ഇന്ത്യ - വെസ്റ്റിന്‍ഡീസ് മത്സരത്തെച്ചൊല്ലി തര്‍ക്കം; ശ്രീനഗര്‍ എന്‍ഐടി അടച്ചിട്ടു

Update: 2017-10-29 08:21 GMT
Editor : admin
ഇന്ത്യ - വെസ്റ്റിന്‍ഡീസ് മത്സരത്തെച്ചൊല്ലി തര്‍ക്കം; ശ്രീനഗര്‍ എന്‍ഐടി അടച്ചിട്ടു

 ഇന്ത്യയുടെ പരാജയത്തെ തുടര്‍ന്ന് തദ്ദേശീയരായ വിദ്യാര്‍ഥികളില്‍ ചിലര്‍ പടക്കം പൊട്ടിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചതെന്നാണ് ആരോപണം

ട്വന്‍റി20 ലോകകപ്പ് സെമിയില്‍ വെസ്റ്റിന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷം. ശ്രീനഗറിലെ എന്‍ഐടി അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്ത്യയുടെ പരാജയത്തെ തുടര്‍ന്ന് തദ്ദേശീയരായ വിദ്യാര്‍ഥികളില്‍ ചിലര്‍ പടക്കം പൊട്ടിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചതെന്നാണ് ആരോപണം. എന്നാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റ് സംസ്ഥാനക്കാരായ വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെന്നാണ് തദ്ദേശീയരായ വിദ്യാര്‍ഥികള്‍ പറയുന്നത്.

Advertising
Advertising

വെള്ളിയാഴ്ച പ്രാര്‍ഥനക്കു ശേഷം തങ്ങള്‍ തിരികെ വരുമ്പോള്‍ ഭാരത് മാതാ കി ജെയ് എന്നു വിളിച്ചെത്തിയ ഏതാനും വിദ്യാര്‍ഥികള്‍ തങ്ങളെ വളയുകയായിരുന്നുവെന്നും ഇവര്‍ തങ്ങളെ അക്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചതെന്നും കശ്മീര്‍ സ്വദേശിയായ ഒരു വിദ്യാര്‍ഥി പറഞ്ഞു.

ഇന്ത്യ പരാജയപ്പെട്ട ശേഷം തദ്ദേശീയരായ ചിലര്‍ പടക്കം പൊട്ടിക്കുകയായിരുന്നുവെന്ന് അന്യ സംസ്ഥാനത്തു നിന്നുള്ള ഒരു വിദ്യാര്‍ഥിയെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മത്സരം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്ന അന്യസംസ്ഥാനക്കാരായ വിദ്യാര്‍ഥികളെ ഇവര്‍ മര്‍ദ്ദിച്ചെന്നും വെള്ളിയാഴ്ച പോലും ഒരു സംഘം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ഒത്തുകൂടി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായും ഈ വിദ്യാര്‍ഥി കുറ്റപ്പെടുത്തി.

ക്രിക്കറ്റ് മത്സരത്തെച്ചൊല്ലി രണ്ട് വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി ശ്രീനഗര്‍ എന്‍ഐടി റജിസ്ട്രാര്‍ ഫയാസ് അഹമ്മദ് മിര്‍ സ്ഥിരീകരിച്ചു. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News