ഡല്‍ഹിയോടുള്ള കേന്ദ്രത്തിന്റെ ബന്ധം പാകിസ്താനോടെന്ന പോലെ: കെജ്‍രിവാള്‍

Update: 2017-12-15 12:20 GMT
Editor : Sithara
ഡല്‍ഹിയോടുള്ള കേന്ദ്രത്തിന്റെ ബന്ധം പാകിസ്താനോടെന്ന പോലെ: കെജ്‍രിവാള്‍

നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ മാതൃകയിലുള്ള അരവിന്ദ് കെജ്‍രിവാളിന്റെ സംവാദ പരിപാടി ടോക്ക് ടു എകെ തുടങ്ങി.

നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ മാതൃകയിലുള്ള അരവിന്ദ് കെജ്‍രിവാളിന്റെ സംവാദ പരിപാടി ടോക്ക് ടു എകെ തുടങ്ങി. കെജ്‍രിവാളിനോട് സംസാരിക്കാന്‍ ജനങ്ങള്‍ മത്സരിച്ചപ്പോള്‍ ടെലിഫോണ്‍ ലൈനുകള്‍ തടസ്സപ്പെട്ടു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും സംവാദ പരിപാടി രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.

പ്രധാനമന്ത്രി മോദി താങ്കളെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറയുന്നു. അതേസമയം തന്നെ താങ്കളുടെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുണ്ടല്ലോ എന്ന ആദ്യ ചോദ്യത്തിന് കെജ്‍രിവാളിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഡല്‍ഹി സര്‍ക്കാരുമായുള്ള ബന്ധം, കേന്ദ്രം ഇന്ത്യ-പാക് ബന്ധം പോലെ ആക്കിയില്ലായിരുന്നെങ്കില്‍ ഇതിന്റെ നാല് മടങ്ങ് നേട്ടം ഡല്‍ഹി സര്‍ക്കാര്‍ കൈവരിച്ചേനെ. ഡല്‍ഹി സര്‍ക്കാരിനെ തളര്‍ത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ കെജ്‍രിവാള്‍ എടുത്തുപറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തര, നിയമ, റവന്യൂ വകുപ്പുകള്‍ മോദി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുകയാണ്. സിബിഐയെ നിയന്ത്രിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണെന്നാണ് കേള്‍ക്കുന്നതെന്നും കെജ്‍രിവാള്‍ പരിഹസിച്ചു.

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവിട്ടില്ലേ എന്ന ചോദ്യം പല തവണ ഉയര്‍ന്നപ്പോള്‍ 536 കോടി ചെലവിട്ടു എന്നത് കള്ളപ്രചരണമാണെന്ന് കെജ്‍രിവാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരസ്യത്തിനായി 75 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News