പ്രധാനമന്ത്രി നുണ പറയുന്നു; വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി

Update: 2017-05-02 15:12 GMT
പ്രധാനമന്ത്രി നുണ പറയുന്നു; വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി

നടപ്പാക്കിത്തുടങ്ങിയെന്ന് ജെയ്റ്റ്‍ലി

പ്രധാനമന്ത്രി കള്ളം പറയുന്നത് അവസാനിപ്പിച്ച് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ശരിയായി നടപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്നത് പെന്‍ഷന്‍ വര്‍ദ്ധനവ് മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ നടപടികള്‍ നടന്നു വരികയാണെന്നും ലക്ഷക്കണക്കിനാളുകള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു തുടങ്ങിയെന്നും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രതികരിച്ചു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി എന്നിവര്‍ എ.ഐ.സി.സി ആസ്ഥാനത്തെത്തിയ വിമുക്തഭടന്മാരുമായി കൂടിക്കാഴ്ച നടത്തിയിരന്നു. തങ്ങള്‍ ഉന്നയിക്കുന്നത് പണത്തിന്റെ പ്രശ്നമല്ലെന്നും നീതിയുടെയും അംഗീകാരത്തിന്റെയും പ്രശ്നമാണെന്നും വിമുക്തഭടന്മാര്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്താറുണ്ടെങ്കിലും കര്‍ഷകര്‍ക്കും സൈനികര്‍ക്കും സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല. മറ്റ് ഉദ്യോഗസ്ഥ മേധാവികള്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്നു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയാണെങ്കില്‍ എന്തിനാണ് വിമുക്തഭടന്മാര്‍ കഴിഞ്ഞ 509 ദിവസമായി ജന്ദര്‍ മന്തറില്‍ നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

കോണ്‍ഗ്രസ് ആസ്ഥാനത്തിനു സമീപം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വൈകിച്ചത് മുന്‍ സര്‍ക്കാരാണെന്നും മോദി സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ധനകാര്യ മന്ത്രി അരുണ്ട ജെയ്റ്റിലി പറഞ്ഞു. ഭൂരിഭാഗം പേര്‍ക്കും ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് പരാതിയുള്ളതെന്നും അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

Tags:    

Similar News