നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ വിശാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു

Update: 2018-04-14 01:26 GMT
Editor : Subin
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ വിശാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു
Advertising

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വിശാലിന്റെ പത്രിക തള്ളിയതായി വരണാധികാരി, ഔദ്യോഗികമായി അറിയിച്ചത്...

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിയ്ക്കുമെന്ന് നടന്‍ വിശാല്‍. രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തയക്കും. പത്രിക പിന്‍വലിയ്ക്കാനുള്ള സമയം നാളെ അവസാനിയ്ക്കും.

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വിശാലിന്റെ പത്രിക തള്ളിയതായി വരണാധികാരി, ഔദ്യോഗികമായി അറിയിച്ചത്. ആകെ 145 പത്രികകള്‍ ലഭിച്ചതില്‍ 72 പത്രികകള്‍ കമ്മീഷന്‍ സ്വീകരിച്ചു. പത്രിക തള്ളിയതിനെതിരെ തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്ന് വിശാല്‍ അറിയിച്ചു.

നേരത്തെ പരിഗണിച്ച് മാറ്റിവച്ച വിശാലിന്റെ പത്രിക, വൈകിട്ട് അഞ്ചുമണിയോടെ തള്ളിയിരുന്നു. പിന്തുണച്ച് ഒപ്പിട്ടതില്‍ രണ്ടുപേരുടെ കയ്യൊപ്പുകള്‍ വ്യാജമാണെന്ന് കാണിച്ചായിരുന്നു നടപടി. ഇതിനെതിരെ റോഡ് ഉപരോധിച്ച വിശാലിനെയും സുഹൃത്തുക്കളെയും പൊലിസ് ബലം പ്രയോഗിച്ച് നീക്കി. പിന്നീട്, ഒപ്പിട്ട രണ്ടുപേരെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് കയ്യൊപ്പ് വ്യാജമാണെന്ന് കത്തുനല്‍കിയതെന്ന് തെളിയിക്കുന്ന ഓഡിയോ ക്‌ളിപ്പ് വിശാല്‍ ഹാജരാക്കി. തുടര്‍ന്ന് എട്ടരയോടെ, പത്രിക സ്വീകരിച്ചുവെന്ന് വിശാല്‍ അറിയിച്ചു.

എന്നാല്‍, വിശാല്‍ നല്‍കിയ തെളിവുകള്‍ അംഗീകരിക്കാന്‍ സാധിയ്ക്കില്ലെന്ന് കാണിച്ച് പത്രിക തള്ളുകയായിരുന്നു. സര്‍ക്കാറിന് അനുകൂലമായി പ്രവര്‍ത്തിയ്ക്കുന്ന വരണാധികാരിയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News