ഗുജറാത്തില്‍ ബിജെപിക്ക് എന്തുകൊണ്ട് പ്രകടന പത്രികയില്ല? നേതാക്കള്‍ക്ക് ഉത്തരമില്ല

Update: 2018-04-30 18:58 GMT
Editor : Sithara
ഗുജറാത്തില്‍ ബിജെപിക്ക് എന്തുകൊണ്ട് പ്രകടന പത്രികയില്ല? നേതാക്കള്‍ക്ക് ഉത്തരമില്ല

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ബിജെപിക്ക് പ്രകടന പത്രികയില്ല.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ബിജെപിക്ക് പ്രകടന പത്രികയില്ല. എന്തുകൊണ്ട് പ്രകടന പത്രിക ഇറക്കിയില്ല എന്ന ചോദ്യത്തിന് നേതാക്കള്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ വാഗ്ദാനങ്ങളൊന്നുമില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

എന്തുകൊണ്ട് പ്രകടന പത്രിക പുറത്തിറക്കിയില്ല എന്ന ചോദ്യത്തിന് അതൊക്കെ വരും എന്നായിരുന്നു ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്‍റെ മറുപടി. അതേസമയം മണിശങ്കര്‍ മോദിയെ നീചനെന്ന് വിളിച്ച സാഹചര്യത്തില്‍ ആ പരാമര്‍ശം വോട്ടാക്കി മാറ്റുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന വിലയിരുത്തലുണ്ട്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഈ വിവാദ വിഷയം സജീവമായി നിലനിര്‍ത്തി രാഷ്ട്രീയമായി മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു.

Advertising
Advertising

എന്നാല്‍ ബിജെപി ജനങ്ങളെ മാനിക്കുന്നില്ലെന്ന് പ്രകടന പത്രിക പുറത്തിറക്കാത്തതിലൂടെ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഗുജറാത്തിന്‍റെ ഭാവി സംബന്ധിച്ച് ബിജെപിക്ക് ഒരു കാഴ്ചപ്പാടുമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നിര്‍ത്താതെ സംസാരിക്കുക എന്നത് മാത്രമാണ് ബിജെപിയുടെ പ്രകടന പത്രികയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പരിഹസിച്ചു.

കോണ്‍ഗ്രസ് ഇതിനകം പ്രകട പത്രിക പുറത്തിറക്കിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നതാണ് പ്രധാന വാഗ്ദാനം. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കും. സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ വ്യവസ്ഥ അവസാനിപ്പിച്ച് കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും. പട്ടേല്‍ വിഭാഗക്കാര്‍ക്ക് പഠനത്തിലും ജോലിയിലും തുല്യാവകാശം നല്‍കും എന്നെല്ലാമാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News