തലയോട്ടിയുമേന്തി കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി രാഹുല്‍

Update: 2017-08-12 15:48 GMT
Editor : Sithara
തലയോട്ടിയുമേന്തി കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി രാഹുല്‍

തമിഴ്നാട്ടിലെ രൂക്ഷമായ വരള്‍ച്ചയും കര്‍ഷക ആത്മഹത്യയും ചൂണ്ടിക്കാട്ടി കര്‍ഷകര്‍ നടത്തുന്ന തലയോട്ടി സമരത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ.

പണക്കാരുടെ കടങ്ങള്‍ തിരിച്ചടക്കുന്നതില്‍ ഇളവ് നല്‍കുന്ന പ്രധാനമന്ത്രി നാടിന്‍റെ നട്ടെല്ലായ കര്‍ഷകരോട് വിവേചനം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കടുത്ത വരള്‍ച്ചയിലും കര്‍ഷക പ്രശ്നങ്ങളോടുള്ള ഭരണകൂട അവഗണനക്കെതിരെ തലയോട്ടി സമരം നടത്തുന്ന തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ജന്ദര്‍മന്തറിലെ സമര പന്തലിലെത്തിയാണ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചത്.

Advertising
Advertising

തമിഴ്നാട്ടില്‍ നിന്നുള്ള 170 കര്‍ഷകരാണ് രണ്ടാഴ്ചയായി അര്‍ദ്ധ നഗ്നരായി ജന്ദര്‍മന്തരിലെ റോട്ടിലിരുന്ന് പ്രതിഷേധിക്കുന്നത്. കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരെ അപമാനിക്കുന്നത് അവസാനിപ്പിക്കുക, നദികളെ പരസ്പരം ബന്ധിപ്പിച്ച് വരള്‍ച്ചക്ക് പരിഹാരം കാണുക, കൃഷിനാശത്തിന് നഷ്ടപരിഹാരം തുടങ്ങിയവയാണ് പ്രധാന ആവശ്യം. കേന്ദ്രവുമായി ഇവര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയും സമരം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര പന്തലിലെത്തിയത്.

"വലിയ ഇളവുകളാണ് പ്രധാനമന്ത്രി പണക്കാരുടെ കടങ്ങള്‍ തിരിച്ചടക്കാന്‍ നല്‍കുന്നത്. എന്തുകൊണ്ടാണ് കര്‍ഷകരുടെ കാര്യത്തില്‍ അവഗണന തുടരുന്നത്? കര്‍ഷകര്‍ക്കായി പ്രശ്ന പരിഹാര നടപടികള്‍ സ്വീകരിക്കാതിരിക്കുകയും കര്‍ഷകരുടെ ആവശ്യങ്ങളെ നിരസിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം തനിക്ക് മനസിലാക്കാനാകുന്നില്ല"- രാഹുല്‍ പറഞ്ഞു.

കാവേരി നദിയുടെ സമീപ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തിരിച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരം തുടരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഗ്രാമത്തില്‍ ആത്മഹത്യ ചെയ്ത നാല്‍പതോളം കര്‍ഷകരില്‍ ചിലരുടെ കുഴിമാടത്തില്‍ നിന്ന് മാന്തിയെടുത്ത തലയോട്ടികള്‍ കയറില്‍ കോര്‍ത്ത് കഴുത്തിലണിഞ്ഞും പ്രതിഷേധ സൂചകമായി പാമ്പ്, എലി എന്നിവയെ ഭക്ഷിച്ചുമാണ് സമരം തുടരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News