സഹാറയില്‍നിന്നും ബിര്‍ളയില്‍ നിന്നും മോദി പണം കൈപ്പറ്റിയതായി രാഹുല്‍ഗാന്ധി

Update: 2018-04-25 19:09 GMT
Editor : Ubaid
സഹാറയില്‍നിന്നും ബിര്‍ളയില്‍ നിന്നും മോദി പണം കൈപ്പറ്റിയതായി രാഹുല്‍ഗാന്ധി

ആറ് മാസത്തിനിടെ 9 തവണയാണ് പണം കൈപ്പറ്റിയതെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രാഹുല്‍ പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍. സഹാറയില്‍നിന്നും ബിര്‍ളയില്‍ നിന്നും മോദി പണം കൈപ്പറ്റിയതായും ആറ് മാസത്തിനിടെ 9 തവണയാണ് പണം കൈപ്പറ്റിയതെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രാഹുല്‍ പറഞ്ഞു.

മെഹ്സാനയില്‍ സംഘടിപ്പിച്ച നവസര്‍ജന്‍ റാലിയിലായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ പരിപാടികള്‍ക്ക് എതിരായുള്ള രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലുമെത്തിയത്. നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്തത്.

Advertising
Advertising

ധനികരെ കൂടുതല്‍ ധനികരാക്കുകയാണ് മോദി. രാജ്യത്തെ കള്ളപ്പണക്കാരെ കണ്ടെത്തുന്നതിന് പകരം ദരിദ്രരെ ആക്രമിക്കുന്നു. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ കൊള്ളയടിക്കുന്നു. എല്ലാ പണവും കള്ളപ്പണമല്ലെന്നും എല്ലാ കള്ളപ്പണവും പണ രൂപത്തിലല്ലെന്നും രാഹുല്‍ പറഞ്ഞു. ആറ് ശമാനം മാത്രമാണ് കള്ളപ്പണമായുള്ളത്. അത്തരം നിക്ഷേപങ്ങള്‍ കൂടുതലും രാജ്യത്തിന് പുറത്തുമാണ്. സ്വിസ് ബാങ്കില്‍ അക്കൌണ്ടുള്ളവരുടെ പേരുകള്‍ പുറത്ത് വിടാത്തതും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതും എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.

കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെയുള്ള രാഹുലിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് രാഹുല്‍ ചെയ്തത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News