സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രത്തിന്റെ ആലോചന

Update: 2017-05-20 04:24 GMT
സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രത്തിന്റെ ആലോചന

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും എതിര്‍പ്പ്

അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച ആരംഭിച്ചു. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

കേരളത്തിന് പുറമെ കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് സഹകരണ ബാങ്കുകള്‍ക്കേര്‍പ്പെടുത്തിയ നിരോധത്തിനെതിരായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന് ശേഷം, ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. ഇതില്‍ ഗുജറാത്തില്‍ ഉയര്‍ന്ന പ്രതിഷേധമാണ് വിഷയത്തില്‍ ഇടപെടാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയത്.

Advertising
Advertising

സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനം കൂടിക്കാഴ്ചയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് ഏത് തരത്തിലുള്ള ഇളവുകളാണ് നല്‍കേണ്ടതെന്ന കാര്യം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ആലോചിച്ച ശേഷമേ ധനമന്ത്രാലയം കൈക്കൊള്ളൂ. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. നബാര്‍ഡിന്റെ കൂടി സഹായത്തോടെ സഹകരണ ബാങ്കുകളില്‍ നോട്ട് കൈമാറാന്‍ പുതിയ പ്രവര്‍ത്തന രീതി കൊണ്ട് വരാനാണ് ആര്‍ബിഐ ആലോചിക്കുന്നത്. എന്നാല്‍ ഏത് തരത്തിലുള്ള പ്രവര്‍ത്തന രീതിക്കാണ് ആര്‍ബിഐ രൂപം നല്‍കുന്നത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

Tags:    

Similar News