മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

Update: 2018-03-20 10:36 GMT
മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
Advertising

മേഘാലയയില്‍ മുന്‍കാലങ്ങളിലേത് പോലെ ഇത്തവണയും സ്വതന്ത്രന്മാര്‍ ഭരണം നിശ്ചയിക്കും...

ശക്തമായ ഭരണവിരുദ്ധ വികാരത്തിനിടയിലും മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്‍പിപിയാണ് രണ്ടാമതെത്തിയത്. ഗോത്രപാര്‍ട്ടികളും സ്വതന്ത്രന്‍മാരും ഇത്തവണയും നിര്‍ണായകശക്തികളായി മാറിയ മേഘാലയയില്‍, ഇവരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമാക്കിയിട്ടുണ്ട്.

2003 മുതല്‍ തിരഞ്ഞെടുപ്പ് രംഗത്ത് മേഘാലയയില്‍ നിലനില്‍ക്കുന്ന അതേ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നുവെന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നു. നിലവിലെ 29 സീറ്റില്‍ പലതും ഇക്കുറി നഷ്ടപ്പെട്ടെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മുന്‍ കോണ്‍ഗ്രസ് നേതാവ് പിഎ സാങ്മ രൂപീകരിച്ച എന്‍പിപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി. ആറിടത്ത് ബിജെപിയും പതിമൂന്നിടത്ത് ഗോത്രപാര്‍ട്ടികളും സ്വതന്ത്രന്‍മാരുമാണ് നേട്ടമുണ്ടാക്കിയത്. മുന്‍കാലങ്ങളിലേത് പോലെ സ്വതന്ത്രരും ഗോത്രപാര്‍ട്ടികളും ഇത്തവണയും നിര്‍ണായക ശക്തികളായി മാറി. 38 ശതമാനത്തോളം വോട്ടാണ് ഗോത്രപാര്‍ട്ടികളും സ്വതന്ത്രന്‍മാരും നേടിയത്.

ആറ് ശതമാനത്തോളം വോട്ട് ഇത്തവണ കോണ്‍ഗ്രസിന് കുറഞ്ഞപ്പോള്‍ 12 ശതമാനത്തോളം വോട്ട് വിഹിതം എന്‍പിപിക്കും 8 ശതമാനത്തോളം വോട്ട് വിഹിതം ബിജെപിക്കും അധികം ലഭിച്ചു. ഭരണവിരുദ്ധവികാരത്തെ തുടര്‍ന്നുള്ള വോട്ടുകള്‍ എന്‍പിപി, ബിജെപി, യുഡിപി, എച്ച്എസ്പിഡിപി തുടങ്ങിയ ഗോത്രപാര്‍ട്ടികള്‍ക്കും വീതിച്ച് പോയതാണ് കോണ്‍ഗ്രസിന് ഗുണമായത്. കഴിഞ്ഞ തവണത്തെപോലെ സ്വതന്ത്രന്‍മാരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചേക്കും.

അതേസമയം ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമായ എന്‍പിപിയേയും ഗോത്രപാര്‍ട്ടികളേയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ബിജെപിയും തുടക്കമിട്ടു. രണ്ട് മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി മുകുള്‍ സാങ്മ രണ്ടിടത്തും വിജയിച്ചു. അതേസമയം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഉപമുഖ്യമന്ത്രിയായിരുന്ന ജെ എ ലിങ്ദോ നോര്‍ത്ത് ഷില്ലോങ് മണ്ഡലത്തില്‍ പിന്നിലായി. മുന്‍ കേന്ദ്രമന്ത്രിയും പി എ സാങ്മയുടെ മകളുമായ അഗാത്ത സാങ്മയും വിജയിച്ചവരില്‍ ഉള്‍പ്പെടും.

Tags:    

Similar News