻ ദിലീപിനേയും അലൻസിയറിനേയും ഇത്തവണത്തെ സിനി അവാർഡ്‌സിന് പരിഗണിക്കില്ലെന്ന് ഓണ്‍ലൈന്‍ സിനിമ കൂട്ടായ്മ സിനിമാ പാരഡീസൊ ക്ലബ് (സി.പി.സി). മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സി.പി.സിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ചർച്ചകളാണ് സിനിമ കൂട്ടായ്മയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. മൂന്നാമത് സി.പി.സി സിനിമ അവാർഡിനുള്ള ഓണ്‍ലൈന്‍ വോട്ടിം​ഗ് തുടങ്ങിയതിന് പിന്നാലെയാണ് കുറ്റാരോപിതരായ ദിലീപ്, അലൻസിയർ എന്നിവരെ അവാര്‍ഡിന്‍റെ അന്തിമ ലിസ്റ്റിൽനിന്നും നീക്കം ചെയ്തത്. സിനിമയെ സിനിമയായി മാത്രം കാണാന്‍ സാധിക്കില്ല എന്നാണ് സി.പി.സി ഈ നീക്കത്തിന് നല്‍കിയ വിശദീകരണം.

Advertising
Advertising

"നിങ്ങള്‍ എത്ര വലിയവനായാലും നിങ്ങളുടെ തെറ്റുകൾ നിങ്ങളെ തിരിഞ്ഞുകൊത്തിയിരിക്കുമെന്നത് സ്വന്തം അധികാരത്തെയും സ്ഥാനത്തെയും ജനപ്രിയതയുമൊക്കെ ചൂഷണത്തിനായി മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ്. മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പിൽ വന്ന ചർച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത്. ആയതിനാൽ കുറ്റാരോപിതരായ ദിലീപ്, അലൻസിയർ എന്നിവരെ സി.പി.സി സിനി അവാർഡ്‌സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കംചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഇവരുൾപ്പെട്ട സിനിമകൾ തിരഞ്ഞെടുപ്പുകളിൽനിന്നും ഒഴിവാക്കിയിട്ടില്ല. സാമൂഹിക - പാരിസ്ഥിതിക - രാഷ്ട്രീയ നിലപാടുകൾ ഉള്ള സിനിമാ സ്നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മൾ നിലനിന്ന് പോന്നിട്ടുള്ളത്. ആ നിലനിൽപ്പിന് ഇത്തരമൊരു തീരുമാനം കൂടുതൽ ബലമേവുമെന്നും സി.പി.സി യുടെ വളർച്ചയിലും പുരോഗതിയിലും പ്രധാന മാർഗദർശികളായ മാന്യമെമ്പർമാരുടെ പൂർണപിന്തുണയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നെത്" സിനിമാ പാരഡിസൊ ക്ലബ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Tags:    

Similar News